തിരുവനന്തപുരം: സമൂഹത്തിലെ ചലനങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്‌കാരിക പ്രവർത്തകനെയാണ് ബാബുപോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.
വിവാദങ്ങളെ ഭയക്കാതെ സമൂഹത്തിന്റെ താത്പര്യം നോക്കി സത്യം വിളിച്ചുപറയാൻ അദ്ദേഹം എക്കാലവും ധൈര്യം കാണിച്ചിരുന്നു. കേളത്തിന്റെ സാമൂഹിക - സാമ്പത്തിക വികസനത്തെ വിവാദങ്ങളിലൂടെ തുരങ്കം വയ്ക്കാൻ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം തുറന്നുകാണിക്കുകയും എതിർക്കുകയും ചെയ്തു. കേരളത്തോടും മലയാളഭാഷയോടുമുള്ള സ്‌നേഹം അദ്ദേഹത്തിന്റെ പ്രവർത്തനത്തിലും എഴുത്തിലും പ്രഭാഷണങ്ങളിലും പ്രതിഫലിച്ചിരുന്നു.
സിവിൽ സർവീസിൽ പ്രവേശിക്കുന്നവർ എങ്ങനെ വളർന്നുവരണമെന്ന് അദ്ദേഹം തന്റെ സർവീസ് സ്റ്റോറിയിലൂടെ യുവതലമുറയ്ക്ക് പറഞ്ഞുകൊടുത്തു. സാമൂഹ്യ സാംസ്‌കാരിക മേഖലയ്ക്ക് കനത്ത നഷ്ടമാണ് ബാബുപോളിന്റെ നിര്യാണമെന്നും മുഖ്യമന്ത്റി പറഞ്ഞു.