k-c-venugopal

തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശബരിമലയിലെ സവിശേഷമായ ആചാരങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. പത്രപ്രവർത്തകയൂണിയന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം കോൺഗ്രസ് പാലിക്കും. എന്നാൽ പ്രചാരണത്തിലൂടെ വിശ്വാസികളുടെ ആശങ്ക അകറ്റും. മറ്റു വിഷയങ്ങൾക്കൊപ്പം ശബരിമലയും തിരഞ്ഞെടുപ്പിൽ ചർച്ചയാകും. ശബരിമലയിൽ യുവതീ പ്രവേശന വിധിമറികടക്കാൻ നടപടി സ്വീകരിക്കാത്ത നരേന്ദ്രമോദിയും വിധി നടപ്പാക്കാൻ സാവകാശം തേടാതെ വിശ്വാസികളെ വഞ്ചിച്ച പിണറായി സർക്കാരും ജനങ്ങളോട് മാപ്പ് പറയണം. ശബരിമലയിൽ തുടർച്ചയായി നിരോധനാജ്ഞ പ്രഖ്യാപിച്ചത് കേന്ദ്രം പറഞ്ഞിട്ടാണെന്ന മുഖ്യമന്ത്രി വാക്കുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒത്തുകളിച്ചതിന് തെളിവാണ്.

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ സി.പി.എമ്മിന് എന്തിനാണ് ഇത്ര അങ്കലാപ്പെന്ന് വേണുഗോപാൽ ചോദിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയെ നേരിടുന്നത് കോൺഗ്രസ് മാത്രമാണ്. കേരളത്തിനപ്പുറത്ത് സി.പി.എമ്മിന് എന്താണ് പ്രസക്തി ? ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തുടർച്ചയായി നടത്തുന്ന വർഗീയ പരാമർശങ്ങളിൽ ഇലക്‌ഷൻ കമ്മിഷൻ സ്വമേധയാ കേസെടുക്കണം. അഞ്ചുവർഷത്തെ വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്ത മോദി വർഗീയ ധ്രുവീകരണത്തിന്

ശ്രമിക്കുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.