തിരുവനന്തപുരം: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവർ ഇന്നലെ ഓശാന ഞായർ ആചരിച്ചു. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന് മുൻപായി നടന്ന ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കലാണ് വിശ്വാസികൾക്ക് ഓശാന തിരുനാൾ. രാവിലെ 6.30 ഓടെ ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ ഓശാന തിരുകർമ്മങ്ങളും കുരുത്തോല പ്രദക്ഷിണവും നടന്നു. പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ രാവിലെ 7 ന് ആരംഭിച്ച കുരുത്തോല വെഞ്ചെരിപ്പിനും മറ്റു തിരുകർമ്മങ്ങൾക്കും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം മുഖ്യകാർമ്മികത്വം വഹിച്ചു. പ്രദക്ഷിണവും നടന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ നേതൃത്വം നൽകി. വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തിൽ രാവിലെ 6 ന് കുരുത്തോല വെഞ്ചെരിപ്പും തുടർന്ന് പ്രദക്ഷിണവും ദിവ്യബലിയും നടന്നു. രാവിലെ 10.30 നും വൈകിട്ട് നാലിനും ദിവ്യബലി. തുടർന്ന് ഫെറോന ചുറ്റി പരിഹാര കുരിശിന്റെ വഴിയും നടന്നു.
പി.എം.ജി ലൂർദ്ദ് ഫെറോന പള്ളിയിൽ പുലർച്ചെ 5.45 ന് വിശുദ്ധ കുർബാനയോടെ ഓശാന ഞായർ ശുശ്രൂഷകൾ ആരംഭിച്ചു. രാവിലെ 7 ന് കുരുത്തോല വെഞ്ചെരിപ്പ്. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം. 9 നും വൈകിട്ട് 5 നും കുർബാനയും നടന്നു. പുന്നൻ റോഡ് സെന്റ്. പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ രാവിലെ 7.30ന് ഓശാന ശുശ്രൂഷകൾ ആരംഭിച്ചു.
പേരൂർക്കട തെക്കൻ പരുമല സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഓശാന ഞായർ ശുശ്രൂഷകൾ രാവിലെ എട്ടരയ്ക്ക് ആരംഭിച്ചു. വൈകിട്ട് 6 ന് സന്ധ്യാ നമസ്‌കാരവും 7 ന് ധ്യാന പ്രസംഗവും നടത്തി. ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 7ന് നടന്ന കുർബാനയോടെ വിശുദ്ധ വാര ശുശ്രൂഷകൾക്ക് തുടക്കമായി. പോങ്ങുംമൂട് സെന്റ്. മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന ദേവാലയത്തിൽ രാവിലെ 7.30 ന് ഓശാന ഞായർ ശുശ്രൂഷകൾ നടന്നു.
നാലാഞ്ചിറ സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളി, വട്ടിയൂർക്കാവ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ പള്ളി, സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, പാളയം സെന്റ്. ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, പാറ്റൂർ സെന്റ് തോമസ് മാർത്തോമ പള്ളി, കിള്ളിപ്പാലം സെന്റ്. ജൂഡ് ദേവാലയം തുടങ്ങി നഗരത്തിലെ എല്ലാ ക്രിസ്ത്യൻ ദേവാലയങ്ങളിലും വിശുദ്ധ വാര ശുശ്രൂഷകൾ നടത്തി. യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉയിർപ്പും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിനും ഇന്നലെ തുടക്കമായി. ഓശാന ഞായർ മുതൽ ഒരാഴ്‌ചക്കാലം ക്രൈസ്‌തവർ വിശുദ്ധവാരമായി ആചരിക്കും.