വർക്കല: തൊടുവെ തോടും പമ്പിംഗ് സ്റ്റേഷനും കാടുകയറി നശിച്ചനിലയിൽ. വർക്കല മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങുമ്പോഴും കടുത്ത വേനലിലും ബദൽ സംവിധാനമായി പ്രയോജന പ്പെടുത്താവുന്ന തൊടുവെ പമ്പിംഗ് സ്റ്റേഷനാണ് ഉപേക്ഷിക്കപ്പെട്ട നിലയിലായിട്ടുള്ളത്. 1962ലാണ് തൊടുവെ പദ്ധതിയിൽ നിന്ന് കുടിവെള്ള വിതരണം ആരംഭിച്ചത്.
2004 ഡിസംബറിൽ വാമനപുരം പദ്ധതിയിൽ നിന്ന് വർക്കല മേഖലയിൽ കുടിവെള്ളം വിതരണം ചെയ്ത് തുടങ്ങിയപ്പോൾ തൊടുവെ പമ്പിംഗ് സ്റ്റേഷന്റെ പ്രവർത്തനം മന്ദീഭവിച്ചു. 2005ൽ പ്രവർത്തനം പൂർണമായും നിലച്ചു. ശിവഗിരി തീർഥാടനത്തിന് പമ്പിംഗ് നടത്തുകയും തീർഥാടനം കഴിയുമ്പോൾ പമ്പിംഗ് നിർത്തുകയുമാണ് ചെയ്തു പോന്നിരുന്നത്. ശിവഗിരി തോട്ടിൽ നിന്നുള്ള വെള്ളം നേരിട്ട് സെഡിമെന്റെഷൻ ടാങ്കിൽ എത്തിച്ച ശേഷം ശുദ്ധീകരിച്ചാണ് വിതരണം ചെയ്തിരുന്നത്. പിന്നീട് ഇതും ഇല്ലാതായി.
പദ്ധതി നവീകരിച്ച് പ്രവർത്തന ക്ഷമമാക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്നു. അത് പ്രകാരം പമ്പിംഗ് സ്റ്റേഷന്റെ ചുറ്റുമതിൽ നിർമ്മാണം മാത്രമാണ് നടന്നത്. വർക്കലയുടെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ വാമനപുരം പദ്ധതി പര്യാപ്തം അല്ല. ഈ സാഹചര്യത്തിൽ തൊടുവെ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവും ശക്തമായത്. ഇക്കുറി വേനൽ കടുക്കുകയും വാമനപുരം നദിയിലെ നീരൊഴുക്ക് ഇല്ലാതാവുകയും ചെയ്തതോടെ വർക്കല മേഖലയിൽ കുടിവെളള വിതരണം തകിടം മറിഞ്ഞിരിക്കുകയാണ്. തൊടുവെ പദ്ധതി നവീകരിച്ച് കമ്മീഷൻ ചെയ്തിരുന്നുവെങ്കിൽ വർക്കല മേഖലയിൽ കുടിവെള്ള ക്ഷാമമുണ്ടാകില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.