babu-paul-

ഐ .എ.എസ് സിംഹക്കുട്ടികളെ റവന്യൂ ഡിവിഷനിൽ നിയമിക്കുമ്പോൾ സബ് കളക്ടർ എന്ന സ്ഥാനപ്പേര്. റവന്യൂ ഡിവിഷന്റെ പൂർണ ചുമതല. അവിടത്തെ സബ് ഡിവിഷണൽ മജിസ്ട്രേട്ടും! കളക്ടർ കല്പിക്കുന്ന അല്ലറ ചില്ലറ പണികൾ വേറെയും!

കൊല്ലത്ത് സബ് കളക്ടർ ആയി പ്രവർത്തിക്കയായിരുന്നു ഞാൻ. ശ്രീമാൻ നാരായണ സ്വാമി (പിന്നീട് ചീഫ് സെക്രട്ടറി) കളക്ടർ. ജയറാം പടിക്കൽ എസ്.പി. പിന്നീട് ഡി.ജി.പിയായ തങ്കരാജ് എ.എസ്.പി. കൊല്ലം കളക്ടറേറ്റിൽ പിക്കറ്റിംഗ് തുടങ്ങിയതോടെ ഞങ്ങൾ മൂവർ ഗേറ്റിനടുത്ത് കസേരയിൽ ഇരിപ്പു തുടങ്ങി. നല്ല തണൽ. തണലിനു മരം ഇന്നയിടത്ത് കിളിർക്കണം എന്നില്ലല്ലോ.

ഒരു ദിവസം പിക്കറ്റ് ചെയ്തവരെ അറസ്റ്റ് ചെയ്തില്ല. സമരം മൂത്ത് പിക്കറ്റിംഗ് തുടങ്ങിയ വേള. അന്ന് കളക്ടർമാർക്ക് കാർ ഇല്ല. കളക്ടർക്കും എസ്.പിക്കും ഒക്കെ ജീപ്പാണ് വാഹനം. കളക്ടറുടെ ജീപ്പ് ദൃഷ്ടിപഥത്തിൽപ്പെട്ടതും സമരസേനാനികൾ ഗേറ്റിനു കുറുകെ കിടന്നു, ജീപ്പ് എത്തിയപ്പോഴേക്കും അവരെ അറസ്റ്റ് ചെയ്ത് നീക്കി. പന്ത്രണ്ടരയ്ക്കോ മറ്റോ വേറൊരു ജീപ്പ്. അത് ദൂരെ കണ്ടപാടെ അടുത്ത ബാച്ച് കിടന്നു. എന്നാൽ ആ ജീപ്പ് കളക്ടറേറ്റിലേക്ക് വന്നില്ല. അവരെ അറസ്റ്റ് ചെയ്യാൻ ഉത്തമനും (അന്ന് സർക്കിൾ ഇൻസ്പെക്ടർ) മറ്റും തുനിയുമ്പോൾ ഞാൻ തടഞ്ഞു. വാഹനം വന്നാലല്ലേ ഈ കിടപ്പ് തടസം സൃഷ്ടിക്കൂ? വല്ല വാഹനവും വരട്ടെ. നല്ല വെയിൽ. സമരസേനാനികൾ ബസ്‌ക്കി എടുക്കാൻ തുടങ്ങി. ചുട്ടുപഴുത്ത ടാറിൻമേൽ വരാത്ത ജീപ്പിനായി തീരാത്ത കിടപ്പ്! അന്ന് വൈകിട്ട് ആദ്യമായി സമരക്കാർ എന്നെ വിമർശിച്ചു. അവരുടെ വിശദീകരണ യോഗത്തിൽ പറഞ്ഞത്: സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള സൗമനസ്യം പോലും സബ് കളക്ടർ കാട്ടിയില്ല!...

രണ്ട് കാണ്ടാമൃഗങ്ങൾ അസമിൽ റെഡി. അവറ്റകളെ തിരുവനന്തപുരത്ത് എത്തിക്കാൻ കടമ്പകളനവധി.

എം. മോഹൻകുമാർ ഫിനാൻസ് സെക്രട്ടറി. പിന്നീട് അദ്ദേഹം കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി.

കാണ്ടാമൃഗം കിട്ടി. പതിനഞ്ച് ലക്ഷം രൂപയാണ് വില. കണ്ടാമൃഗത്തിന് ന്യൂ സർവീസ് വേണം.മോഹൻകുമാർ സമ്മതിക്കയില്ല. ജേക്കബിന്റെ മുറിയിൽ ചർച്ച. പതിനഞ്ച് ലക്ഷം കൂടുതലാണെന്ന് മോഹൻ. കേട്ടാൽ തോന്നും ഇയാളുടെ കാരണവൻമാർ കാണ്ടാമൃഗക്കച്ചവടക്കാരായിരുന്നെന്ന്! ഞാൻ പറഞ്ഞു. നാം ഇരുവരും ഇവിടെ ഉണ്ടെന്നുവച്ച് അസമിലെ രണ്ട് കാണ്ടാമൃഗങ്ങൾക്കു വില പേശരുത്! അമ്പത് വയസാണ് ആയുസ്. നമ്മൾ പോയാലും വരുന്ന കാണ്ടാമൃഗങ്ങൾ കാണും. മനസില്ലാമനസോടെ മോഹൻ സമ്മതിച്ചു. പിന്നെ കൊണ്ടുവരണം. അതിന് ശീതീകരണ സൗകര്യമുള്ള കൂട്. മൃഗഡോക്ടർ, സഹായികൾ ഒക്കെ പോകണം.

കാണ്ടാമൃഗങ്ങൾ എത്തി. രാത്രി പത്തുമണിക്ക് ഡയറക്ടർ രവീന്ദ്രന്റെ ഫോൺ. കാണ്ടാമൃഗങ്ങളെ സ്വീകരിക്കാൻ സാറും വരണം. മന്ത്രി വരുന്നുണ്ട്.

''എത്ര കാണ്ടാമൃഗങ്ങളാ രവീ?"

''രണ്ട്."

''നിങ്ങൾ അവിടെ കാണുമല്ലോ. മന്ത്രിയും വരും. രണ്ടു കാണ്ടാമൃഗങ്ങൾക്ക് ഇനി മൂന്നാമതൊരാൾ വേണോ?"

എന്തിനെയൊക്കെയോ പേടിച്ച് വേഷം മാറേണ്ട അവസരവും ചിലപ്പോൾ ഉണ്ടാകാം; കാലാനുസൃതമായി!

പലരും പെൻഷനാവുമ്പോൾ പത്രദ്വാരാ ഒരു ഘോഷം ഉണ്ടല്ലോ. പടിയിറങ്ങുന്നു. കേട്ടാൽ തോന്നും ഈ വിദ്വാന് ഭാര്യയും മക്കളും ഒന്നും ഉണ്ടായിരുന്നില്ല വാസം സർക്കാരാഫീസിലായിരുന്നു എന്ന്. പലരുടെ കാര്യത്തിലും പടി ഇറങ്ങുകയല്ല ഇല്ലാതാവുകയാണ് എന്ന് നമുക്കറിയാം. കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം ആണ് എങ്കിലും ഓംബുഡ്സ്മാൻ പിരിച്ചുവിട്ടതിനാൽ എനിക്ക് ഒരു പടിയിറങ്ങൽ നോട്ടീസ് ഉണ്ടായില്ല. തലമുടി വേണ്ടത്ര നരച്ചിട്ടില്ലാത്തതിനാൽ ഞാൻ പെൻഷനായി എന്ന് ജനം അംഗീകരിച്ചതുമില്ല. അങ്ങനെയാണ് പരീക്ഷണാർത്ഥം വേഷം ഒന്ന് മാറിയത്. മുണ്ടും ജുബ്ബയും. ശരത്‌ചന്ദ്രപ്രസാദിന്റെയും ഉണ്ണിത്താന്റെയും സ്ട്രിപ്‌ടീസ് കഴിഞ്ഞതിനുശേഷം ജുബ്ബയുടെ നീളം കൂട്ടി. അപകടം ഒന്നും ഭയന്നിട്ടല്ല. എങ്കിലും ഒരു മുൻകരുതൽ. മരിക്കുമെന്നു വിചാരിച്ചിട്ടാണോ നാം ലൈഫ് ഇൻഷ്വറൻസ് എടുക്കുന്നത്.

(ആർ. പ്രഭാകരൻ എഴുതിയ ബാബുപോളിന്റെ ചിരി എന്ന കൃതിയിൽ നിന്നും)