തിരുവനന്തപുരം: "തൊഴിലാളികൾക്കെല്ലാം പ്രോബ്ളംസ്, വർഗീയതയുടെ ട്രാജഡികൾ, കർഷകരുടെ സൂയിസൈഡുകൾ... ഇതെല്ലാം കഴിഞ്ഞ് സാമ്പത്തിക വളർച്ച ചുരുങ്ങിച്ചുരുങ്ങി പോകുന്നു."
വട്ടിയൂർക്കാവിലെ മേലത്തുമേലെവഴി ജംഗ്ഷനിൽ ഐക്യരാഷ്ട്രസഭയിലെ മുൻ അണ്ടർ സെക്രട്ടറി ജനറൽ ഡോ. ശശിതരൂർ ഇംഗ്ളീഷ് കലർന്ന മലയാളത്തിൽ പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിക്കുന്നു. വഴിയോരത്തുനിന്ന് ആളുകൾ ആ സുന്ദരരൂപത്തിന്റെ പ്രസംഗവും അംഗവിക്ഷേപങ്ങളും ആസ്വദിക്കുന്നു.
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥിയാണ് ശശി തരൂർ. ഇക്കുറിയും ജയിച്ചാൽ അത് ഹാട്രിക് .പത്തുവർഷം തരൂർ തന്നെ എം.പിയായിരിക്കുന്നതിന്റെ മടുപ്പ് മണ്ഡലത്തിലുണ്ടെന്ന എതിർ കക്ഷികളുടെ പ്രചാരണം പക്ഷേ, തരൂരിനെ ബാധിച്ച മട്ടില്ല. ഉത്സാഹത്തിലും ആകർഷണീയതയിലും കരുത്തോടെ മുന്നേറുകയാണ്.
പ്രസംഗം തിരുവനന്തപുരത്തെ കാര്യങ്ങളിലേക്ക് കടന്നു."നോക്കു,നിങ്ങൾക്ക് മുന്നിൽ മൂന്ന് സ്ഥാനാർത്ഥികൾ,നല്ലതിനെ തിരഞ്ഞെടുക്കൂ. തിരുവനന്തപുരത്തിന്റെ ശബ്ദം ഡൽഹിയിൽ എത്തിക്കാൻ ആര് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. കഴിഞ്ഞ പത്തുവർഷവും ഞാനത് ഭംഗിയായി നിർവഹിച്ചു. ഇനിയും അഞ്ച് വർഷം കൂടി അത് നിർവഹിക്കാൻ തയ്യാറാണ്." ശശിതരൂർ പറഞ്ഞു.
നഗരത്തിന് അപരിചിതമായ ശൈലികളിലൂടെ, അതിഗംഭീരമായ കാര്യങ്ങൾ പറഞ്ഞ്, വികസനത്തിന്റെ ആവശ്യകത പറഞ്ഞ് ശശി തരൂർ എന്ന എഴുത്തുകാരനും പ്രാസംഗികനും പണ്ഡിതനുമായ നേതാവ്. വഴിവക്കിലുടനീളം സ്ത്രീകളും സോഷ്യൽമീഡിയ ഭ്രമക്കാരായ യുവാക്കളും കൗതുകത്തോടെ നോക്കുന്നു. തരൂർ അവരെയെല്ലാം നോക്കി കൈവീശി, ചിരിച്ചു മാസ്മരികമായി. എവിടെ സംസാരിച്ചാലും തരൂർ ആക്രമിക്കുന്നത് പ്രധാനമന്ത്രി മോദിയെയാണ്. അത് വികസനമായാലും തൊഴിലില്ലായ്മയായാലും ശബരിമലയായാലും മാറ്റമില്ല. എല്ലാത്തിനും ഉത്തരവാദി മോദി തന്നെ. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണം. അതാണ് ഡിമാന്റ്. പക്ഷേ ഇടതുസർക്കാരിനോ സി.പി.എമ്മിനോ എതിരെ ആക്രമണമില്ല. മോദി മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും എതിരാളിയല്ലേ എന്ന് ചോദിച്ചപ്പോൾ ദേശീയതലത്തിൽ കോൺഗ്രസ് -ബി.ജെ.പി.പോരാട്ടമല്ലേയെന്ന് മറുപടി. സംസ്ഥാനത്ത് നടക്കുന്ന വോട്ടെടുപ്പല്ലേ എന്ന ചോദ്യത്തിന്, അതിലെന്തിരിക്കുന്നുവെന്ന് ചിരിയോടെ മറുപടി.
പേരൂർക്കടയിലെ കാവല്ലൂരിൽ പര്യടനം എത്തിയത് പറഞ്ഞതിലും രണ്ടുമണിക്കൂർ വൈകി പത്തരയ്ക്ക്. കാത്തുനിന്ന പ്രവർത്തകരും നാട്ടുകാരും തൊട്ടടുത്തുള്ള ഭദ്രകാളിക്ഷേത്രത്തിൽ പൊങ്കാലയിടാൻ പോയി. ഇതുംപറഞ്ഞ് പ്രവർത്തകരും നേതാക്കളും തമ്മിൽ വൻവാഗ്വാദം. ഉടൻ തരൂർ ഇടപെട്ടു. നമുക്കുക്ഷേത്രത്തിലേക്ക് പോകാം. ഇതുംപറഞ്ഞ് അദ്ദേഹം വാഹനത്തിൽ നിന്ന് ചാടിയിറങ്ങി റോഡിലൂടെ നടന്നു. ഗത്യന്തരമില്ലാതെ നേതാക്കൾ പിന്നാലെ. ക്ഷേത്രമുറ്റത്ത് അദ്ദേഹം ഒാരോ പൊങ്കാലയടുപ്പിലും ചെന്ന് ഭക്തകളെ അഭിവാദ്യം ചെയ്തു. "നിങ്ങൾക്ക് പൊങ്കാലയുടെയും വിഷുവിന്റെയും ആശംസകൾ." ആശംസമാത്രം പോരാ വോട്ടും ചോദിക്കണമെന്ന് തൊട്ടടുത്തുനിന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരിധരഗോപൻ ഒാർമ്മിപ്പിച്ചു.
ക്ഷേത്രമുറ്റത്ത് വെയിലേറ്റ് ചുറ്റിനടന്ന് തളർന്ന സ്ഥാനാർത്ഥിയെ പ്രവർത്തകർ ഒരു ആട്ടോറിക്ഷയിൽ കയറ്റിയാണ് പ്രചാരണവാഹനത്തിൽ എത്തിച്ചത്. ആട്ടോറിക്ഷ ഡ്രൈവർ കാവല്ലൂരുകാരൻ ജയൻ ഇതിന് കൂലിവാങ്ങിയില്ല. തരൂർ നൂറ് രൂപ എടുത്തുകൊടുത്തെങ്കിലും ജയൻ വേണ്ടെന്ന് പറഞ്ഞു. പിന്നീട് തരൂർ ഒരു തോർത്ത് സമ്മാനിച്ചു. കോൺഗ്രസ് പ്രവർത്തകനൊന്നുമല്ലെങ്കിലും തരൂരിനെ ഇഷ്ടമാണെന്ന് ജയൻ.
രാവിലെ തൊഴുവൻകോട് ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. എട്ടുമണിക്ക് പ്രാചരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തരൂർ എത്തിയത് ഒന്നരമണിക്കൂർ വൈകി ഒൻപതരയ്ക്ക്. നേതാക്കളായ തമ്പാനൂർ രവി, ശാസ്തമംഗലം മോഹൻ, സി.പി.ജോൺ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, ഡി.സുദർശൻ, വട്ടിയൂർക്കാവ് രവി, കാവല്ലൂർ മധു തുടങ്ങിയവർ കൃത്യസമയത്ത് തന്നെ എത്തി. അവരെല്ലാം മാറി മാറി പ്രസംഗിച്ചു. തരൂരിന്റെ ചിത്രം പിടിപ്പിച്ച പുതിയ ടീഷർട്ട് ധരിച്ച ബൈക്ക് സംഘവും എ.സി.യും മറ്റ് ആധുനികസൗകര്യങ്ങളും ഒരുക്കിയ ഇസൂസു പിക്കപ്പ് മോഡൽ ലൈഫ്സ്റ്റൈൽ വണ്ടിയിൽ രഥത്തിന്റെ മേക്കോവർ ചെയ്ത അടിപൊളിവാഹനവും ഒരുക്കിയിരുന്നു. ഒരുസ്റ്റെപ്പിനി രഥവും വേറെയുണ്ട്. ത്രീവീലറിൽ എത്തിയ വിഷ്ണുവെന്ന പ്രവർത്തകനൊപ്പം സെൽഫിയെടുത്തും. ഇന്ദിരാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും തരൂർ യാത്ര ആരംഭിച്ചു. അതിന് മുമ്പ് തമ്പാനൂർ രവിയുമായി മാറിനിന്ന് അല്പനേരം രഹസ്യചർച്ച.
പ്രവർത്തകരുടെ പിന്തുണ വേണ്ടത്രയില്ലെന്നത് തെറ്റിദ്ധാരണയാണ്. അതെല്ലാം പരിഹരിച്ചു. ഇന്നുമുതൽ അടിപൊളി പ്രചാരണമായിരിക്കും. ഇക്കുറി തരൂർ ലീഡ് കൂട്ടും. തമ്പാനൂർ രവി പറഞ്ഞു. അടുത്തുനിന്ന തരൂർ ചിരിച്ച് തലകുലുക്കി സമ്മതിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രാവിലത്തെ പ്രചാരണം കുടപ്പനക്കുന്ന് മണ്ഡലം കോൺഗ്രസ് ഒാഫീസിന് മുന്നിൽ സമാപിച്ചത്. വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം വൈകിട്ട് നാലുമണിയോടെ ഗൗരീശപട്ടം ക്ഷേത്രത്തിന് മുന്നിൽ നിന്ന് വീണ്ടും തുടങ്ങി. നാലാഞ്ചിറ കുരിശടിയിലായിരുന്നു ഇന്നലെ സമാപനം.