election-2019

വടക്കാഞ്ചേരി റെയിൽവേ ഗേറ്റു കടന്ന് പുന്നംപറമ്പിലേക്കു പോകുംവഴി ആരുടെയും കണ്ണിലുടക്കുന്ന ഒരു കുഞ്ഞു പോസ്റ്റർ: കമ്മ്യൂണിസ്റ്ര് കോട്ട തകർക്കുന്ന ചിത്രശലഭം! പോസ്റ്ററിൽ നിറഞ്ഞു ചിരിക്കുന്നുണ്ട് രമ്യാ ഹരിദാസ്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമ്യ, ഒരു ചിത്രശലഭം പോലെ മണ്ഡലത്തിൽ പാറി നടക്കുന്നുണ്ടെന്നാണ് കോൺഗ്രസുകാർ പറയുന്നത്. അതുണ്ടാക്കുന്ന ഓളം ചെറുതല്ല. ഈ പെൺകുട്ടി ആളുകളെ പാട്ടു പാടി പാട്ടിലാക്കുമെന്ന ധൈര്യം അവരെ നയിക്കുന്നു. പരമ്പരാഗത ഇടതു കോട്ടയെന്ന് വിശേഷണമുള്ള ആലത്തൂരിൽ ഈ ആത്മവിശ്വാസത്തിന് സ്ഥാനമുണ്ടോ എന്നു ചോദിച്ചാൽ 'ഇത്തവണയൊന്ന് കടുക്കും' എന്നാണ് മറുപടി.

കാവശ്ശേരിക്കടുത്ത് മുത്താനോട് ആറാപ്പുഴയിൽ ചുറ്റുംകൂടിയ വീട്ടമ്മമാരോടു സംസാരിക്കുമ്പോൾ മന്ത്രി എ.കെ. ബാലൻ പറഞ്ഞു: പണ്ട് ആമയും മുയലും പന്തയം വച്ച കഥ പോലെയാകരുത്,​ ഈ മത്സരം. ആത്മവിശ്വാസം കൂടുകയോ കുറയുകയോ അരുതെന്ന് അ‌ർത്ഥം. ഇത്തവണ നിർണായകമായതു കൊണ്ടുതന്നെ ഇടതു സ്ഥാനാർത്ഥി പി.കെ. ബിജുവിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ 39,​000-ത്തിൽ നിന്ന് ഒരു ലക്ഷമാക്കിക്കൊടുക്കണമെന്ന് ചുറ്റും നിന്നവരോടു പറയുമ്പോൾ മന്ത്രിക്കുമുണ്ട് തികഞ്ഞ ആത്മവിശ്വാസം.

വടക്കാഞ്ചേരിക്കടുത്ത് കല്ലുമ്പുറത്ത് രാവിലെ 10.30 നാണ് രമ്യ ഹരിദാസ് തുറന്ന വാഹനത്തിലെത്തിയത്. അവിടെ അകമ്പടിക്കാരൻ പ്രസംഗിച്ചു തകർക്കുന്നു: "ഇരുപതു മണ്ഡലങ്ങളിലും ഇന്ന് രമ്യയെപ്പറ്റി സംസാരിക്കുന്നു, എല്ലായിടത്തും ഇടതു നേതാക്കൾ രമ്യയ്ക്കെതിരെ സംസാരിക്കുന്നു."

അടുത്ത സ്വീകരണകേന്ദ്രമായ വടക്കുമുറിയിലെത്തിയപ്പോൾ കൂടിനിന്നവരുടെ ആവശ്യം - രമ്യ പാടണം. കലാഭവൻ മണിയേട്ടന്റെ 'മിന്നാമിനുങ്ങേ...' തന്നെ ആയിക്കോട്ടെ എന്നു പറഞ്ഞ് രമ്യ പാടി. പോകുന്ന വഴിക്കെല്ലാം കൂടിനിൽക്കുന്നവരോട് 'സഹായിക്കണം ട്ട്വോ' എന്നു പറഞ്ഞാണ് യാത്ര. നിറഞ്ഞ ചിരിയോടെ ആളുകൾ കൈവീശുന്നു.

കണക്കുകൾ നോക്കിയാൽ വിജയം പ്രയാസമല്ലേ എന്നു ചോദിച്ചപ്പോൾ കണക്കിലല്ലല്ലോ കാര്യം എന്ന് സ്ഥാനാർത്ഥിയുടെ ഉത്തരം. 'നാട്ടുകാരിൽ നല്ല വിശ്വാസമുണ്ട്. ഇത്തവണ കണക്കു തിരുത്തും- ആത്മവിശ്വാസത്തോടെ രമ്യാ ഹരിദാസ് പറഞ്ഞു.

തരൂർ മുത്താനോട് ആറാപ്പുഴയിൽ ഇടതു സ്ഥാനാർത്ഥി ഡോ.പി.കെ. ബിജു എത്തുമ്പോൾ അകമ്പടിക്കാരൻ തകർക്കുകയാണ്: 'മോദി സർക്കാരിനെ തുറന്നെതിർക്കാൻ കോൺഗ്രസ്സിനാവില്ല. ഇവർ എളാപ്പ, മൂത്താപ്പ മക്കളാണ്!'

മന്ത്രി ബാലനോടൊപ്പമാണ് സ്ഥാനാർത്ഥിയുടെ വരവ്. മുദ്രാവാക്യം വിളികളുടെ മുഴക്കം. മോദി വീണ്ടും വന്നാൽ അടുത്ത തവണ തിരഞ്ഞെടുപ്പു തന്നെ കാണില്ലെന്ന മുന്നറിയിപ്പോടെയാണ് മന്ത്രി തുടങ്ങിയത്. പിണറായി സർക്കാർ വ‌ർദ്ധിപ്പിച്ച ക്ഷേമ പെൻഷൻ കിട്ടിയില്ലേയെന്ന് മുന്നിലിരുന്ന അമ്മയോടു ചോദ്യം. കിട്ടിയെന്ന് തലകുലുക്കി ഉത്തരം. 2200 കോടിയുടെ വികസനം നാടിന് പത്തുവർഷം കൊണ്ട് നൽകിയതു തൊട്ട് ദേശീയരാഷ്ട്രീയം വരെ പ്രസംഗിച്ച ശേഷം സ്ഥാനാർത്ഥി ബിജു അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഓളം പുറമേയ്‌ക്കേയുള്ളൂ എന്നാണ് ബിജുവിന്റെ പക്ഷം. 'അവർക്ക് താഴെത്തട്ടിൽ പ്രവർത്തനമില്ല. പാലക്കാട് ജില്ലയിലെ മണ്ഡലങ്ങൾ നമ്മുടെ ശക്തികേന്ദ്രങ്ങളാണ്. തൃശൂർ ജില്ലയിലെ മൂന്നിടത്തും നല്ല മുന്നേറ്റമുണ്ടാവും. ആറ് റൗണ്ട് പ്രചാരണം തീർത്തു- ബിജുവിനും ആത്മവിശ്വാസം.

കുടത്തിൽ താമര വിരിയിക്കാൻ സഹായം ചോദിച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസിന്റെ ടി.വി. ബാബുവിന്റെ യാത്ര. കത്തുന്ന വെയിലത്ത് വടക്കാഞ്ചേരിക്കടുത്ത് പുന്നംപറമ്പിൽ തുറന്ന ജീപ്പിൽ നീങ്ങുമ്പോൾ ചുറ്റിലും കൂടിനിന്നവരോട് ബാബു കൈവീശി. ഓരോ സ്വീകരണകേന്ദ്രത്തിലും എത്തുമ്പോൾ വാഹനത്തിൽ നിന്നിറങ്ങി ആളുകൾക്കിടയിലേക്കു നീങ്ങി ബാബുവും അവരിലൊരാളാകാൻ ശ്രമിക്കുന്നുണ്ട്.

ശക്തമായ ത്രികോണമത്സരമുണ്ട് ഇവിടെ. ശബരിമല സമരത്തിൽ ഏറ്റവുമധികം പേർ ജയിലിൽ കിടന്നിട്ടുള്ളത് ഇവിടെയാണ്- ബാബു പറഞ്ഞു. ബി.ജെ.പി സജീവമല്ലെന്നും വോട്ട് മറിക്കുമെന്നുമുള്ള ഇടതു പ്രചരണത്തെ ബാബു തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിലധികം വോട്ടു പിടിച്ചത് ഇക്കുറി രണ്ടു ലക്ഷമാകുമെന്നാണ് ആത്മവിശ്വാസം.

പാലക്കാട്ടെ നെന്മാറയും തരൂരും ചിറ്റൂരും ആലത്തൂരും തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയും കുന്നംകുളവും ചേലക്കരയും ചേരുന്ന ലോക്‌സഭാ മണ്ഡലത്തിൽ ഏഴിടത്തും 2014-ൽ മുന്നിലെത്തിയത് ഇടതുമുന്നണി. നിയമസഭാതിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയൊഴികെ ആറും പിടിച്ചതും അവർ. ഈ ആത്മവിശ്വാസം അവരെ നയിക്കുന്നു. ആ സ്ഥിതി മാറിയെന്നും എല്ലായിടത്തും തിരയിളക്കമുണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണ് യു.ഡി.എഫിന്.

ചിറ്റൂരിലും നെന്മാറയിലും ചേലക്കരയിലും കുന്നംകുളത്തും വടക്കാഞ്ചേരിയിലും ബി.ജെ.പി 2014-ൽ പതിനായിരത്തിനു മേൽ വോട്ട് നേടി. എൻ.ഡി.എ താഴോട്ടു പോയാൽ വിനയാകുമെന്ന ആശങ്ക ഇടതിൽ ചില നേതാക്കളെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പങ്കുവയ്‌ക്കുന്നത് അതിനാലാണ്. ലോക്‌സഭാമണ്ഡലത്തിലാകെ 12.34 ലക്ഷം വോട്ടർമാരുണ്ട്. 20,​000-ത്തിലധികം പുതുവോട്ടർമാർ ആരെ തുണയ്‌ക്കുമെന്നതും ചോദ്യം.

പാലക്കാട്ടും അതിനോട് അതിർത്തി പങ്കിടുന്ന തൃശൂർ ജില്ലയിലെ പ്രദേശങ്ങളുമുൾപ്പെട്ട മണ്ഡലത്തിലാകെ പൊള്ളിത്തിളയ്‌ക്കുന്ന ചൂടാണ്. ഇക്കുറി തിരഞ്ഞെടുപ്പിലുമുണ്ട്,​ ആ ചുട്ടുപൊള്ളൽ.

എൽ.ഡി.എഫ്: അനുകൂലം -താഴെത്തട്ടിലടക്കം ചിട്ടയായ സംഘടനാപ്രവർത്തനം, പരമ്പരാഗത ഇടത് ശക്തികേന്ദ്രത്തിലെ ഉറച്ച പാർട്ടിവോട്ടുകൾ.

പ്രതികൂലം: യു.ഡി.എഫ് എതിരാളിയുടെ അപ്രതീക്ഷിത ജനപ്രീതി വോട്ടാകുമോയെന്ന ശങ്ക, ബി.ജെ.പി വോട്ടു മറിക്കുമോയെന്ന സംശയം.

യു.ഡി.എഫ്: അനുകൂലം- സ്ഥാനാർത്ഥിയുടെ പ്രസരിപ്പും പെട്ടെന്നുണ്ടായ ജനപ്രീതിയും, സ്ഥാനാർത്ഥിയെത്തിയ ശേഷം പ്രവർത്തകരിലുണ്ടായ ഉണർവ്,​ രാഹുൽ ഇഫക്‌ട്.

പ്രതികൂലം- പരമ്പരാഗത ഇടതു ശക്തികേന്ദ്രങ്ങൾ, ബൂത്ത്തല പ്രവർത്തനത്തിലെ ചെറിയ പോരായ്‌മകൾ.

എൻ.ഡി.എ: അനുകൂലം- ബി.ജെ.പിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം, ശബരിമല ഇഫക്‌ടിൽ വിശ്വാസിസമൂഹത്തിന്റെ പിന്തുണയിലുള്ള പ്രതീക്ഷ.

പ്രതികൂലം- പ്രവർത്തനം സജീവമല്ലാത്തത്,​ വോട്ടു കച്ചവടമെന്ന എതിർപ്രചരണം.