കന്യാകുമാരി: രാഹുൽഗാന്ധിക്കു വേണ്ടി ഇന്നു മുതൽ വയനാട്ടിൽ പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് ദേശീയവക്താവു കൂടിയായ ചലച്ചിത്രതാരം ഖുശ്ബു. രാഹുൽ തരംഗത്തിൽ കേരളത്തിലെ മുഴുവൻ സീറ്റുകളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് വിജയിക്കുമെന്നും കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു.
തമിഴ്നാട്ടിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന താരമാണ് ഖുശ്ബു. പക്ഷേ, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയപ്പോൾ ഖുശ്ബു ഔട്ടായി. അതിനു ശേഷം പാർട്ടി നേതൃത്വവുമായി പണങ്ങി നിൽക്കുകയായിരുന്നു അവർ. തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി സഞ്ജയ് ദത്തിന്റെ ഇടപെടൽ മൂലമാണ് ഖുശ്ബു ഇന്നലെ മുതൽ സജീവമായി ഇറങ്ങിയത്.
കന്യാകുമാരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ച ശേഷം പ്രചാരണം കേരളത്തിലേക്കു മാറ്റുന്നതിലൂടെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോടുള്ള എതിർപ്പു പ്രകടമാക്കുക കൂടിയാണ് ഖുശ്ബു.
തമിഴ്നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു പിന്തുണ നൽകുന്ന സി.പി.എം കേരളത്തിൽ മുഖ്യ എതിരാളിയാണല്ലോ?
അതിനെന്താ കുഴപ്പം. ഓരോ സംസ്ഥാനത്തും ഓരോ മുന്നണിയാണ്. തമിഴ്നാടിന്റെ സാഹചര്യത്തിന് അനുസരിച്ചുള്ള മുന്നണി രൂപീകരണമാണ് ഇവിടെ നടന്നത്. അത് കേരളത്തിൽ പ്രയോഗികമാകണമെന്നില്ല. കേരളത്തിൽ ഇടതു പാർട്ടികളെ തോൽപ്പിക്കേണ്ടത് അവിടത്തെ കോൺഗ്രസിന്റെ ആവശ്യമാണ്. അതു സംഭവിക്കും.
കന്യാകുമാരിയുടെ അതിർത്തിവിട്ടാൽ തിരുവനന്തപുരം മണ്ഡലമാണ്. അവിടെ ഇടതുപാർട്ടികൾ കോൺഗ്രസിനെ തോൽപ്പിക്കാൻ പ്രചരണം നടത്തുന്നത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കില്ലേ?
അണികൾക്ക് ആശയക്കുഴപ്പമൊന്നും ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. വലിയ മാറ്റത്തിനുള്ള കാഹളമാണ് രാജ്യം മുഴുവൻ കേൾക്കുന്നത്. അതൊക്കെ അണികൾക്കും അറിയാം.
ഇത്തവണ മത്സരിക്കുമെന്ന് കേട്ടിരുന്നല്ലോ?
2011 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലെല്ലാം ഞാൻ മത്സരിക്കുമെന്നു കേൾക്കുന്നുണ്ട്. മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. സീറ്റിനു വേണ്ടി അഭ്യർത്ഥിച്ചിട്ടുമില്ല.
ബി.ജെ.പിയുടെ സാദ്ധ്യത?
ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ കഥ കഴിയും. വാജ്പേയിയുടെ കാലത്തെ ബി.ജെ.പിയല്ല ഇപ്പോഴത്തേത്. ഇപ്പോളത് കള്ളം പറയുന്നവരുടെ കൂട്ടമായി മാറി. നേരു പുലരണമെങ്കിൽ കോൺഗ്രസ് ഭരണം വരണം.