babu-paul-

ദേവലോകത്തു വച്ചാണ് ബാബുപോളുമായുള്ള പ്രഥമ സമാഗമം. ദേവലോകം ഭൂമിയിലുണ്ടെന്നും അത് കോട്ടയത്താണെന്നും അറിയുന്നത് ഇടുക്കി കളക്ടറായിരുന്ന ബാബുപോളിനെ തിരയുമ്പോഴാണ്. എഴുപതുകളുടെ ആദ്യപാദം. എറണാകുളം മഹാരാജാസിൽ ഒരു ചട ങ്ങിന് ക്ഷണിക്കാനായിരുന്നു എന്റെ യാത്ര. ചെങ്കൽക്കുഴികൾ നിറഞ്ഞ ദേവലോകത്തെ ഔദ്യോഗിക വസതിയിലായിരുന്നു ആദ്യ കൂടിക്കാഴ്ച. കുറുപ്പുംപടിയും പായിപ്രയും തമ്മിലുള്ള അയൽഗ്രാമബന്ധം മാത്രമായിരുന്നു അന്നത്തെ തിണ്ണബലം.

കുറെ വർഷങ്ങൾക്കുശേഷം അദ്ദേഹം പഠിച്ച കുറുപ്പുംപടി എം.ജി.എം സ്കൂളിലെ ഒരു ക്ളാസ് മുറിയിൽ വീണ്ടും ഒത്തുചേരാനിടവന്നു. ബാബുപോളിന്റെ പിതാവിന് കോർ എപ്പിസ്‌കോപ്പ പദവി കിട്ടിയതിൽ അതീവ ലളിതമായൊരു അനുമോദന ചടങ്ങ്. രണ്ട് ഐ.എ.എസുകാരെ നട്ടുവളർത്തിയ ആ വൈദിക ശ്രേഷ്ഠൻ തെങ്ങുവയ്ക്കുന്ന നിഷ്കർഷയോടെ മാവും പ്ളാവും കൃഷിചെയ്തിരുന്നു. കെ.എം. തരകൻ സാറും ആ ചടങ്ങിലുണ്ടായിരുന്നു.

ബാബുപോളിന്റെ വിശ്വരൂപം കാണുന്നത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയായിരിക്കുമ്പോഴാണ്. ഇടതു - വലത് ഭരണകർത്താക്കൾക്കൊക്കെ വലംകയ്യായി മുഖ്യകാര്യദർശിയായി ബാബുപോൾ പ്രവർത്തിച്ചു. ഒരു സമയം സർക്കാരിന്റെ ഒട്ടുമിക്ക വകുപ്പു കളുടേയും ചുമതല അദ്ദേഹത്തിൽ വന്നുചേർന്നിരുന്നു. മുന്നിലിരിക്കുന്ന ഫയലിനും പ്രശ്നത്തിനും അനുസൃതമായ വേഷപ്പകർച്ചകൾ കണ്ടിട്ടുണ്ട്. സാഹിത്യ അക്കാദമി സെക്രട്ടറിയായി എന്റെ നിയമനോത്തരവിൽ തുല്യം ചാർത്തിയതുമുതൽ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടേണ്ടിവന്നു. ഏത് പാതിരയ്ക്കും വിളിക്കാനും, വസതിയിലെത്തി കാര്യം നേടാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. വീട്ടിലെത്തുമ്പോൾ നാട്ടുകാരനെപ്പോലെ അയൽക്കാരനെപ്പോലെ സ്നേഹവാത്സല്യങ്ങൾ പകർന്നു തന്നിരുന്നു.

കുറുപ്പുംപടിയിൽ ഞങ്ങളുടെ തറവാട്ടു കളരിയോട് ചേർന്നാണ് ബാബുപോൾ ബാല്യകൗമാരങ്ങൾ പിന്നിട്ട ജന്മഗൃഹം. കുറുപ്പുംപടി പള്ളി പണിയാൻ സ്ഥലം നൽകിയതും ആദ്യ ഭരണസമിതിയിൽ നേത്വത്വം നൽകിയതും അകത്തുട്ട് വലിയ കുഞ്ഞമ്മയായിരുന്നുവെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. സാക്ഷാൽ കർത്താവു മാത്രമല്ല, കുളങ്ങര അകത്തുട്ട് കർത്താക്കന്മാരും അങ്ങനെ ഞങ്ങൾക്ക് പ്രാതഃസ്മരണീയരായിയെന്നും പറയാറുണ്ട്.

എം.പി. നാരായണപിള്ളയുടെ നോവൽ 'പരിണാമ"ത്തിന് സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ വിവാദ കോലാഹലങ്ങളിൽപ്പെട്ട് അഴീക്കോട് സ്വർണപ്പതക്കവും മറ്റും തിരിച്ചുനല്കി. ഈ അപകടം മുന്നിൽ കണ്ട് ഞാൻ സാംസ്കാരിക വകുപ്പ് സെക്രട്ടറി ബാബുപോളിന്റെ ഉപദേശം തേടിയിരുന്നു. സ്വർണപ്പതക്കം ഒരു തട്ടാനെ വിളിച്ച് മാറ്റുരച്ചുനോക്കി തൂക്കി ബാങ്ക് ലോക്കറിൽ വയ്ക്കണമെന്നും അഴീക്കോടായതുകൊണ്ട് മനം മാറി മടക്കി വാങ്ങാൻ ഇടയുണ്ടെന്നും പറഞ്ഞു. ഫയലിൽ പെൻസിൽ കൊണ്ട് കടന്നൽകൂട്ടിൽ കല്ലെറിയണോ? എന്നും എഴുതി. ആ കണക്കുകൂട്ടലുകൾ തെറ്റിയില്ല. അധികം വൈകാതെ അഴീക്കോട് അതെല്ലാം തിരിച്ചുവാങ്ങുകയും ചെയ്തു.

ആകാര സദൃശ പ്രജ്ഞ; പ്രജ്ഞയാ സദൃശാഗമ..." എന്ന കാളിദാസ വചനം ബാബുപോളിനും ചേരുന്നതത്രെ. എന്റെ പംക്തിയുടെ സ്ഥിരം വായനക്കാരനുമായിരുന്നു അദ്ദേഹം. എനിക്ക് എന്തെങ്കിലും പിശക് പിണഞ്ഞാൽ അപ്പോൾ ബാബുപോളിന്റെ വിളി വരും. അദ്ദേഹത്തോട് ഞാൻ പക്ഷപാതം കാണിക്കുന്നുവെന്ന് ഭംഗ്യന്തരേണ അസഹിഷ്ണുത പ്രകടിപ്പിച്ച മറ്റൊരു ഐ.എ.എസ് സാഹിത്യകാരനെക്കുറിച്ച് ബാബുപോൾ പറഞ്ഞ നർമ്മം ഏറെ ചിരിക്കാൻ വകനല്കി.

മതപരമായ അനുഷ്ഠാനങ്ങളിൽ നിഷ്ണാതനാകുമ്പോഴും ചിന്തയിൽ ആധുനികനാവാനും തന്നെത്തന്നെ നവീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദീർഘകാലം തിരുവനന്തപുരത്ത് വസിക്കുമ്പോഴും, ബാബുപോൾ തനി കുറുപ്പുംപടിക്കാരനായിരുന്നു.

(കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയും കഥാകൃത്തുമാണ് ലേഖകൻ.

ഫോൺ: 9447595156)