gold-smuggling-trivandrum
gold smuggling trivandrum airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാരുടെ സഹായത്തോടെ നടന്നു വരുന്നത് വൻ സ്വർണക്കടത്ത്. ആറു മാസത്തിനിടെ 100 കിലോയിലേറെ സ്വർണം കടത്തിയ നാല് ജീവനക്കാരെയും ഇടനിലക്കാരനെയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ഇന്നലെ ചെയ്തു. എയർഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസൽ, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ ഭദ്ര‌യുടെ ജീവനക്കാരായ എറണാകുളം സ്വദേശി മെബീൻ ജോസഫ്, ആറ്റിങ്ങൽ സ്വദേശി നബീൽ, ഇടനിലക്കാരൻ തകരപ്പറമ്പിൽ മൊബൈൽ കട നടത്തുന്ന ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്.

വിദേശത്തു നിന്ന് കൊണ്ടുവരുന്ന സ്വർണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വർണം പുറത്തെത്തിച്ചാൽ അറുപതിനായിരം രൂപയായിരുന്നു കൂലി. സ്വർണത്തിനു പുറമെ മയക്കുമരുന്നുകളും സംഘം കടത്തിയതായി ഡി.ആർ.ഐ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രണ്ടേകാൽ കോടിയുടെ 50 സ്വർണ ബിസ്കറ്റുകളുമായി കാസർകോട് സ്വദേശി മൻസൂർ, എറണാകുളത്തെ കണ്ണൻ, ഇവർക്ക് സഹായം ചെയ്ത എയർഇന്ത്യാ സാറ്റ്‌സിലെ കസ്റ്റമർ സർവീസ് ഏജന്റ് ആലപ്പുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരെ ഡി.ആർ.ഐ പിടികൂടിയിരുന്നു. തുടരന്വേഷണത്തിലാണ് മറ്റുള്ളവരും കുടുങ്ങിയത്.

പുലർച്ചെ ഗൾഫിൽ നിന്നെത്തുന്ന എയർഇന്ത്യാ എക്സ്‌പ്രസ് വിമാനങ്ങളിലായിരുന്നു സ്വർണം കൊണ്ടുവന്നിരുന്നത്. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എയ്‌റോബ്രിഡ്‌ജിലെത്താറില്ല. ദൂരെയുള്ള ടാക്സിവേയിലായിരിക്കും എത്തുക. ഇവിടെ നിന്ന് യാത്രക്കാരെ വിമാനക്കമ്പനികളുടെ ബസിലാണ് ടെർമിനലിലേക്ക് എത്തിക്കുന്നത്. ഈ ബസിൽ വച്ചാണ് സ്വർണം ജീവനക്കാർക്ക് കൈമാറിയിരുന്നത്.

സ്വർണം ഉരുക്കി ബാർ രൂപത്തിലാക്കുന്ന സംഘം തലസ്ഥാനത്തുണ്ട്. വിദേശ ഹോളോഗ്രാം രേഖപ്പെടുത്തിയ സ്വർണം പിടികൂടിയാലേ കേസെടുക്കാനാവൂ. ഉരുക്കിയ സ്വർണം വൻകിട ജുവലറികൾക്കാണ് സംഘം നൽകിയിരുന്നത്. ഒരോ തവണയും കിട്ടുന്ന 60,000 രൂപ പ്രതിഫലം ജീവനക്കാരെല്ലാം ചേർന്ന് പങ്കിട്ടെടുക്കും.

പതിനായിരം രൂപ ശമ്പളമുള്ള ജീവനക്കാർ ആർഭാടജീവിതം നയിച്ചതിന്റെയും വൻതോതിൽ പർച്ചേസ് നടത്തിയതിന്റെയും തെളിവുകളുണ്ടെന്ന് ഡി.ആർ.ഐ വ്യക്തമാക്കി. ഉവൈസിൽ നിന്ന് ഇവർ അക്കൗണ്ട് വഴി പണം സ്വീകരിച്ചതിനും തെളിവുണ്ട്. ജീവനക്കാരിൽ വേറെ പലരും സ്വർണക്കടത്തുകാർക്ക് സഹായം ചെയ്യുന്നുണ്ടെന്നും ഡി.ആർ.ഐ കണ്ടെത്തി. അറസ്റ്രിലായവരെ പുറത്താക്കണമെന്ന് ഡി.ആർ.ഐ ശുപാർശ ചെയ്തു.

സ്വർണക്കടത്ത് ഇങ്ങനെ

സ്വർണം കൊണ്ടുവരുന്നവരുടെയും വിമാനത്താവള ജീവനക്കാരുടെയും ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ കൈമാറും. ഒരു വിമാനത്തിൽ മൂന്നും നാലും പേർ കടത്താനുണ്ടാവും. 5 കിലോഗ്രാം സ്വർണത്തിന് ആൻഡ്രോയ്ഡ് ഫോണിന്റെ വലിപ്പമേയുണ്ടാവൂ. ബസിൽ നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ എമിഗ്രേഷൻ ഹാളിൽ ഡ്യൂട്ടിയിലുള്ളവർ സ്വർണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കിൽ ടോയ്‌ലറ്റിലെ വേസ്റ്റ്ബിന്നിൽ ഉപേക്ഷിക്കും. ജീവനക്കാരൻ പിന്നാലെയെത്തി സ്വർണം ശേഖരിക്കും. ഡിപ്പാർച്ചർ ടെർമിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തിറങ്ങുന്ന വിമാനത്താവള ജീവനക്കാർ പുറത്ത് കാത്തുനിൽക്കുന്ന ഉവൈസിന് സ്വർണം കൈമാറും. ചായകുടിക്കാനും മറ്റും പുറത്തേക്കിറങ്ങുന്ന ജീവനക്കാരെ സി.ഐ.എസ്.എഫ് പരിശോധിക്കാത്തതാണ് സ്വർണക്കടത്തുകാർ മുതലെടുക്കുന്നത്.