vaazhathoottam

മുടപുരം: കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ മഴ ലഭിക്കാത്തതിനാൽ അഴൂർ, കിഴുവിലം പഞ്ചായത്തുകളിൽ വൻ കൃഷിനാശം. വാഴ, മരച്ചീനി, പച്ചക്കറികൾ തുടങ്ങിയ കരകൃഷി ഏതാണ്ട് പൂർണമായി കരിഞ്ഞു നശിച്ച നിലയിലാണ്. രണ്ടു പഞ്ചായത്തുകളിലുമായി 15 ഹെക്ടർ സ്ഥലത്താണ് വാഴകൃഷി ചെയ്യുന്നത്. കൃഷിനാശത്തിലൂടെ 50 ലക്ഷത്തിൽപരം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. മുട്ടപ്പലത്തെ സുരേഷ് എന്ന കർഷകൻ 13 ഹെക്ടർ സ്ഥലം പാട്ടത്തിനെടുത്താണ് വാഴ കൃഷി ചെയ്തിരുന്നത്. ഇടവിളയായി മരച്ചീനി, ചീര തുടങ്ങിയ പച്ചക്കറികളും മഞ്ഞൾ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. മുപ്പത്തയ്യായിരം വാഴകൾ കൃഷിചെയ്തിരുന്നതിൽ ഇരുപതിനായിരവും കഠിനമായ വരൾച്ച മൂലം ഒടിഞ്ഞുവീണ് നശിച്ചിരിക്കുകയാണെന്ന് സുരേഷ് പറഞ്ഞു. മറ്റ് കർഷകരുടെ അവസ്ഥയും ഇതുതന്നെ. കുലക്കാറായതും, കൂമ്പ് വന്നതും കുല വെട്ടാറായതുമായ വാഴകളാണ് ഒടിഞ്ഞു വീണു നശിച്ചിരിക്കുന്നത്. അഴൂർ പഞ്ചായത്തിൽ മുടപുരം പാലം, മരങ്ങാട്ടുകോണം, ചിറ്റാരിക്കോണം, കോടൽ, ചെറുകോട്ടുകോണം, നഗർനട, മുട്ടപ്പലം, കൈതറ, കിഴുവിലം പഞ്ചായത്തിലെ മുടപുരം, നാറാങ്ങൽ, കണ്ടുകൃഷിേ, നവഗ്രഹക്ഷേത്രം ഭാഗം, പറയിൽഭാഗം, തോട്ടത്തിൽകാവ് തുടങ്ങിയ സ്ഥലങ്ങൾ പാട്ടത്തിനെടുത്താണ് കഴിഞ്ഞ 6 വർഷമായി സുരേഷ് വാഴകൃഷി ചെയ്തു വരുന്നത്. വേനൽ തീവ്രമായാൽ തെങ്ങ് ഉൾപ്പെടെയുള്ള കൃഷിയെയും വരൾച്ച ബാധിക്കും.