photo

പാലോട് : കോടികൾ മുടക്കി ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പാലോട് - ബ്രൈമൂർ റോഡ് ഉദ്‌ഘാടനത്തിന് മുമ്പേ പൊട്ടിപ്പൊളിഞ്ഞു. നിർമ്മാണത്തിലെ അപാകതയാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് വ്യാപക പരാതിയുണ്ട്. കോളച്ചൽ മുതൽ മങ്കയം വരെ അപകട സാദ്ധ്യതയേറിയ മേഖലയിൽ പലേടങ്ങളിലും റോഡ് ഇടിഞ്ഞു താഴ്ന്നു. പാർശ്വഭിത്തികളും കൈവരികളും വേനൽ മഴയിൽ ഒലിച്ചുപോയ നിലയിലാണ്. കോളച്ചൽ പാലത്തിനു സമീപം നാല് മീറ്ററോളം ഭാഗത്തെ റോഡ് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. കുഴിക്കരിക്കകത്തും ബൗണ്ടർ മുക്കിലുമാണ് കൈവരി പിഴുതു മാറിയത്.കുഴിക്കരിക്കകത്ത് വശഭിത്തി ഭാഗികമായി തകർന്നു. ഇക്കോ ടൂറിസം കേന്ദ്രമായ മങ്കയത്തും കുരിശടിയിലും സമാനമായ സ്ഥിതിയാണ്. റോഡിനു വീതി കൂട്ടാൻ കരിങ്കല്ലു കൊണ്ട് വശഭിത്തി കെട്ടുകയും മണ്ണ് ഫില്ലിംഗ് നടത്തുകയും ചെയ്തിരുന്നു. ഇതിലുണ്ടായ പാളിച്ചയാണ് റോഡ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പരാതി. നിർമ്മാണ ഘട്ടത്തിൽ തന്നെ ഇക്കാര്യം നാട്ടുകാർ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ബന്ധപ്പെട്ടവർ ചെവിക്കൊണ്ടിരുന്നില്ല. ബി.എം ആൻഡ് ബി.സി രീതിയിലുള്ള റോഡിനു പുറമേ കലുങ്കുകൾ, ഡ്രെയിനേജ്, വെയിറ്ററിംഗ്‌ ഷെഡ്, ബസ്‌ ബേ, ഫുട്പാത്ത് എന്നിവയും കരാറിൽ പറയുന്നുണ്ടെങ്കിലും റോഡിന്റെയും ഓടയുടെയും പണി മാത്രമാണ് ഇതുവരെ നടന്നത്.16 മീറ്റർ അളന്ന് നിശ്ചയിച്ചിരുന്നത് ഉദ്യോഗസ്ഥർ ഇടപെട്ട് 12 മീറ്ററായി ചുരുക്കിയിരുന്നു. പെരിങ്ങമ്മല, ഇടവം എന്നിവിടങ്ങളിൽ വീടുകളും കടകളും പൊളിച്ചുമാറ്റി. എന്നാൽ,പാലോട് ജംഗ്‌ഷനിലെ റവന്യു പുറമ്പോക്ക് ഒഴിപ്പിക്കുന്നതിനും ബൗണ്ടർ ജംഗ്‌ഷൻ മുതലുള്ള വനഭൂമിയുടെ പുറമ്പോക്ക് ഏറ്റെടുക്കുന്നതിനും അധികൃതർ വീഴ്ച വരുത്തി. ഫലത്തിൽ ആദിവാസി സങ്കേതങ്ങളുടെ വികസനം ലാക്കാക്കി ആസൂത്രണം ചെയ്ത കോടികളുടെ റോഡ് നിർമ്മാണം പ്രഹസനമായതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.