sabarimala-bjp
sabarimala bjp

തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിന് കേരളത്തിൽ എട്ട് ദിവസവും തമിഴ്നാട്ടിൽ മൂന്ന് ദിവസവും ശേഷിക്കെ, ശബരിമല പ്രശ്നം വീണ്ടും സജീവമാക്കി കലാശക്കൊട്ട് കൊഴുപ്പിക്കാൻ ബി.ജെ.പി - സംഘപരിവാർ നേതൃത്വം ശ്രമം തുടങ്ങി.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ഭയന്ന് തുടക്കത്തിൽ അൽപ്പം പിന്തിരിഞ്ഞ് നിന്ന ശബരിമല കർമ്മസമിതിയും കൂറ്റൻ ഹോർഡിംഗുകളും സമര, പ്രചാരണ പരിപാടികളുമായി രംഗത്തെത്തി. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും സംരക്ഷകർ തങ്ങൾ മാത്രമാണെന്ന് വരുത്താൻ സി.പി.എമ്മിനെയും കോൺഗ്രസിനെയും ഒരു പോലെ കടന്നാക്രമിക്കാനാണ് ശ്രമം. അതുവഴി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും കർണാടകത്തിലും നേട്ടം കൊയ്യാനുള്ള അന്തിമഘട്ട തന്ത്രമാണ് പയറ്റുന്നത്.

കോഴിക്കോട്ടെ എൻ.ഡി.എ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് തുടക്കം കുറിച്ചത് .ശബരിമലയെയോ, അയ്യപ്പനെയോ നേരിട്ട് പരാമർശിക്കാതെ, കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ബി.ജെ.പി ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സി.പി.എമ്മിനെയുപം കോൺഗ്രസിനെയും പ്രതിക്കൂട്ടിലാക്കിയായിരുന്നു മോദിയുടെ കടന്നാക്രമണം. അതേ സമയം, ഇന്നലെ തമിഴ്നാട്ടിലെ തേനിയിൽ മോദി നടത്തിയത് പ്രത്യക്ഷ ആക്രമണമാണ്. ശബരിമലയിൽ കോൺഗ്രസും സി.പി.എമ്മും അപകടകരമായ കളിയാണ് കളിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, അവർ നമ്മുടെ സംസ്‌കാരം തകർക്കാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ അയ്യപ്പന്റെ പേര് പോലും പറയാനാവാത്ത സ്ഥിതിയാണെന്നും വരെ പറഞ്ഞു. ശബരിമല പ്രശ്നത്തിൽ സി.പി.എമ്മും കോൺഗ്രസും കനത്ത വില നൽകേണ്ടി വരുമെന്ന് ഇന്നലെ കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും മുന്നറിയിപ്പ് നൽകി. വരും നാളുകളിൽ ബി.ജെ.പി ശബരിമല പ്രചാരണ വിഷയമാക്കാൻ പോകുന്നതിന്റെ സൂചനയായി ഇതിനെ കാണാം.

അവസാന ലാപ്പിൽ ശബരിമല വിഷയത്തിൽ ഹൈന്ദവ വികാരം മുതലെടുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രത്തിന് മറുതന്ത്രവുമായി കോൺഗ്രസിന്റെയും സി.പി.എമ്മിന്റയും നേതാക്കൾ കളത്തിലിറങ്ങി. കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയും മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ മറുപടിയാണ് ഇന്നലെ ബി.ജെ.പിക്ക് നൽകിയത്.

ഈ നാടകം കേരളത്തിൽ

ഒാടില്ല : എ.കെ.ആന്റണി.

ശബരിമല വിഷയത്തിൽ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം നാടകമാണെന്ന് എ.കെ.ആന്റണി തൃശൂരിൽ പറഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോൾ ഒന്നും പറയാതിരുന്ന ബി.ജെ.പി സർക്കാരാണ് ഇനി അധികാരത്തിൽ വന്നാൽ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്നു പറയുന്നത്. ശബരിമലയിൽ യുവതീ പ്രവേശനത്തിനായി കേസ് കൊടുത്തത് ബി.ജെ.പിയുടെ വനിതാ നേതാക്കളാണ്. കേസിൽ വിധി വന്നിട്ടും ഓർഡിനൻസ് ഇറക്ക് അത് മറികടക്കാൻ ബി.ജെ.പി സർക്കാർ തയാറായില്ല. അന്ന് ഉറക്കം നടിച്ചവരാണ് ഇന്ന് വാഗ്ദാനങ്ങൾ നിരത്തുന്നത്. ഈ പരിപ്പ് ഇവിടെ വേവില്ല. മോദിയുടെ കോഴിക്കോട് പ്രസംഗം ജനങ്ങളുടെ ബുദ്ധിശക്തിയെ കളിയാക്കുന്നതാണ്.

മുന്നറിയിപ്പുമായി

വീണ്ടും ടിക്കാറാം മീണ

മതത്തിന്റെയും ജാതിയുടെയും ദൈവത്തിന്റെയും പേരിൽ പ്രചാരണം നടത്തുന്നത് ചട്ടലംഘനമാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ലക്ഷ്‌മണരേഖ ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ വിണ്ടും മുന്നറിയിപ്പ് നൽകി.