തിരുവനന്തപുരം: ഹാസ്യ സാഹിത്യകാരനും തിരുവനന്തപുരം എം.ജി കോളേജിലെ മലയാള വിഭാഗം മുൻ മേധാവിയുമായ കാട്ടുറോഡ് കമലാ ഭവനിൽ ഡോ. പി. സേതുനാഥൻ (72) നിര്യാതനായി. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര തെരുവിൽ പരമേശ്വരൻ നായരുടെയും എൽ.ജാനകിയമ്മയുടെയും മകനാണ്. 1968ൽ കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും നേടി. വിവിധ എൻ.എസ്.എസ് കോളജുകളിൽ അദ്ധ്യാപകനായിരുന്നു.
പഴഞ്ചൊല്ലുകൾ, വാമൊഴികൾ, നാട്ടറിവുകൾ എന്നിവ സരസമായി പ്രതിപാദിച്ച് നാടൻ ഭാഷയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മലയാളപ്പെരുമ, എം.പി.മന്മഥൻ, കർമ്മപഥത്തിൽ കാലിടറാതെ, സ്‌റ്റീഫൻ ഹോക്കിംഗ് - ജീവിക്കുന്ന ഒരു ഇതിഹാസം, മലനാട്ടുപെരുമ, ചീരങ്കാവിൽ യക്ഷിയും മറ്റുകഥകളും,യക്ഷിക്കഥകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്. നാഗർകോവിൽ അയ്യപ്പാ കോളേജിലെ റിട്ട. പ്രൊഫസർ കെ.വിമലയാണ് ഭാര്യ. സ്‌മിത മകളും സനൽകുമാർ (ട്രൈ പവർ കൺസ്ട്രക്‌ഷൻസ് വെള്ളയമ്പലം) മരുമകനുമാണ്.