ആറ്റിങ്ങൽ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള ആറ്റിങ്ങലിൽ പ്രസംഗിക്കുന്നതിനിടെ ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ മുസ്ലീം വിരുദ്ധപരാമർശം വിവാദത്തിൽ.പ്രസംഗം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നൽകിയതായി എൽ.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.ശിവൻകുട്ടി അറിയിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കി ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ സംസാരിക്കവെയാണ് പിള്ളയുടെ വിവാദ പരാമർശം.പ്രസംഗത്തിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് പരാതി നൽകിയിട്ടുള്ളതെന്നും കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പാർട്ടി തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു.പ്രതിഷേധവുമായി മുസ്ലീംലീഗും രംഗത്തെത്തി. വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്നും പരാമർശം പുച്ഛിച്ചുതള്ളുന്നതായും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗം
ബലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്ന ചിലരുണ്ട്. രാഹുൽഗാന്ധിയും യെച്ചൂരിയും പിണറായി വിജയനുമൊക്കെ ചോദിക്കുന്നത് അവിടെ മരിച്ചു കിടക്കുന്നത് ഏത് ജാതിക്കാരാ, മതക്കാരാ എന്നൊക്കെയാണ്. ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങളുണ്ടല്ലോ. അതുനോക്കിയായല്ലേ അറിയാൻ പറ്റൂ.അങ്ങനെയൊക്കെ ചെയ്തിട്ട് വരണമെന്നാണ് അവർ പറയുന്നത്. "സൈനിക മികവിനെ പ്രകീർത്തിച്ച ശേഷമായിരുന്നു ശ്രീധരൻപിള്ള ഇക്കാര്യം പറഞ്ഞത്.
നിഷേധിച്ച് ശ്രീധരൻപിള്ള
ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോൺഗ്രസിനും സി.പി.എമ്മിനുമെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. മതന്യൂനപക്ഷങ്ങൾക്കെതിരെ ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്നും ശ്രീധരൻപിള്ള പിന്നീട് പറഞ്ഞു.