sambath

തിരുവനന്തപുരം : ജീവിതം നർമ്മവും നർമ്മം ജീവിതവുമാക്കിയ ഡി. ബാബുപോളിനെക്കുറിച്ച് തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഡോ. എ. സമ്പത്ത് എം.പി ഓർത്തെടുത്തു. ' ബാബുപോൾ സാറിന്റെ മകളുടെ കല്യാണം പുന്നൻറോഡിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിലായിരുന്നു നടന്നത് . അച്ഛന് കൊടുത്ത കല്യാണക്കുറിയുടെ ചുവട്ടിൽ പേന കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി.''കല്യാണത്തിന് വലിയ സഖാവും കുട്ടി സഖാവും എത്തിച്ചേരുമല്ലോ ..സ്വന്തം ബാബുപോൾ ". കല്യാണത്തിന് ഞങ്ങൾ ഒരുമിച്ച് പോയി ഭക്ഷണം കഴിച്ചാണ് മടങ്ങിയത്".

ബാബുപോളിനെക്കുറിച്ച് അച്ഛനിൽ നിന്നു കേട്ടറിഞ്ഞ പഴയ ഒരു സംഭവകഥയും സമ്പത്ത് അനുസ്മരിച്ചു. 'ടി.കെ. ദിവാകരൻ മന്ത്രിയായിരുന്ന കാലം. അദ്ദേഹത്തിന്റെ വകുപ്പ് സെക്രട്ടറിയായിരുന്നു ബാബുപോൾ. ഒരു ദിവസം മന്ത്രിയുടെ കാർ കേടായി. താമസസ്ഥലത്തേക്ക് തന്നെയുംകൂടി കൊണ്ടുപോകണമെന്ന് മന്ത്രി ബാബുപോളിനോട് ആവശ്യപ്പെട്ടു. നന്നായി പുകവലിക്കുന്ന ബാബുപോൾ ഇങ്ങനെ മറുപടി പറഞ്ഞു 'കൊണ്ടുപോകാം ..പക്ഷേ എനിക്ക് പുകയ്‌ക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം."
അപ്പോൾ ടി.കെ. ദിവാകരൻ തിരിച്ചടിച്ചു - 'ആവാം ...എങ്കിൽ മന്ത്രിക്കും പുകയ്ക്കാം ". അങ്ങനെ മന്ത്രിയും സെക്രട്ടറിയും 'പുകച്ച് "വീട്ടിലേക്ക് പോയി. ബാബുപോളിന്റെ ഭാഷയിൽ പറഞ്ഞാൽ -'' സ്റ്റാൻഡേർഡ് കാറിൽ ജഗപൊക ".