തിരുവനന്തപുരം : ശബരിമല വിഷയത്തിൽ നരേന്ദ്രമോദി നടത്തിയ പ്രസംഗം പ്രധാനമന്ത്രിയുടെ പദവിക്ക് ചേരാത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജനങ്ങളെ വർഗീയമായി വിഭജിച്ച് വോട്ട് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേസരി സ്‌മാരക ട്രസ്റ്റ് സംഘടിപ്പിച്ച ഇന്ത്യൻ വോട്ട് വർത്തമാനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന സാഹചര്യമാണുള്ളത്. ആർ.എസ്.എസ് പ്രചാരകനെ പോലെ സംസാരിക്കുന്ന മോദി തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്തുകയാണ്.
കേരളത്തിലെ ജനവിധി എന്തായാലും അത് ശബരിമലയെ ബാധിക്കില്ല. ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്നുപോലും ബി.ജെ.പി പറഞ്ഞിട്ടില്ല. ശബരിമല കർമ്മസമിതി നേതാവ് സ്വാമി ചിദാനന്ദപുരി സന്യാസി വേഷം കെട്ടിയ ആർ.എസ്.എസുകാരനാണ്.
ബി.ജെ.പിക്കെതിരെ മത്സരിക്കാൻ തയ്യാറല്ലെന്നതിന്റെ തെളിവാണ് രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്. വയനാട്ടിൽ മുസ്ലിം ലീഗ് ഉപയോഗിച്ചത് പാകിസ്ഥാൻ പതാകയാണെന്ന് പറഞ്ഞ അമിത് ഷായ്ക്ക് മറുപടി നൽകാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. നിയമസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിന് കാരണം കോൺഗ്രസാണ്. കേരളത്തിൽ ഇത്തവണ 2004 ആവർത്തിക്കും. സംസ്ഥാന സർക്കാരിന്റെ ഭരണം വിലയിരുത്തപ്പെടുമെങ്കിലും ഒരിടത്തും ഭരണവിരുദ്ധ വികാരമില്ലെന്നും കോടിയേരി പറഞ്ഞു.