ആറ്റിങ്ങൽ: മോദിക്കെതിരെ ഇസ്‌പേഡ് രാജകുമാരനെ രംഗത്തിറക്കി കോൺഗ്രസ് മത്സരിക്കുകയാണെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിളള. എൻ.ഡി.എ ആറ്റിങ്ങൽ മണ്ഡലത്തിന്റെ പ്രകടനപത്രിക പുറത്തിറക്കിയതിനോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ ഇന്ത്യയെ ലോകശക്തിയായി വളർത്തി. ശത്രുക്കളെ അവരുടെ മടയിൽച്ചെന്ന് ഇല്ലാതാക്കുന്ന ശക്തിയായി ഇന്ത്യമാറി. 2030 ആകുമ്പോഴേയ്ക്കും അമേരിക്കയെക്കാൾ മുന്തിയ സാമ്പത്തികശക്തിയായി ഇന്ത്യമാറുമെന്ന് സാമ്പത്തികനിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. ചരിത്രം നിർമ്മിച്ചുകൊണ്ടിരിക്കുന്ന മഹാപ്രക്രിയയാണ് ബി.ജെ.പി ഭരണകാലത്തുണ്ടായത്. യഥാർത്ഥ വസ്തുതകൾ ജനങ്ങളിലെത്തിയാൽ ആറ്റിങ്ങലും പുതിയ ചരിത്രമെഴുതും. നമ്മുടെ പരമാധികാരത്തെ അംഗീകരിക്കാത്തവർ ഇപ്പോഴും ഇന്ത്യയിലുണ്ട്. അവരാണ് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെത്രയെന്ന് ചോദിക്കുന്നതെന്നും ശ്രീധരൻപിളള പറഞ്ഞു.
എൻ.ഡി.എ പാർലമെന്റ് മണ്ഡലം ചെയർമാൻ കെ.എ. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. കർണാടകയിൽ നിന്നുളള ബി.ജെ.പി.നേതാവ് നിർമ്മൽകുമാർ സുരാല, എം.ടി.രമേഷ്, ചെമ്പഴന്തി ഉദയൻ, പി.സുധീർ, നിഖിൽകുമാർ, ശ്രീകണ്ഠൻ പങ്കജ്, കെ.ബി. അരുൺ, വെള്ളാഞ്ചിറസോമശേഖരൻ, കല്ലറരാജീവ് എന്നിവർ സംസാരിച്ചു.