തിരുവനന്തപുരം : ശബരിമലയിൽ ആചാരലംഘനം നടന്നസമയത്ത് അയ്യപ്പന് വേണ്ടി കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്ക് വോട്ട് ചെയ്യുമെന്ന് ശബരിമല കർമ്മസമിതി. അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച നാമജപ പ്രതിഷേധ ധർണയിലാണ് കർമ്മസമിതി തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. ശബരിമലയുടെ പേരിൽ രാഷ്ട്രീയ പാർട്ടികൾ വോട്ട് ചോദിക്കരുതെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനമല്ലാത്തതിനാൽ ശബരിമല കർമ്മസമിതിക്ക് ചട്ടം ബാധകമല്ലെന്നും ശബരിമല വിഷയം ഉറക്കെ വിളിച്ചു പറയുമെന്നും ധർണ ഉദ്ഘാടനം ചെയ്ത കർമ്മസമിതി മുഖ്യ രക്ഷാധികാരിയും അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമിചിദാനന്ദപുരി പറഞ്ഞു.
ശബരിമലയിൽ പിണറായി സർക്കാർ നടത്തിയ കിരാത നടപടികൾ ഹൈന്ദവ ഹൃദയങ്ങളിൽ വലിയ മുറിവാണ് ഉണ്ടാക്കിയത്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഓരോ വ്യക്തിയും തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നവർക്ക് ഇക്കുറി വോട്ട് ചെയ്യണം. ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണം. നേതാക്കളുടെ പേരിൽ കള്ളക്കേസെടുത്ത് ഹൈന്ദവ സംഘടനകളെ തുടച്ചു നീക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു.
വിശ്വസികൾക്കെതിരായ കള്ളക്കേസുകൾ വരും ദിവസങ്ങളിൽ സർക്കാരിന് തിരിച്ചടിയാകുമെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പറഞ്ഞു. ശബരിമലഅയ്യപ്പ സേവാസമാജം ദേശീയ സെക്രട്ടറി സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിച്ചു. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ, സംസ്ഥാന കൺവീനർ ഇ.എസ്. ബിജു, ശബരിമല മുൻമേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി, ഹിന്ദു ഐക്യവേദി നേതാക്കളായ അമ്പൂരി പ്രഭാകരൻ, ഉണ്ണിവഴയില, സന്ദീപ് തമ്പാനൂർ, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കളും സന്യാസിമാരും ധർണയിൽ പങ്കെടുത്തു.