തഞ്ചാവൂർ: ''തുടിപ്പത് മനം ജയിക്കത് ദിനം ...'' ഉച്ചത്തിൽ പാട്ടു മുഴങ്ങുന്നു. തഞ്ചാവൂരിലെ പ്രധാനക്ഷേത്രത്തിനു പിൻവശത്തെ ശിവഗംഗൈ പൂങ്കായ്‌ക്കടുത്ത് ചെറിയ ആൾക്കൂട്ടം. മക്കൾ നീതി മയ്യം അദ്ധ്യക്ഷൻ കമലഹാസന്റെ വരവറിയിക്കാനാണ് പാട്ട്. ബാൻഡ് മേളത്തോടെ തുടക്കം. ''ഉലകനായകൻ... വരുംകാല മുതൽവൻ വന്തിട്ടിറിക്കിറാൻ...''
അടുത്തുള്ള കോട്ടയുടെ കവാടത്തിന്റെയും വേപ്പുമരത്തിന്റെയും തണൽ പറ്റിയാണ് ആളുകളുടെ നിൽപ്പ്. കമലഹാസൻ പത്തു മണിക്കു വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. ബാൻഡ് മേളവും പാട്ടും തുടരവേ നേരം പതിനൊന്നരയായി. ചൂട് 43 ഡിഗ്രി. കമലിന്റെ പ്രസംഗം കേൾക്കാൻ ആളുകളുടെ എണ്ണം കൂടി. വന്നവർക്കെല്ലാം പാർട്ടി പ്രവർത്തകർ കമലിന്റെ മുഖം മൂടികൾ വീതരണം ചെയ്യുന്നു.
രണ്ടു കാറുകളുടെ അകമ്പടിയോടെ കമലിന്റെ കാരവാൻ വരവായി. മുന്നിലെ കാറിനു മുകളിൽ രണ്ടു പേർ കമലിന്റെ യാത്രയുടെ വീഡിയോ പിടിക്കുന്നു. കാരവാനിൽ തൂങ്ങിക്കിടക്കുകയാണ് നാല് അംഗരക്ഷകർ. കാരവാൻ നിന്നു. വാഹനത്തിനു മുകളിലേക്ക് പൊങ്ങിയെത്തി, ഉലകനായകൻ! തേവർമകൻ സ്റ്റൈലിലാണ് വരവ്. താടിവയ്‌ക്കാത്ത പെരിയാർ, തൊപ്പിവയ്ക്കാത്ത എം.ജി.ആർ... പുതിയ വിശേഷണങ്ങൾ ചാർത്തി പ്രവർത്തകർ തകർത്തു വിളിച്ചു.
കമലഹാസൻ മൈക്കെടുത്തു. ഒരു ചെറു പ്രസംഗം. തമിഴ്നാട്ടിൽ മാറ്റം വരണം. ഇപ്പോഴത്തെ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും നാടിനെ രക്ഷിക്കാനാകില്ല. അവർ അഴിമതിയുടെ കൂടാരങ്ങളാണ്. പാരമ്പര്യമായി അവരുടെ ചിഹ്നത്തിൽ വോട്ടുചെയ്‌ത് ശീലിച്ചവർ ഇനി മാറിച്ചിന്തിക്കണം. വീടുകളിൽ അങ്ങനെ പിടിവാശി പിടിക്കുന്നവരെ യുവാക്കൾ തിരുത്തണം. തമിഴ്നാട് ആരുടെയും കുടുംബസ്വത്തല്ല
ഈ ആൾക്കൂട്ടം കാശുകൊടുത്ത് കൂട്ടിയതല്ല.നാട്ടിൽ നല്ലതു നടക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടമാണിത്. കൈയടിയും ആരവങ്ങളും മുഴങ്ങവെ പാർട്ടി ചിഹ്നമായ ടോർച്ച് കൈയ്യിലെടുത്ത് ഉയത്തിക്കാട്ടി, കമൽ അവിടെ സ്ഥാനാർത്ഥിയായ സമ്പത്ത് രാമദാസിന് മൈക്ക് കൈമാറി.
ചിലർ ഓട്ടോഗ്രാഫിനായി കാരവാന് അടുത്തെത്തി. ചൂടത്ത് ഉരുകിയൊലിച്ചു നിൽക്കുന്ന അംഗരക്ഷകർക്ക് അതത്ര പിടിച്ചില്ല. തീർത്തു പറഞ്ഞു: 'മുടിയാത്'. വന്നവർക്ക് നിരാശ. സിനിമയുടെ പ്രൊമോഷനല്ല, തിരഞ്ഞെടുപ്പിൽ വോട്ടു തേടിയാണ് കമൽ വന്നതെന്ന് മനസിലാകാത്ത മട്ടിലാണ് കൂടെയുള്ളവരുടെ പെരുമാറ്റം.
സ്ഥാനാർത്ഥിയുടെ പ്രസംഗം കഴിഞ്ഞു. കമൽ കാരവാനുള്ളിലേക്കു മറഞ്ഞു.