shobha-surendran

തിരുവനന്തപുരം: ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണയെ എ.കെ.ജി സെന്ററിലെ ക്ലാർക്കിന്റെ പണി എടുക്കാൻ അനുവദിക്കില്ലെന്നും അയ്യപ്പനായി രക്തസാക്ഷിത്വം വരിക്കാൻ തയ്യാറാണെന്നും ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിലെ ഊരുട്ടമ്പലം ജംഗ്ഷനിൽ സംസാരിക്കുകയായിരുന്നു അവർ.

പിണറായി സർക്കാരിനെയും സി.പി.എമ്മിനെയും സംരക്ഷിക്കുന്ന നിലപാടാണ് ടിക്കാറാം മീണയുടേത്. അയ്യന്റെ നാമം ഉരുവിടുന്നതിന് എതിരെ നോട്ടീസ് അയക്കുകയും തിട്ടൂരം പുറപ്പെടുവിക്കുകയും ചെയ്യുന്നു. അയ്യന്റെ ആചാരം നിലനിർത്താൻ വേണ്ടി സമരം ചെയ്‌തതിന് ഡസൻ കണക്കിന് കേസുകളാണ് കിട്ടിയത്. അയ്യന്റെ ആചാരം നിലനിറുത്താൻ നാമം ജപിച്ചതിന് പതിനായിരക്കണക്കിന് ഭക്തന്മാർക്ക് എതിരെ കേസെടുത്തു. ആയിരക്കണക്കിന് പേരെ ജയിലിലടച്ച് പീഡിപ്പിച്ചു. ആയിരക്കണക്കിന് പേർ ഇന്നും ജയിലിലാണ്. എന്നിട്ടും അയ്യന്റെ പേര് പറയാൻ പാടില്ല എന്നാണ് ടീക്കാറാം മീണ പറയുന്നത്.


നോമിനേഷൻ കൊടുത്തതിനു ശേഷവും സമൻസ് പോലും അയക്കാതെ സർക്കാറിന് ഡസൻകണക്കിന് കേസുകൾ ചുമത്താം. പി.എസ്.സി ചോദ്യപേപ്പറിൽ അയ്യന്റെ ആചാരം തകർത്ത യുവതി ആര് എന്ന് ചോദിക്കാം. ആർക്കും പരാതിയില്ല. ബി.ജെ.പി സ്ഥാനാർത്ഥി അയ്യന്റെ പേര് പറഞ്ഞാൽ കേസെടുക്കും. അയ്യന്റെ ആചാരലംഘനം നടത്താൻ നേതൃത്വം നൽകിയ സർക്കാരിന്റെ നെറികേടിനെ കുറിച്ച്, ഹൈന്ദവ വിശ്വാസം തകർക്കാൻ ശ്രമിച്ചവരെ കുറിച്ച്, ആചാരലംഘനം നടത്തിയവർക്ക് കുപ്പായവും തൊപ്പിയും ഊരി നൽകിയ പൊലീസിനെ കുറിച്ച്, ശബരിമല ഭക്തന്മാരുടെ നെഞ്ചുപിളർത്തിയപ്പോൾ മര പ്രതിമയായി നോക്കിനിന്ന കോൺഗ്രസിനെ കുറിച്ച് പറഞ്ഞാൽ തൂക്കിക്കൊല്ലും എന്നാണ് ടീക്കാറാം മീണ പറയുന്നത്.


പിണറായിയുടെ പൊലീസും ടീക്കാറാം മീണയുടെ അധികാരവും ഉപയോഗിച്ച് തൂക്കിലേറ്റുകയാണെങ്കിൽ ആ രക്തസാക്ഷിത്വം വഹിക്കാൻ തയ്യാറാണ്. അയ്യന്റെ പേരിൽ വോട്ട് ചോദിക്കില്ല. പക്ഷേ മണ്ഡലകാലവും ശബരിമലയിൽ ഭക്തരെ പീഡിപ്പിച്ച കാലവും ആചാരലംഘനം നടത്തിയ നിമിഷവും നെഞ്ചു പൊട്ടി നാമം ജപിച്ച അമ്മമാർ മറക്കില്ല. ആ വേദന വീടുകളും തെരുവുകളും തോറും പറയുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.