എതിർവായ്‌ക്കും വിയോജിപ്പുകൾക്കും വിലങ്ങിട്ട അടിയന്തരാവസ്ഥയ്‌ക്കിടെ ഓർക്കാപ്പുറത്ത് ഇന്ദിരാഗാന്ധി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ, വെറും അഞ്ചു നാൾക്കകം രൂപംകൊണ്ടതാണ് പ്രതിപക്ഷ മഹാസഖ്യമായ ജനതാപാർട്ടി. അധികാരമോഹം തീണ്ടാത്ത ജയപ്രകാശ് നാരായണന്റെ മുഖ്യകാർമികത്വത്തിലായിരുന്നു രാജ്യത്തിന് തികച്ചും അപരിചിതമായിരുന്ന ആ രാഷ്ട്രീയ കൂട്ടായ്‌മ. കോൺഗ്രസിനെ തറപറ്റിക്കുകയെന്ന ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ വിവിധ പാർട്ടികളിലെ നേതാക്കൾക്ക്. അധികാരമോഹത്തിന്റെ കൊമ്പും തുമ്പിക്കൈയുമൊക്കെ വളരാനുള്ള സാവകാശം ആർക്കും ലഭിച്ചിരുന്നില്ല.
സമയത്തിന്റെ സമ്മർദ്ദം കൂടി ആവശ്യമാണ്, അധികാരമോഹങ്ങൾക്ക് കടിഞ്ഞാണിടാൻ. ഇത്തവണ വളരെ നേരത്തേ ആയിപ്പോയി, പ്രതിപക്ഷകക്ഷികൾ ഒന്നിക്കണമെന്ന ആശയത്തിന്റെ പിറവി. ഗോസംരക്ഷകരുടെ രൂപത്തിൽ ഫാസിസത്തിന്റെ വിഷവിത്തുകൾ പൊട്ടിമുളയ്‌ക്കാനും തളിർക്കാനും തുടങ്ങിയപ്പോൾ തോന്നിയ ഒരു ഉൾവിളിയായിരുന്നു ഐക്യമോഹത്തിന്റെ അടിത്തറ. പക്ഷേ, സമയത്തിന്റെ ധാരാളിത്തത്തിൽ പ്രാദേശിക സുൽത്താന്മാരുടെ സ്വപ്നങ്ങൾ ഡൽഹി സിംഹാസനത്തോളം വളർന്നപ്പോൾ സഫലമായ ഒരു രാഷ്ട്രീയബദൽ ചാപിള്ളയായി. അതിന്റെ ഒരു പ്രതീകമാണ് 40 ലോക്‌സഭാ സീറ്റുള്ള ബീഹാർ.
പ്രതിപക്ഷ ഐക്യനിര ആവശ്യമാണെന്നും അതിന് രാഹുൽഗാന്ധി ഒരു രൂപരേഖ തയ്യാറാക്കണമെന്നും ഐക്യ ജനതാദൾ നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ 2017 ഫെബ്രുവരിയിൽ ആഹ്വാനം ചെയ്‌തത് പരസ്യമായാണ്. രാഹുൽ കൂടി പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു ആഹ്വാനം. പക്ഷേ, രാഹുൽ ആ ആഹ്വാനത്തിൽ താത്‌പര്യം കാണിച്ചില്ല! നിതീഷിന് പ്രധാനമന്ത്രി മോഹമുണ്ടെന്ന സന്ദേഹമായിരുന്നുവത്രേ കാരണം. ബീഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായും കോൺഗ്രസുമായും അപ്പോൾ സഖ്യത്തിലായിരുന്ന നിതീഷ് മാസങ്ങൾക്കകം ബി.ജെ.പിയുടെ രാഷ്ട്രീയക്കൂടാരത്തിൽ ചേക്കേറി! 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വേളയിൽ വിളിച്ചുപറഞ്ഞ അധിക്ഷേപങ്ങളൊക്കെ വിഴുങ്ങി സുശീൽകുമാർ മോഡി ഉപമുഖ്യമന്ത്രിയായി ബീഹാറിൽ പുതിയ കൂട്ടുകക്ഷി സർക്കാർ രൂപംകൊള്ളുകയുമുണ്ടായി. ഐക്യദളും ബി.ജെ.പിയും ദളിത് നേതാവ് രാംവിലാസ് പാസ്വാന്റെ ലോക്‌ജനശക്തി പാർട്ടിയും ചേർന്ന സഖ്യമാണ് (എൻ.ഡി.എ) ഇത്തവണ ഒരുവശത്ത്. മറുവശത്ത് ലാലുവിന്റെ ആർ.ജെ.ഡിയും കോൺഗ്രസും ചേർന്ന സഖ്യത്തിൽ നാല് ചെറുകക്ഷികൾ വേറെയുമുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗം ബീഹാറിലെ പിന്നാക്കവിഭാഗക്കാരെ രണ്ടു തട്ടിലാക്കിയതിനാൽ ബി.ജെ.പിക്കു ലഭിച്ചത് 22 സീറ്റാണ്. ഐക്യദളിന് രണ്ടു സീറ്റേ ലഭിച്ചുള്ളൂ.സ്ഥിതി വ്യത്യസ്‌തമാണ് ഇപ്പോൾ. മോദി തരംഗമൊന്നും ഇപ്പോഴില്ല. ഫലമോ, 17 സീറ്റുകൊണ്ട് ബി.ജെ.പിക്ക് തൃപ്‌തിപ്പെടേണ്ടിവന്നു. 17 സീറ്റ് ഐക്യദളിനു നൽകി. ബി.ജെ.പിയുടെ അഞ്ച് സിറ്റിംഗ് എം.പിമാർ 'നിക്കണോ പോണോ' എന്ന അവസ്ഥയിലുമായി. മണ്ഡലം മാറേണ്ടി വന്നതിലുമുണ്ട് പല നേതാക്കൾക്കും അതൃപ്തി.
ഡൽഹി സിംഹാസനം സ്വപ്‌നം കാണുന്നതിനാലാവാം, നിതീഷ് ഒരു സാമൂഹികപരിഷ്‌കർത്താവിന്റെ പ്രച്ഛന്നവേഷം കൂടി അണിയാൻ മുതിർന്നു. മദ്യനിരോധനമായിരുന്നു ഒരു പാർശ്വഫലം. ആയിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്നു മാത്രമല്ല, നിരോധനം ലംഘിച്ചതിന് 1.61 ലക്ഷം പേർ ജയിലിലുമായി. ജയിലിലായവരിൽ ബഹുഭൂരിപക്ഷവും ദരിദ്രരായ പിന്നാക്കക്കാരും ദളിതരുമാണ്. നിതീഷിന്റെ പാർട്ടിയെ പിന്തുണച്ചിരുന്ന വിഭാഗങ്ങളിൽ നിന്നുള്ള അവരുടെ കുടുംബങ്ങൾ പട്ടിണിയിലായി.
മഹത്തായ കർമ്മപദ്ധതികളോ പ്രവർത്തനമികവോ ഒന്നും വേണമെന്നില്ല, തിരഞ്ഞെടുപ്പിന്റെ ഗോദയിൽ പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ നേരിടാൻ. ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെട്ട പ്രതിപക്ഷസഖ്യത്തിന്റെ ശക്തിക്ക് ആധാരം ബി.ജെ.പി സഖ്യത്തിന്റെ ദൗർബല്യങ്ങളാണ്. ലാലുവിന്റെ മകൻ തേജസ്വി യാദവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷസഖ്യം. ഒമ്പതാം ക്ളാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച തേജസ്വി പഠിക്കാൻ പണ്ടേ മോശം. കാലിത്തീറ്റകേസിൽ കുടുങ്ങി പിതാവ് ജയിലിലായിട്ടും അദ്ദേഹം ഒരു പാഠവും പഠിച്ചില്ല. ഉപമുഖ്യമന്ത്രിയായിരുന്ന വേളയിൽ അദ്ദേഹവും കുടുങ്ങി ഒരു അഴിമതിക്കേസിൽ. പ്രവർത്തന മികവ് നോക്കിയാൽ തേജസ്വി നേതൃത്വം നൽകുന്ന പ്രതിപക്ഷസഖ്യം ഏറെ ദുർബലമാകേണ്ടതാണ്. എന്നാൽ, അധികാരമോഹങ്ങളുടെ പരീക്ഷണശാലയായ ബീഹാറിൽ കഥാഗതി മാറ്റാൻ ഒരു അഴിമതിക്കേസ് പോരാ. ജാതിക്കും മതത്തിനും ഫ്യൂഡൽ നേതാക്കൾക്കുമൊക്കെയുണ്ട്, വിധിയെഴുത്തിൽ തനതായ റോളുകൾ.
എപ്പോൾ, എങ്ങോട്ടു പോകുമെന്ന് പ്രവചിക്കാനാവാത്ത രണ്ട് രാഷ്ട്രീയകഥാപാത്രങ്ങളെ ഈ പശ്ചത്തലത്തിൽ വേണം പരിചയപ്പെടാൻ. 2014-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് മുഖ്യമന്ത്രി പദമൊഴിഞ്ഞപ്പോൾ പകരക്കാരനായി ആ സ്ഥാനമേറ്റ ദളിത് നേതാവ് കൂടിയായ ജിതൻ മാൻജിയാണ് ഒരു കഥാപാത്രം. ധാർമ്മികതയുടെ ലഹരി കെട്ടടങ്ങിയപ്പോൾ നിതീഷ് അദ്ദേഹത്തെ പുറത്താക്കി വീണ്ടും മുഖ്യമന്ത്രിയായി. 'ഹിന്ദുസ്ഥാനി അവാം മോർച്ച' എന്ന പുതിയ പാർട്ടി രൂപീകരിച്ച മാൻജി ഇപ്പോൾ പ്രതിപക്ഷത്താണ്. ഉപേന്ദ്ര കുശ്‌വാഹയാണ് രണ്ടാമത്തെ കഥാപാത്രം. ക്ഷത്രിയരാണെന്ന് കരുതുന്ന കുശ്‌വാഹ വിഭാഗം ജനസംഖ്യയിൽ ആറു ശതമാനം വരും. കൂറുമാറ്റം ഒരു പാപമായി കാണാത്ത ഉപേന്ദ്രയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടിയും, ആറു തമാനം വരുന്ന നിഷാദ് വിഭാഗത്തിന്റെ നേതാവ് മുകേഷ് സഹാനിയും പ്രതിപക്ഷ സഖ്യത്തിലാണ്. എന്നാൽ, കുശ്‌വാഹ സമുദായത്തിലെ ചില നേതാക്കളും മാൻജിയുടെ അനുയായികളായ ചില പ്രമുഖരും ബി.ജെ.പിയുടെ പാളയത്തിലേക്ക് മാറിയിട്ടുണ്ട്.
മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ ബീഹാറിലും കോൺഗ്രസിന് തലയെടുപ്പുള്ള ഒരു നേതാവുമില്ല. എങ്കിലും, 14 ശതമാനം വരുന്ന മുസ്ളിം വോട്ടുകൾ ആകർഷിക്കുന്നതിൽ കോൺഗ്രസിന്റെ റോൾ നിർണായകമായിരിക്കും.
രാഷ്ട്രീയത്തിന്റെ നാനാർത്ഥങ്ങളിൽ ഏത് ഉപയോഗിച്ച് ഗ്രഹിക്കാൻ ശ്രമിച്ചാലും ബീഹാറിലെ ജനവിധി പ്രവചിക്കാനാവില്ല. എന്നാൽ, മൂന്നുവർഷത്തോളം മുമ്പ് പ്രതിപക്ഷം ആഗ്രഹിച്ചതുപോലെ ഐക്യദളും ആർ.ജെ.ഡിയും കോൺഗ്രസും ഒരുമിച്ചു നിന്നിരുന്നെങ്കിൽ ജനവിധി അടിമുടി മാറിപ്പോകുമായിരുന്നു.