gg

നെയ്യാറ്റിൻകര: വേനൽ കടുത്തതോടെ താലൂക്കിൽ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിലെ മിക്ക കിണറുകളും നീരുറവകളും വറ്റിക്കഴിഞ്ഞു. കാഞ്ഞിരംകുളം, പോങ്ങ്, തിരുപുറം,വെൺപകൽ മേഖലകളിൽ ഉയർന്ന വില നൽകിയാണ് നാട്ടുകാർ കുടിവെള്ളം വാങ്ങുന്നത്. കുടമൊന്നിന് 10 രൂപ കണക്കിനാണ് ഈ പ്രദേശത്ത് ജലം വിൽക്കുന്നത്. അതും നിശ്ചിത സമയങ്ങളിൽ മാത്രം. പൈപ്പ് ജലത്തെ ആശ്രയിച്ച് കഴി‌ഞ്ഞവരാണ് ജലമില്ലാതെ വെട്ടിലായത്. ഉയർന്ന പ്രദേശങ്ങളിൽ പൈപ്പിലൂടെ ശുദ്ധജല വിതരണം ഉണ്ടെങ്കിലും ചില സ്ഥലങ്ങളിലേക്കുള്ള വാൽവുകൾ സ്ഥിരമായി തുറന്നു വയ്ക്കുന്നത് കാരണം എല്ലാ സ്ഥലത്തും ഒരുപോലെ ജലവിതരണം നടക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. ഉയർന്ന പ്രദേശങ്ങളിലാകട്ടെ നൂൽ കനത്തിനാണ് ജലം ലഭിക്കുന്നത്. സ്വകാര്യ ഏജൻസികൾ ടാങ്കറിൽ കൊണ്ടു വരുന്ന കുടിവെള്ളമാകട്ടെ ശുദ്ധീകരിച്ചതാണോയെന്ന് പറയാനാകില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. എന്നാൽ വിതരണം ചെയ്യുന്ന ജലം പരിശോധിക്കാനും സംവിധാനമില്ല. ദൂര സ്ഥലങ്ങളിൽ നിന്നും ടാങ്കുകളിൽ ജലം ശേഖരിച്ച് ക്ലോറിനേഷൻ നടത്തിയ ശേഷമാണ് വിതരണം ചെയ്യുന്നതെന്ന് ജലവിതരണ ഏജൻസിയിലെ ജീവനക്കാർ പറയുന്നു.

പ്രളയത്തിന് ശേഷം പൊതുവേ ഭൂഗർഭ ജലവിതാനം താഴ്ന്നതാണ് ഇത്രയ്ക്ക് കടുത്ത ജലക്ഷാമം ഉണ്ടാകാൻ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നദികൾ ആഴത്തിൽ കുഴിച്ചുള്ള മണലൂറ്റും ചതുപ്പ് നിലങ്ങൾ നികത്തിയതും വ്യപകമായി കുന്നുകൾ ഇടിച്ചതും വനനശീകരണവും ജലദൗർലഭ്യത്തിന്റെ ആക്കം കൂട്ടി.

നെയ്യാറിലും ജലനിരപ്പ് താണു

നെയ്യാറിൽ ജലനിരപ്പ് താണ നിലയിലാണ്. നദിയിൽ മണലെടുത്ത കയങ്ങളിൽ മാത്രമാണ് വെള്ളം കെട്ടി നിൽക്കുന്നത്. വന്നടിഞ്ഞ മാലിന്യവും ചേർന്ന് ജലത്തിന്റെ നിറം പോലും മാറി. നെയ്യാറിന് സമീപ പ്രദേശത്തെ കിണറുകൾ പൂർണമായും വരണ്ട സ്ഥിതിയാണ്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിന്റെ കാര്യം പരുങ്ങലിലാകും. നെയ്യാർ അണക്കെട്ടിൽ നിന്നും കനാലുകളിലേക്ക് തുറന്നുവിടുന്ന വെള്ളമാണ് താലൂക്കിലെ കിണറുകളിലെയും കുളങ്ങളിലെയും ഉറവകളെ സമ്പുഷ്ടമാക്കിയിരുന്നത്. ഇപ്പോൾ സബ് കനാലുകളിലേക്കും ചെറു ചാനലുകളിലേക്കും വെള്ളം എത്താറില്ല.