തിരുവനന്തപുരം: കിഫ്ബിക്കായുള്ള മസാല ബോണ്ട് ഇടപാട് സംബന്ധിച്ച കാര്യങ്ങൾ വിശദമാക്കി സംസ്ഥാന സർക്കാർ ധവളപത്രമിറക്കണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇപ്പോൾ കൊള്ളപ്പലിശയ്ക്ക് കടംവാങ്ങിയ സ്ഥിതിയാണ്. ട്രഷറി ബോണ്ടുകൾക്ക് 7.25% മാത്രം പലിശ നല്കുന്ന സാഹചര്യം നിലനില്ക്കുമ്പോൾ 9.72% പലിശയ്ക്ക് ബോണ്ടുകൾ വാങ്ങാൻ തീരുമാനിച്ചതിലൂടെ കിഫ്ബി ഭാവിയിൽ കേരളത്തെ കടക്കുരുക്കിലാക്കും. മസാല ബോണ്ട് ഇടപാടിൽ ഇടതുമുന്നണി നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുകയാണ്. കേന്ദ്രത്തിൽ അധികാരമുണ്ടായിട്ടും ബി.ജെ.പി സർക്കാർ ഇക്കാര്യത്തിൽ നിയമനിർമാണത്തിന് തയ്യാറാവാതിരുന്നതിന്റെ കാരണം വ്യക്തമാക്കണം. സി.പി.എം പ്രാദേശിക നേതാവായിരുന്ന പേരൂർക്കട മോഹനന്റെ സി.എം.പി പ്രവേശനവും പത്രസമ്മേളനത്തിൽ നടന്നു. സി.എം.പി അസി. സെക്രട്ടറി എം.പി. സാജു, ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.