jagadeesh

തിരുവനന്തപുരം: തമിഴ്നാട് വഴി രേഖകളില്ലാതെ അരക്കിലോ സ്വർണം കടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്‌റ്റു ചെയ്തു. രാജസ്ഥാനിലെ ഉദയ്‌പൂർ സ്വദേശിയായ ജഗദീഷിനെയാണ് (29) തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നെയ്യാറ്റിൻകര ടി.ബി. ജംഗ്ഷനിൽ വച്ച് നെയ്യാറ്രിൻകര ഡിവൈ.എസ്.പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ​അന്തർസംസ്ഥാനം കേന്ദ്രീകരിച്ച് നികുതി വെട്ടിച്ച് സ്വർണം കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ജഗദീഷെന്നും ഇതേക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ ബിജു,​ എസ്.ഐ രാഗേഷ് കുമാർ,​ എ.എസ്.ഐ ഷിബു,​ സി.പി.ഒ പ്രേംലാൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.