goa-bjp

തിരുവനന്തപുരം: അനാവശ്യമായ നിയന്ത്രണങ്ങൾ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മേൽ അടിച്ചേൽപിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമം അനുവദിക്കില്ളെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബി.ജെ.പി.വക്താവ് എം.എസ്.കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പല നിർദ്ദേശങ്ങളിലും വ്യക്തതയില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കേസുകൾ സംബന്ധിച്ച വിവരങ്ങൾ മൂന്ന് തവണ പത്രമാദ്ധ്യമങ്ങളിൽ വിശദാംശങ്ങൾ സഹിതം പരസ്യപ്പെടുത്തണമെന്നാണ് നിർദ്ദേശം. എന്നാൽ 242കേസുകളുള്ള കെ.സുരേന്ദ്രൻ ഇത് പാലിക്കണമെങ്കിൽ 60ലക്ഷം രൂപ ചെലവാക്കണം. ചെലവിന്റെ പരിധിയാകട്ടെ 75ലക്ഷമാണ്. കമ്മിഷൻ നിർദ്ദേശം പാലിച്ചാൽ പിന്നെ തിരഞ്ഞെടുപ്പ് ചെലവ് നടത്താനാവില്ല. പരസ്യത്തിനുള്ള ചിലവ് പ്രത്യേകമായി ചിലവഴിക്കാൻ അനുവദിക്കുകയോ വിശദാംശങ്ങൾ ഒഴിവാക്കി കേസ് നമ്പർ മാത്രം പ്രസിദ്ധീകരിക്കാൻ അനുമതി നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മിഷന് അപേക്ഷ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നുണ പ്രചരിപ്പിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതവും അദ്ദേഹത്തെ അപമാനിക്കുന്നതുമാണ്. ഹരിവരാസനത്തിന്റെ ഈണത്തിൽ തിരുവനന്തപുരത്ത് ബി.ജെ.പി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് ഗാനം പിൻവലിക്കണമെന്ന കളക്ടറുടെ നിർദ്ദേശം രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമാണെന്നും കുമാർ പറഞ്ഞു.