കോവളം: കോട്ടുകാൽ കൊല്ലകോണം നെല്ലിമൂട് മുലയൻതാന്നി ദേവീക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കത്തിന് പിന്നാലെ അച്ഛനും മകനുമടക്കം മൂന്ന് പേർക്ക് വെട്ടേറ്റു. കോട്ടുകാൽ കൊല്ലകോണം എസ്.വി സദനത്തിൽ സുബാഷ് ചന്ദ്രൻ (65), മകൻ ദിലീപ് (35), അയൽവാസി വിജയൻ (45) എന്നിവർക്കാണ് വെട്ടേറ്റത്. മൂവരേയും വെട്ടിയ ശേഷം ഒളിവിൽ പോയ കോട്ടുകാൽ ബാലൻവിള സ്വദേശി പൊന്മാൻ എന്ന് വിളിക്കുന്ന രാഹുലിനായി (30) പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച നടന്ന ഘോഷയാത്രയ്ക്കിടെ സുബാഷ് ചന്ദ്രനും മകനുമായി രാഹുൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇന്നലെ കൊല്ലകോണം ദേവീക്ഷേത്രത്തിന് സമീപമുള്ള ദിലീപിന്റെ പ്രൊവിഷൻ സ്റ്റോറിൽ ബൈക്കിലെത്തിയ രാഹുൽ

വണ്ടിയിൽ സൂക്ഷിച്ചിരുന്ന വാളെടുത്ത് ദിലീപിനെ വെട്ടി. അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചുപോയ ദിലീപ് ഒഴിഞ്ഞു മാറിയെങ്കിലും കൈയ്ക്ക് വെട്ടേറ്റു. തുടർന്ന് വാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രാഹുൽ ബൈക്കെടുത്ത് രക്ഷപ്പെട്ടു. പരിക്കേറ്റ ദിലീപിനെ നാട്ടുകാർ ചേർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം മദ്യപിച്ച് ലക്കുകെട്ട രാഹുൽ കാറിൽ ദിലീപിന്റെ വീട്ടിലെത്തുകയും അലറിക്കൊണ്ട് വാളുമായി വീട്ടിലേക്ക് ഓടിക്കയറുകയും ദിലീപിന്റെ അച്ഛൻ സുബാഷ് ചന്ദ്രനെ വെട്ടുകയും ചെയ്തു. വെട്ടേറ്റ് നിലത്തുവീണ സുബാഷ് ചന്ദ്രന്റെ നിലവിളി കേട്ടാണ് അയൽവാസിയായ വിജയൻ ഓടിയെത്തിയത്. രാഹുലിനെ തടയാൻ ശ്രമിക്കുന്നതിനിടെ വിജയന്റെ കാലിനും വെട്ടേറ്റു. സുബാഷ് ചന്ദ്രനേയും വിജയനേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദിലീപിന്റെ വീട്ടിലേക്കുവരും വഴി

രാഹുൽ ഓടിച്ച കാർ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർത്തിരുന്നു. ആക്രമണത്തിന് ശേഷം മടങ്ങുന്നതിനിടെ കാർ വീണ്ടും പോസ്റ്റുകളിൽ ഇടിച്ചു. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട രാഹുൽ അതിവേഗത്തിൽ കാറുമായി പാഞ്ഞു. അമിതവേഗത്തിൽ പോകുന്നതിനിടെ മരുതൂർകോണം കരിയറയിൽ വച്ച് നിയന്ത്രണം നഷ്ടമായ കാർ ഒരു വീടിന്റെ മതിലും ഗേറ്റും തകർത്ത ശേഷം

മൂന്ന് തവണ തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ രാഹുൽ മറിഞ്ഞ കാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഓടിക്കൂടിയ നാട്ടുകാരെ വാൾ വീശിക്കാട്ടിയ ശേഷം രക്ഷപ്പെട്ടു. കാഞ്ഞിരംകുളത്തെ പെട്രോൾ പമ്പുടയമയുടെ വീട്ടിൽ രാഹുൽ ആക്രമണം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് പയറ്റുവിളയിൽ ബിനു എന്ന യുവാവിനെ വെട്ടിക്കൊന്നതടക്കം നിരവധി വധശ്രമ കേസുകളിൽ പ്രതിയാണ് രാഹുലെന്ന് പൊലീസ് പറഞ്ഞു.