പാറശാല : ഇവിടെ വേനൽച്ചൂടില്ല. പകരം പഠനത്തണൽ മാത്രം. കുട്ടികൾ കഥ പറഞ്ഞും ചിത്രം വരച്ചും നാടകം കളിച്ചും അവധിക്കാലത്തെ ആഘോഷികയാണ് ഈ പൊതു വിദ്യാലയത്തിലെ അമ്പതോളം കുട്ടികൾ. കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ മഞ്ചവിളാകം ഗവ.യു.പി എസാണ് അവധിക്കാലം ആഹ്ലാദകരമാക്കാൻ 'തണൽ' എന്ന പേരിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ച് വേറിട്ട പഠന മാതൃകയൊരുക്കിയത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ക്ലാസ് റൂം അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ പഠന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം ദിവസം വി.കെ. വിജയകുമാറിന്റെ നേതൃത്വത്തിൽ ചിത്രരചനാ ശില്പശാല, ജയന്തിയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയം, അഖിലൻ ചെറുകോടിന്റെ നേതൃത്വത്തിൽ സാഹിത്യ സല്ലാപം എന്നിവയും നടന്നു. 'ഹലോ ഇംഗ്ലീഷിന്' പി.എസ് ഗോഡ് വിനും, ഗണിതം മധുരത്തിന് ബാഹുലേയനും, നാടകക്കളരിക്ക് പീറ്റർ പാറയ്ക്കലും, ശാസ്ത്രകൗതുകത്തിന് രാജേഷും, നാടൻ പാട്ടും നാട്ടറിവും എന്ന വിഷയത്തിൽ ജോയ് നന്ദാവനവും കുട്ടികൾക്കായി ക്ലാസുകൾ നയിച്ചു. പ്രധാനാദ്ധ്യാപിക എസ്. സന്ധ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ, ആർ.എസ്. രഞ്ചു, കൺവീനർ ജി. ശോഭനകുമാരി എന്നിവർ പങ്കെടുത്തു. |
|