സീബ്ര എന്ന പേര് കേൾക്കുമ്പോൾതന്നെ മനസിൽ ഓടിയെത്തുക കറുപ്പും വെളുപ്പും കലർന്ന നിറമായിരിക്കും. എന്നാൽ, ബ്ലാക്ക് ആന്റ് വൈറ്റ് അല്ലാത്ത സീബ്രയുണ്ടോ..? ടാൻസാനിയയിലെ സെറൻഗറ്റി ദേശിയ പാർക്കിൽ ചെന്നാൽ കാണാം അത്തരമൊരെണ്ണത്തിനെ. ചെമ്പൻ മുടിയുള്ള സീബ്ര. സാധാരണ സീബ്രകളുടെ കറുത്ത മുടിക്ക് പകരം ചെമ്പൻ മുടിയാണ് ഇതിന്റെ ശരീരത്തിൽ. കാഴ്ചയിൽ സ്വർണ നിറമുള്ള ഈ സീബ്രയെ കണ്ടപ്പോൾ പലരും വിചാരിച്ചത് ചെളിയിൽ കിടന്നുരുണ്ടതായിരിക്കാം എന്നാണ്. എന്നാൽ, സംഗതി തെറ്റി. അതല്ല കാരണം. ശരീരത്തിലെ വർണ്ണ വസ്തുവായ മെലാനിന്റെ കുറവായിരിക്കാം നിറമാറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ആൽബിനിസം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ബാധിച്ച ജീവികളുടെ നിറം വെളുത്തതായിരിക്കും. അതിനാൽ പാർഷ്യൽ ആൽബിനിസം ആവാനാണ് സാദ്ധ്യതയെന്ന് ഗവേഷകർ പറയുന്നു. നിറംമാറ്റം സീബ്രയുടെ ജനിതകപരമായ തകരാറായതിനാൽ ഇതിനെതെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, നിറവ്യത്യാസം കാരണം ഈ സീബ്ര ഒറ്റപ്പെടുമെന്ന പേടി വേണ്ട. മറ്റ് സീബ്രകളുടെ ചങ്ങാതിയാണ് ഈ 'കളർഫുൾ'സീബ്ര.