തിരുവനന്തപുരം:സിവിൽ സർവീസിൽ കേരളം കണ്ട മികച്ച ഭരണാധികാരിയും അറിവിന്റെ ദീപ്തിയിൽ ചിരിയും ചിന്തയും പകർന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രഭാഷകനും ഗ്രന്ഥകാരനും പൊതുമണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഡോ.ഡി.ബാബുപോളിന് തലസ്ഥാനം യാത്രാമൊഴിയേകി.

കരൾ, വൃക്ക രോഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഇവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ആ ധന്യജീവിതത്തിന് 78ാം വയസിൽ അന്ത്യമായത്. ഭൗതികദേഹം ഇന്നലെ പൊതുദർശനത്തിന് വച്ച സ്റ്റാച്യു പുന്നൻ റോഡിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിലും കവടിയാർ മമ്മീസ് കോളനിയിലെ ചീരത്തോട്ടം വീട്ടിലും ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചിന് എറണാകുളത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹം വൈകിട്ട് നാലിന് പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്‌കരിക്കും. മാതാപിതാക്കളുടെ ഭൗതികദേഹങ്ങൾ അടക്കിയ കുടുംബ കല്ലറ സെന്റ്‌മേരീസ് കത്തീഡ്രലിലാണ്. അവിടെ തന്നെയും അടക്കണമെന്നത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു.
സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ അന്ത്യശുശ്രൂഷയ്‌ക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. സർക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്തിമോപചാരം അർപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൃതദേഹം കവടിയാർ മമ്മീസ് കോളനിയിലെ വസതിയിലെത്തിച്ചു. ബന്ധുക്കളും മുൻ സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം അവിടെ കാത്ത് നിന്നിരുന്നു.രാത്രി വൈകുവോളം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
കേരളത്തിന്റെ വികസന, സാംസ്‌കാരിക മേഖലകളിലെ നിരവധി സംരംഭങ്ങളുടെ അമരക്കാരനായിരുന്നു ബാബുപോൾ. മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്‌മാനും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ ഒാർഡിറ്റേറുമായിരുന്നു. ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്, ഗതാഗതം റവന്യൂ തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു.

നവകേരള മിഷനുകളുടെ ഉപദേശകനും കിഫ്ബി ഭരണസമിതി അംഗവുമായിരുന്നു. അഡിഷണൽ ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്.രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിലൂടെ തയ്യാറാക്കിയ വേദശബ്ദ രത്നാകരം എന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ മുപ്പത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റെയും മകനാണ്. ഭാര്യ: പരേതയായ അന്നബാബു പോൾ (നിർമ്മല). മക്കൾ: മറിയം ജോസഫ് (നീബ), ചെറിയാൻ സി.പോൾ (നിബു). മരുമക്കൾ: സതീഷ് ജോസഫ് (മുൻ ഡി.ജി.പി എം.കെ. ജോസഫിന്റെ മകൻ), ദീപ (മുൻ ഡി.ജി.പി സി.എ. ചാലിയുടെ മകൾ). മുൻ വ്യോമയാന സെക്രട്ടറിയും യു.പി.എസ്.സി അംഗവും ആയിരുന്ന കെ.റോയ് പോൾ സഹോദരനാണ്.