election-

തമിഴ്നാട് തേനി പെരിയാകുളം ജംഗ്ഷനിൽ ഗാന്ധി പ്രതിമക്കടുത്ത് നിന്ന് തിരഞ്ഞെടുപ്പ് പ്രസംഗം കേൾക്കുന്നവർ

ഫോട്ടോ: ശ്രീകുമാർ ആലപ്ര

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയിൽ ഏപ്രിൽ ഏഴിനാണ് ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷന്റെ പേര് പുരുട്ചി തലൈവർ എം.ജി.രാമചന്ദ്രൻ സെൻട്രൽ റെയിൽവെ സ്റ്റേഷൻ എന്ന് മാറ്റി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എം.ജി.ആറിന്റെ പേര് നൽകിയതുപോലും വോട്ടിൽ കണ്ണുവച്ചുകൊണ്ടാണെന്ന മുറുമുറുപ്പ് ഉയർന്നെങ്കിലും അത് പരസ്യമായ ആരോപണമായില്ല. അതാണവിടത്തെ രാഷ്ട്രീയം. ഇക്കാലത്തിനിടയിൽ തമിഴ്‌ മനം കുറെയൊക്ക മാറിയെങ്കിലും ഇപ്പോഴും ഭൂരിഭാഗം പ്രദേശത്തും തമിഴ്നാട് പഴയ തമിഴ്നാട് തന്നെയാണ്. പക്ഷെ, ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി മാറുമെന്നുറപ്പാണ്. ഡി.എം.കെ- കോൺഗ്രസ്, അണ്ണാ ഡി.എം.കെ -ബി.ജെ.പി മുന്നണികൾക്കപ്പുറത്തേക്ക് എത്ര ശതമാനം വോട്ട് പോകും എന്നതിനെ ആശ്രയിച്ചിരിക്കും രാഷ്ട്രീയ സമവാക്യത്തിന്റെ മാറ്റം.

അഞ്ച് പതിറ്റാണ്ടുവരെ തമിഴ്‌നാട് തേർതൽ (തിരഞ്ഞെടുപ്പ് )​ പോരാട്ടത്തെ നയിച്ചിരുന്ന എം. കരുണാനിധിയും ജയലളിതയും ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണിത്. രണ്ടു പേരുടേയും ചിത്രങ്ങൾ വച്ച് പ്രചാരണം കൊഴുപ്പിക്കുന്നത് മൂന്നു പാർട്ടികളാണ്. കരുണാനിധിയുടെ ചിത്രം ഡി.എം.കെക്കാർ മാത്രമെ ഉപയോഗിക്കുന്നുള്ളൂ. എന്നാൽ പുരുട്ചി തലൈവിയുടെ ചിത്രം അണ്ണാ ഡി.എം.കെക്കാർ മാത്രമല്ല ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകവും ഉപയോഗിക്കുന്നു. അവരുടെ കൊടിയിൽപ്പോലും അമ്മയുണ്ട്. ഈ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നതും ദിനകരന്റെ പാർട്ടിയെയാണ്. ജയലളിതയുടെ വേർപാടിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ രൂപീകരണത്തിനിടയാക്കിയത്. എം.എൽ.എമാർ അയോഗ്യരാക്കപ്പെട്ട 18 നിയമസഭാ മണ്‌ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കുകയാണ്. ഈ പതിനെട്ടിലും പൊട്ടിയാൽ എടപ്പാടി സർക്കാർ നിലംപൊത്തും.

പോണ്ടിച്ചേരി ഉൾപ്പെടെ 39 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. എല്ലായിടത്തും ദിനകരൻ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുമുണ്ട്. ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ആർ.കെ.നഗറിൽ പ്രഷർകുക്കർ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് അമ്മയുടെ നേരവകാശി എന്നു പ്രഖ്യാപിച്ച് നെഞ്ചുവിരിച്ച് നടക്കുകയാണ് ദിനകരൻ. ആർ.കെ. നഗർ ആവർത്തിച്ചില്ലെങ്കിലും ഒന്നു രണ്ടു സീറ്റിൽ ജയിക്കാനുളള ശക്തിയൊക്കെ അമ്മാമക്കൾ മുന്നേറ്റ കഴകത്തിനുണ്ട്. മാത്രമല്ല അണ്ണാ ഡി.എം.കെയ്ക്ക് കിട്ടാനുള്ള വോട്ടിൽ നല്ലൊരു ശതമാനം വോട്ടു നേടാനും കഴിയും. ഇത് ഫലത്തിൽ ഡി.എം.കെ മുന്നണിക്ക് ഗുണമായി ഭവിക്കും.

ബി.ജെ.പിയും പി.എം.കെയും ഡി.എം.ഡി.കെയുമൊക്കെയുള്ള അണ്ണാ ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണി ഒറ്റനോട്ടത്തിൽ ശക്തമാണ്. അണ്ണാ ഡി.എം.കെ മത്സരിക്കുന്ന 20 സീറ്റുകളിൽ പകുതിയോളം സ്ഥലങ്ങളിൽ ഈ കൂട്ടുകെട്ട് വോട്ട് നേടിക്കൊടുക്കും. പക്ഷെ,​ മുന്നണിയിലെ മറ്റ് കക്ഷികളുടെ നില അല്പം പരുങ്ങലിലാണ്. അഞ്ച് സീറ്റിൽ മത്സരിക്കുന്ന ബി.ജെ.പി സിറ്റിംഗ് സീറ്റായ കന്യാകുമാരി നിലനിറുത്താൻ പാടുപെടുകയാണ്. കോയമ്പത്തൂരിലും രാമനാഥപുരത്തുമാണ് പാർട്ടിയുടെ പ്രതീക്ഷ. പട്ടാളി മക്കൾ കക്ഷി ഏഴ് സീറ്റിൽ മത്സരിക്കുന്നുണ്ടെങ്കിലും അൻപുമണി രാംദാസ് മത്സരിക്കുന്ന ധർമ്മപുരിയിൽ പോലും ജയിക്കാൻ പെടാപ്പാടാണ്. ജയലളിതയെ രൂക്ഷമായി വിമർശിച്ച രാംദാസിന്റെ പാർട്ടിയെ മുന്നണിയിലെടുത്തതു തന്നെ അണ്ണാ ഡി.എം.കെ അണികൾക്ക് ദഹിച്ചിട്ടില്ല. പി.എം.കെ മത്സരിക്കുന്ന എല്ലാ സീറ്റുകളിലും അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന് അണ്ണാ ഡി.എം.കെ വോട്ടുകൾ പോകാൻ സാദ്ധ്യതയുണ്ട്. ഇതേ രീതി മറ്റ് മണ്ഡലങ്ങളും സംഭവിച്ചാൽ ഘടകകക്ഷികൾ കുടുങ്ങും. മാത്രമല്ല ‌വിജയകാന്തിന്റെ ഡി.എം.ഡി.കെയും പി.എം.കെയും തമ്മിൽ ഇപ്പോഴും നല്ല സൗഹൃദത്തിലല്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോ.രാംദാസ് വിജയകാന്തിനെ സന്ദർശിച്ചപ്പോൾ എത്രത്തോളം മഞ്ഞുരുകിയെന്നത് മേയ് 23ന് അറിയാം.

വീണിടം വിദ്യയാക്കി ഡി.എം.കെ

വെല്ലൂരിൽ നിന്നും കണക്കിൽപെടാത്ത പണം പിടികൂടിയതിനെ തുടർന്ന് ഇവിടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ‌ഡി.എം.കെ നേതൃത്വത്തിന് ക്ഷീണമായിട്ടുണ്ട്. എന്നാൽ അത് പുറത്തുകാട്ടാതെയാണ് പ്രചാരണം. നമ്മളെ മാത്രം തിരഞ്ഞുപിടിച്ച് റെയ്ഡു ചെയ്യുന്നു എന്നാണവരുടെ പരാതി. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ വോട്ടു കിട്ടാനായി പണം വിതരണം ചെയ്യുന്നതിൽ പുതുമയൊന്നുമില്ല, മദ്യവും ഒഴുക്കും . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ മുന്നണിയിൽ തിരിച്ചെന്തൂരിൽ മത്സരിച്ച ശരത്കുമാറിൽ നിന്നും പണം പിടിച്ചിരുന്നു.

ഇതുവരെ തമിഴ്നാട്ടിൽ നിന്ന് പണമായി മാത്രം 140 കോടി രൂപയാണ് പിടിച്ചെടുത്തത്. സ്വർണ്ണം,​ വെള്ളി,​ മദ്യം എന്നിങ്ങനെ പിടിച്ചെടുത്തതിന്റ മൂല്യം കൂടി കണക്കിലെടുത്താൽ അത് 300 കോടിയാകും.

കമലഹാസന്റെ ടോർച്ച് ആർക്ക് പ്രകാശമാകും

ഒറ്റയ്ക്ക് മത്സരിക്കുന്ന കമലഹാസന്റെ മക്കൾ നീതിമയ്യം ആം ആദ്മിയാകാനാണ് ശ്രമിക്കുന്നത്. പക്ഷെ,​ പ്രത്യക്ഷത്തിൽ വലിയ ഓളമുണ്ടാക്കാൻ കമലിന്റെ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. വോട്ടർമാരെ നേരിട്ടുകണ്ട് ആശയവിനിമയം നടത്താനാണ് പാർട്ടി അംഗങ്ങൾക്ക് കമൽ നൽകിയ നിർദേശം. ഇത് എത്രത്തോളം വോട്ടു നേടുമെന്ന് കണ്ടറിയാം. കമലിന്റെ രാഷ്ട്രീപാർട്ടി എത്ര ശതമാനം വോട്ടു നേടുമെന്നത് മാറ്റത്തിന്റെ സൂചനയാകും.