തിരുവനന്തപുരം: തലസ്ഥാനത്തെ സാംസ്‌കാരിക, സാഹിത്യ മേഖലയിൽ ഒഴിച്ചു കൂടാനാകാത്തൊരു പേരായിരുന്നു ഡോ. ഡി. ബാബുപോളിന്റേത്. രണ്ടു പതിറ്റാണ്ടായുള്ള പതിവാണത്. സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് തിരുവനന്തപുരത്തെ സാംസ്‌കാരിക മേഖലയിൽ ബാബുപോൾ സജീവമായത്. എഴുത്തുജീവിതം തൊള്ളായിരത്തി അറുപതുകളിൽ ആരംഭിച്ചിരുന്നെങ്കിലും സർവീസ് സംബന്ധമായ തിരക്കുകൾ കാരണം സാംസ്‌കാരിക പരിപാടികളിൽ സജീവമാകാൻ സാധിച്ചില്ല. ഈ കുറവ് നികത്തിയത് റിട്ടയർമെന്റിനു ശേഷം തിരുവനന്തപുരത്തെ സാമൂഹിക, സാംസ്‌കാരിക മണ്ഡലത്തിൽ സജീവമായിക്കൊണ്ടാണ്. പുസ്തക പ്രകാശനങ്ങൾക്കും ചർച്ചകൾക്കും സെമിനാറുകൾക്കും ശില്പശാലകൾക്കും ഡോ. ഡി.ബാബുപോൾ എന്ന പേര് ഒഴിച്ചുകൂടാനാകാത്തതായി മാറി. ഏതൊരു വിഷയത്തിലും ബാബു പോൾ സാറിന്റെ പ്രതികരണം തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർക്കും നിർബന്ധമായിരുന്നു. അത്രമാത്രം ആധികാരികമായ ഒരു ശബ്ദം എന്ന നിലയിലാണ് പത്രക്കാർ ആ പരിഗണന ബാബുപോളിന് നൽകിയിരുന്നത്. നഗരത്തിൽ സർക്കാർ വകുപ്പുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന പരിപാടികളിലും ഡോ. ബാബുപോളിന് ഒരു ഇരിപ്പിടം ഉറപ്പാണ്. പരിപാടികൾ ചെറുതോ വലുതോ സംഘാടകർ ആരെന്നോ നോക്കാതെ ആർക്കും പരിപാടിയിൽ പങ്കെടുക്കാൻ ചെന്നു കണ്ട് ക്ഷണിക്കാനുള്ള സ്വാതന്ത്ര്യം ബാബു പോൾ നൽകിയിരുന്നു. കവടിയാറിലെ വീട്ടിൽ എപ്പോഴും അതിഥികളുടെയും സംഘാടകരുടെയും വിദ്യാർത്ഥികളുടെയും തിരക്ക് അനുഭവപ്പെട്ടു. ബാബുപോൾ ബ്യൂറോക്രാറ്റ് എന്നതിനെക്കാൾ മികച്ച പ്രാസംഗികനും എഴുത്തുകാരനും സഹൃദയനുമായിരുന്നു എന്നതാണ് വ്യത്യസ്തത.
മമ്മീസ് കോളനിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ എപ്പോഴും ആർക്കും കടന്നുചെല്ലാം. ആളുണ്ടെങ്കിൽ വാതിൽ തുറക്കും. ഇല്ലെങ്കിൽ പുറത്തുള്ള ഡയറിയിൽ നമ്പർ എഴുതി വച്ചിട്ട് പോകാം. തിരിച്ചു വിളിക്കും. അത് ബാബുപോൾ സാർ മരണം വരേയും സൂക്ഷിച്ചിട്ടുള്ള ഉറപ്പാണ്. കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ വേദികളിലും അദ്ദേഹം എത്തിയിരുന്നു. അത്തരമൊരു വിശ്വാസ്യത അദ്ദേഹം നേടിയെടുത്തിരുന്നു. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ ഇലക്ഷൻ പ്രചാരണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബാബുപോൾ പങ്കെടുത്ത അവസാന പരിപാടികളിൽ ഒന്നായിരുന്നു.