തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.കെ.പ്രേമചന്ദ്രനെ പരനാറിയെന്ന് വിശേഷിപ്പിച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. സി.പി.എം ആരെയും വ്യക്തിപരമായി അവഹേളിച്ചിട്ടില്ല. ഓരോരുത്തരേയും അവർക്ക് അർഹതപ്പെട്ട പേരല്ലേ വിളിക്കാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് മതമൗലികവാദ പാർട്ടി
മുസ്ളിം ലീഗ് മതമൗലികവാദ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ്. അത് അവരുടെ പേരിൽ തന്നെയുണ്ട്. അവർ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ളാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് എല്ലാവർക്കും അറിയാം. അതേസമയം, ഐ.എൻ.എൽ മതേതര പാർട്ടിയാണെന്നും കോടിയേരി പറഞ്ഞു. തമിഴ്നാട്ടിൽ ഡി.എം.കെയുമായാണ് സി.പി.എമ്മിന്റെ സഖ്യം. തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടേയും ആർ.എസ്.എസിന്റേയും വോട്ട് സി.പി.എമ്മിന് വേണ്ട. മറ്റ് പാർട്ടികളിലെ സാധാരണക്കാരുടെ വോട്ട് സി.പി.എമ്മിന് കിട്ടാറുണ്ടെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.