തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നത് മൂവാറ്റുപുഴ, കാസർകോട്, കോഴിക്കോട്, പെരുമ്പാവൂർ എന്നിവിടങ്ങളിലുള്ള നാല് സംഘങ്ങളാണെന്ന് ഡി.ആർ.ഐ കണ്ടെത്തി. പെരുമ്പാവൂർ, മൂവാറ്റുപുഴ സംഘങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ഡി.ആർ.ഐ പറഞ്ഞു. സ്വർണക്കടത്തിലൂടെ കിട്ടുന്ന പണം തീവ്രവാദത്തിനായാണ് ഉപയോഗിക്കുന്നത്. സ്വർണക്കടത്തിന്റെ വിവരങ്ങൾ എൻ.ഐ.എയ്‌ക്കും ഐ.ബിക്കും കൈമാറി.
കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളെക്കാൾ തിരുവനന്തപുരത്താണ് സ്വർണക്കടത്ത് കൂടുതൽ. കാസർകോട്, കോഴിക്കോട് സംഘങ്ങൾ പതിറ്റാണ്ടുകളായി സ്വർണാഭരണ ശാലകൾക്കായി കടത്ത് നടത്തുന്നുണ്ട്. കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെ പ്രതി അബ്ദുൾഹാലിം, പെരുമ്പാവൂർ സ്വദേശികളായ അജിംസ്, അനസ്, കണ്ണൂർ സ്വദേശി നസീർ എന്നിവരടക്കം എട്ടു പേരാണ് പെരുമ്പാവൂർ സംഘത്തിലെ പ്രധാനികൾ. സ്വർണക്കടത്ത് കേസിൽ പിടിയിലായ ഈ സംഘത്തിലെ നാല് പേർക്ക് 100 കോടിയിലേറെ ആസ്‌തിയുണ്ട്.
മുംബയ് വിമാനത്താവളത്തിലൂടെ 200 കിലോഗ്രാം സ്വർണം കടത്തിയ കേസിലും പെരുമ്പാവൂർ സംഘത്തെ കേന്ദ്രീകരിച്ചാണ് ഡി.ആർ.ഐ അന്വേഷണം. ഇമിഗ്രേഷൻ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പണം നൽകിയാണ് സ്വർണം പുറത്തു കടത്തുന്നത്. കാലടിയിൽ നിന്ന് പെരുമ്പാവൂരിലെത്തി പ്ലൈവുഡ് ഫാക്ടറി തുടങ്ങിയ നസീർ അലിയാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പെരുമ്പാവൂരിലെ ഉരുക്ക് കേന്ദ്രത്തിനായുള്ള ആക്രി സാധനമെന്ന വ്യാജേന വലിയ തോതിൽ സ്വർണം കടത്തുന്നതായാണ് വിവരം. നാലുവർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് പിടികൂടിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനടക്കം 36 പേർ പിടിയിലായി. ഒമ്പതുപേരെ കോഫെപോസ ചുമത്തി ജയിലിലുമടച്ചു. എന്നാൽ ജയിൽ മോചിതരായ ശേഷം ഇവർ വീണ്ടും സ്വർണക്കടത്തിൽ സജീവമായി.
കോഴിക്കോട് സംഘം
കൊടുവള്ളി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. മിശ്രിത രൂപത്തിലുള്ള സ്വർണം വേർതിരിച്ചെടുക്കുന്ന രഹസ്യകേന്ദ്രം നീലേശ്വരത്തുണ്ട്. ഇവിടെ ഒരു വർഷത്തിനിടെ 1000 കിലോ സ്വർണം ഉരുക്കും.
കാസർകോട് സംഘം
ഉന്നതരാഷ്ട്രീയ ബന്ധം. മംഗളൂരു വിമാനത്താവളത്തിലെ സ്വർണക്കടത്ത് ഇവരുടെ നിയന്ത്രണത്തിൽ. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാരിയർമാരുണ്ട്.