തിരുവനന്തപുരം: സമൂഹത്തിൽ ജാതീയമായ വേർതിരിവും വിവേചനവും ഇന്നും നിലനിൽക്കുന്നുണ്ടെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. ആൾ ഇന്ത്യ എസ്.സി - എസ്.ടി എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച ബി.ആർ അംബേദ്കറുടെ 128ാം ജന്മദിനാഘോഷം വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അംബേദ്കർ തുല്യതയ്ക്ക് വേണ്ടിയാണ് നിലകൊണ്ടത്. ഭരണഘടന തയ്യാറാക്കാനുള്ള സംഘത്തിൽ അംബേദ്കർ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് കാണുന്ന തുല്യത ഉണ്ടാവുമായിരുന്നില്ല. ഉദ്യോഗക്കയറ്റത്തിലും സംവരണം അനിവാര്യ ഘടകമാണ്. ഭരണഘടനയുടെ ആമുഖം സ്കൂളിൽ നിന്ന് തന്നെ വിദ്യാർത്ഥികൾ പഠിക്കണമെന്നും ഗവർണർ പറഞ്ഞു. 'അംബേദ്കറും സാമൂഹ്യ സുരക്ഷയും' എന്ന വിഷയത്തിൽ എസ്.സി - എസ്.ടി കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജിയും 'കേരളത്തിലെ എസ്.സി-എസ്.ടി വിഭാഗത്തിന്റെ അവകാശാധിഷ്ഠിത വികസനം' എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദും പ്രഭാഷണം നടത്തി.

ആൾ ഇന്ത്യ എസ്.സി - എസ്.ടി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എസ്.മുരുഗൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ഐ.ജി (അഡ്മിൻ) കെ.സേതുരാമൻ, കേരള എസ്.സി-എസ്.ടി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അപ്പുക്കുട്ടൻ കുറിച്ചി, ആൾ ഇന്ത്യ എസ്.സി - എസ്.ടി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് കെ.സുരേഷ്, വെങ്ങാനൂർ സുരേഷ്, മുരളി തോന്നയ്ക്കൽ, കെ.എൻ.എസ് മണി തുടങ്ങിയവർ സംസാരിച്ചു. രാവിലെ 9ന് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ നിന്ന് വാഹന ഘോഷയാത്രയും 9.30ന് നിയമസഭാമന്ദിരത്തിന് സമീപമുള്ള അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.