തുഷാറിനെതിരായ മവോയിസ്റ്റ് ഭീഷണി ഗൗരവത്തോടെ കാണണം
തിരുവനന്തപുരം : ബി.ജെ.പി എന്തെങ്കിലും പറയുന്നണ്ടോയെന്ന് മാത്രം നോക്കിയിരിക്കുകയും മറ്റുള്ളവർ പറയുമ്പോൾ വീണ വായിക്കുകയും ചെയ്യുന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നടപടികൾ ദുരുദ്ദേശപരമാണെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് തിരഞ്ഞെടുപ്പ് ഓഫീസർ സ്വന്തം ചിത്രം വച്ച് പോസ്റ്റർ അടിച്ചത്. വിരമിച്ചതിന് ശേഷം മറ്റെന്തെങ്കിലും അദ്ദേഹം ലക്ഷ്യം വയ്ക്കുന്നണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മത, സാമുദായിക ലക്ഷ്യത്തോടെ വോട്ട് പിടിക്കുന്നത് തെറ്റാണെന്ന് പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ
സാമുദായിക പാർട്ടിയാണെന്ന് തുറന്നുപറഞ്ഞ മുസ്ലിം ലീഗിനെതിരെ നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തയ്യാറാകണം. ലീഗ് വർഗീയ പാർട്ടിയാണെന്ന ബൃന്ദാ കാരാട്ടിന്റെയും എസ്.രാമചന്ദ്രൻപിള്ളയുടെയും നിലപാടാണോ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമുള്ളതെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കെതിരായ മാവോയിസ്റ്റ് ഭീഷണി സർക്കാർ ഗൗരവത്തോടെ കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയക്ക് പിന്നാലെ പത്മനാഭസ്വാമി ക്ഷേത്രം പടിച്ചെടുക്കാൻ സർക്കാർ നീക്കം നടത്തുകയാണ്. സ്വത്ത് വകകൾ സഖാക്കൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ വേണ്ടിയാണ് എട്ടംഗം സമിതി രൂപീകരിക്കാമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. വിശ്വാസികളെ അണിരത്തി സർക്കാർ നീക്കം തടയുമെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.