വെഞ്ഞാറമൂട്: പേരുമലയിൽ അടുത്തടുത്ത ദിവസങ്ങളിൽ മോഷണവും മോഷണ ശ്രമവും വ്യാപകമാകുന്നതായി പരാതി. മോഷണം നടന്ന വീട്ടിൽ നിന്നു എട്ടു പവൻ നഷ്ടമായി. പേരുമല സുബിൻ മൻസിലിൽ സുബൈദയുടെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ നഷ്ടമായത്. വ്യാഴാഴ്ച വീട്ടമ്മയും മകനും മരുമകളും ബന്ധു വീട്ടിൽ പോയിരുന്നു. ശനിയാഴ്ച മടങ്ങിയെത്തിയപ്പോൾ വീടിന്റെ പിൻവാതിൽ പൊളിച്ച നിലയിൽ കണ്ട് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഈ സംഭവം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് നേരത്തെ മോഷണം നടന്ന വീട്ടിൽ നിന്നു അധികം അകലെയല്ലാത്ത മെഹ്ഫിൽ മൻസിൽ ഷംനാദിന്റെ വീട്ടിലും മോഷണശ്രമം നടന്നത്. ശനിയാഴ്ചയോടെ വീട്ടുകാർ വിനോദ യാത്ര പോയിരുന്നു. ഞായറാഴ്ച രാവിലെ കുടുംബ വീട്ടിൽ നിന്ന് ഷംനാദിന്റെ പിതാവും റിട്ട. അദ്ധ്യാപകനുമായ അബ്ദുൽ റസാഖ് ചെടികൾക്ക് വെള്ളമൊഴിക്കാൻ എത്തിയപ്പോൾ വീടിന്റെ മുൻ വശത്തെ വാതിൽ തുറന്ന് കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിൽ വീടിന്റെ മുറികളിലെ വാതിലുകളും അലമാരയുടെ വാതിലും പൊളിച്ച് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിൽ കണ്ടെത്തി. എന്നാൽ സാധനങ്ങളൊന്നും നഷ്ടമായില്ലെന്ന് സ്ഥിരീകരിച്ചു. ഇരു വീട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് ഇൻസ്‌പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.