election-2019

തിരുവനന്തപുരം:പ്രചാരണം തീരാറാകുമ്പോൾ തിരുവനന്തപുരത്തിന്റെ സ്ഥിതിയെന്തെന്നു ചോദിച്ചാൽ, നഗരകേന്ദ്രങ്ങളിൽ പലേടത്തുമുയർന്ന ശബരിമല കർമ്മസമിതിയുടെ കൂറ്റൻ ബോർഡുളാണ് ഉത്തരം. തിരഞ്ഞെടുപ്പു കമ്മിഷന്റെ കാർക്കശ്യം ഭയന്ന് പിൻവലിഞ്ഞിരുന്ന ശബരിമലവിഷയം അവസാന റൗണ്ടിൽ മുൻനിരയിലേക്കു വരുന്ന കാഴ്‌ച!

സംസ്ഥാനത്ത് ഒരു മണ്ഡലത്തിലെങ്കിലും ജയിക്കാനുറച്ച ബി.ജെ.പി.യുടെ പ്രതീക്ഷയത്രയും ശബരിമല പ്രശ്‌നത്തിലാണ്. ലക്ഷ്യമൂന്നുന്നത് തിരുവനന്തപുരവും. 2014- ലെ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ മുന്നേറിയത് മോദി തരംഗത്തിലും സ്വന്തം വ്യക്തിപ്രഭാവത്തിലുമായിരുന്നെങ്കിൽ ഇക്കുറി മോദി തരംഗമില്ല. രാജേട്ടനു സമാനമായി, രാഷ്‌ട്രീയാതീതമായ സ്വാധീനം സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരന് ഉണ്ടെന്നു കരുതാനും വയ്യ. രാജഗോപാലിനെക്കാൾ വിശ്വാസ വിഷയത്തിൽ തീവ്രനിലപാടുകാരനാണ് കുമ്മനം. അതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷയത്രയും.

ആദ്യം പ്രചാരണത്തിനിറങ്ങിയതിന്റെ മേൽക്കൈ ഇടതുമുന്നണിക്കുണ്ട്. എല്ലാ ബൂത്തിലും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ചിട്ടയായ പ്രവർത്തനം. ഇടതു മുന്നണി പ്രാചരണം കുറേക്കൂടി കടുപ്പിച്ചത് വയനാട്ടിൽ രാഹുൽഗാന്ധി സ്ഥാനാർത്ഥിയായി എത്തിയ ശേഷമാണെന്ന് പറയാം. ശബരിമലപ്രശ്‌നത്തിൽ ഭൂരിപക്ഷ സമുദായവും, രാഹുൽ ഇഫക്‌ടിൽ മതന്യൂനപക്ഷങ്ങളും ഒാരോ അറകളിലേക്ക് പകുത്തുമാറ്റപ്പെടുമ്പോൾ ഇടതു പ്രതീക്ഷയത്രയും സി.ദിവാകരൻ എന്ന തദ്ദേശീയനായ കമ്മ്യൂണിസ്റ്റിന്റെ കരുത്തൻ വ്യക്തിത്വത്തിലാണ്.

മൂന്നാംവട്ടം ജയം തേടിയിറങ്ങിയ യു.ഡി.എഫിന്റെ ഡോ.ശശി തരൂർ പ്രചാരണം തീരാറായപ്പോഴാണ് പാർട്ടിക്കും മുന്നണിക്കുമെതിരെ പരാതിയുമായി എത്തിയത്. നിയോജകമണ്ഡല പര്യടനം പോലും കൃത്യമായി പൂർത്തിയാക്കാൻ അദ്ദേഹത്തിനാകുന്നില്ല. മുന്നണിക്ക് വലിയ സ്വാധീനമുള്ള വട്ടിയൂർക്കാവിലെ എം.എൽ.എ കെ.മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായി പോയതും, പരമ്പരാഗതമായി പിന്തുണച്ചുപോരുന്ന സവർണ്ണവിഭാഗങ്ങളിൽ ശബരിമല പ്രശ്‌നം വോട്ടു ചോർച്ചയുണ്ടാക്കിയെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. എന്നാൽ മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള മേഖലയിൽ മുന്നണിക്ക് സ്വാധീനം കൂടുന്നതാണ് അവസാന ലാപ്പിലെ സൂചന.

കണക്കുകൾ നോക്കിയാൽ ജയം ആർക്കൊപ്പവുമാകാം.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴിൽ നാലു നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ലീഡ്. അത് കൂട്ടാനായാൽ ഇക്കുറി വിജയം പ്രയാസമില്ല. കഴിഞ്ഞ തവണ 15,470 വോട്ടിനാണ് തോറ്റത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അതിലൊരു മണ്ഡലത്തിൽ ജയിച്ചു. മറ്റ് മൂന്നു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം. യു.ഡി.എഫിനാണെങ്കിൽ കഴിഞ്ഞ തവണ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ലീഡുകൊണ്ട് ലോക്‌സഭാ സീറ്റ് പിടിക്കാനായി. നാലു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെങ്കിലും പിന്നീട് നടന്ന നിയമസഭാ, തദ്ദേശതിരഞ്ഞെടുപ്പുകളിൽ വൻതിരിച്ചുവരവാണ് അവർ നടത്തിയത്.

രാഹുൽ,ഒാഖി ഇഫക്‌ടുകളിൽ മതന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം തങ്ങളുടെ പെട്ടിയിൽ വീഴുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ കോവളത്ത് 9289,പാറശ്ശാലയിൽ 2407,നെയ്യാറ്റിൻകരയിൽ 8203 എന്നിങ്ങനെയാണ് യു.ഡി.എഫിന്റെ ലീഡ്.പിന്നീടു വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാറശാലയിൽ 14,999 വോട്ടിന്റെയും നെയ്യാറ്റിൻകരയിൽ 9543-ന്റെയും ലീഡ് ഇടതു മുന്നണിയും നേടി.കോവളത്ത് യു.ഡി.എഫ് ലീഡ് 2615 ആയി കുറയുകയും ചെയ്‌തു. ഇൗ മണ്ഡലങ്ങളിൽ ലീഡ് പ്രതീക്ഷയില്ലെങ്കിലും വോട്ട് നിലകൂട്ടാനും ബി.ജെ.പി.വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനും കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. നെയ്യാറ്റിൻകര നഗരസഭയിലും പാറശാലയിലെ ഒരു തദ്ദേശസ്ഥാപനത്തിലും കോവളത്ത് ഏഴിൽ രണ്ടു പഞ്ചായത്തുകളിലും ഭരണം പിടിക്കാൻ കഴിഞ്ഞ ആത്മവിശ്വാസം ഇൗ പ്രതീക്ഷയ്‌ക്കു പിന്നിലുണ്ട്.

മണ്ഡലങ്ങളുടെ

മറിമായം

പ്രചാരണം തീരാറാകുമ്പോൾ ശബരിമല പ്രശ്‌നത്തിൽ ബി.ജെ.പി. ഉയർത്തുന്ന വെല്ലുവിളിയും അതിനെ ചെറുക്കാൻ മറ്റു രണ്ട് മുന്നണികൾ നടത്തുന്ന ശ്രമങ്ങളുമാണ് തെളിയുന്നത്. ശബരിമലപ്രശ്‌നം മുൻനിറുത്തിമാത്രം ജയിക്കാനാകില്ലെന്ന തിരിച്ചറിവ് ബി.ജെ.പി.ക്കുണ്ടെങ്കിലും അവർ ഉയർത്തുന്ന വെല്ലുവിളി ശക്തമാണ്.തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇതിൽ വട്ടിയൂർക്കാവ്, നേമം,തിരുവനന്തപുരം,കഴക്കൂട്ടം മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ ലീഡ് ഉയർത്തുമെന്ന് ബി.ജെ.പി. പറയുമ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും മേയർ പ്രശാന്തിന്റെയും മണ്ഡലമായ കഴക്കൂട്ടത്ത് അതു നടക്കില്ലെന്ന് ഇടതുമുന്നണി ഉറപ്പിക്കുന്നു.

ഇതോടെ ജയപരാജയങ്ങൾ നിർണ്ണയിക്കുക കോവളം,നെയ്യാറ്റിൻകര,പാറശ്ശാല മണ്ഡലങ്ങളായിരിക്കും.ഇവിടെ ലീഡ് നേടാനായാൽ ശശി തരൂരിനോ, സി.ദിവാകരനോ ജയത്തിന് വഴിതുറക്കും. മതന്യൂനപക്ഷങ്ങൾ നിർണ്ണായകമായ ഇൗ മണ്ഡലങ്ങളിൽ ബി.ജെ.പി ഉന്നം വോട്ട് ഭിന്നിപ്പിക്കുന്നതിലാണ്. മൂന്നു മണ്ഡലങ്ങളിൽ രണ്ടിടത്തും നിലവിൽ ഇടത് എം.എൽ.എമാരാണ്. കോവളത്ത് കോൺഗ്രസും. സാമുദായിക കണക്കുകൾ നോക്കിയാൽ കോവളവും, രാഷ്ട്രീയം നോക്കിയാൽ പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളും ഇടതിനൊപ്പം നിൽക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടൊപ്പം കഴക്കൂട്ടത്തു കിട്ടുന്ന വൻ ലീഡു കൂടിയായാൽ ജയിക്കാം.

ബി.ജെ.പി.:

അനുകൂലം - കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴിൽ നാലു നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമത്, തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം,ശബരിമല വിഷയം .

പ്രതികൂലം - കുമ്മനത്തിന് ഒ. രാജഗോപാലിന്റെയത്ര ജനസ്വാധീനമില്ല, മതന്യൂനപക്ഷ വിഭാഗങ്ങൾ കുടുതലുള്ള മേഖലയിൽ സ്വാധീനക്കുറവ്.

യു.ഡി.എഫ്.:

അനുകൂലം-മതന്യൂനപക്ഷ മേഖലയിലെ ശക്തമായ സ്വാധീനം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള രാഷ്ട്രീയമിടുക്ക്,സ്ഥാനാർത്ഥിയുടെ പ്രശസ്തി,സൗന്ദര്യം.

പ്രതികൂലം-കുത്തഴിഞ്ഞ സംഘടനാസംവിധാനം,പത്തു വർഷത്തെ സിറ്റിംഗ് എം.പി.ക്കെതിരായ ഭരണവിരുദ്ധ വികാരം,ശബരിമല പ്രശ്നത്തിലെ ആശയക്കുഴപ്പം.

എൽ.ഡി.എഫ്.:

അനുകൂലം- ശക്തമായ സംഘടനാസംവിധാനം,സംസ്ഥാനഭരണം,തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം.

പ്രതികൂലം: സംസ്ഥാന ഭരണവിരുദ്ധ വികാരം,ഒാഖി പ്രശ്നത്തിൽ ന്യൂനപക്ഷങ്ങൾക്കുണ്ടായ തെറ്റിദ്ധാരണ, ശബരിമല പ്രശ്നത്തിലെ വിശ്വാസിവിരുദ്ധ നിലപാട്.