world-cup-team-selection
world cup team selection

.

. ടീം തിരഞ്ഞെടുക്കുന്നത് എം.എസ്.കെ. പ്രസാദ് അദ്ധ്യക്ഷനായ അഞ്ചംഗ കമ്മിറ്റി.

ചീഫ് സെലക്ടർ : എം.എസ്.കെ. പ്രസാദ്

സെലക്ടർമാർ: ദേവാംഗ് ഗാന്ധി, ജതിൻ പരഞ്പൈ, ഗഗൻ ഘോഡ, സരൺ ദീപ് സിംഗ്.

എട്ടുവർഷത്തിനുശേഷം ക്രിക്കറ്റിലെ ലോകകിരീടം ഇന്ത്യയിലെത്തിക്കാൻ ഇംഗ്ളണ്ടിലേക്ക് തിരിക്കുന്ന സൈന്യത്തെ ഇന്ന് പ്രഖ്യാപിക്കും. സൈനാധിപൻ വിരാട് കൊഹ്‌‌‌ലിയടക്കം പലരും കഴിഞ്ഞ രണ്ടുവർഷമായി ടീമിലെ സ്ഥാനമുറപ്പിച്ചവരാണ്. എന്നാൽ 15 അംഗ ടീമിൽ ചില പാെസിഷനുകളിൽ ഇപ്പോഴും ആരെ വേണമെന്നതിൽ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിനും കൂട്ടർക്കും കൺഫ്യൂഷൻ തീർന്നിട്ടില്ല. നാലാംനമ്പർ ബാറ്റ്സ്‌മാൻ, രണ്ടാമത്തെ വിക്കറ്റ് കീപ്പർ, രണ്ടാമത്തെ ആൾ റൗണ്ടർ എന്നീ സ്ഥാനങ്ങളിലേക്ക് അവസരം കാത്തുനിൽക്കുകയാണ് പലരും. ഇവരിൽ ചിലരുടെ സാദ്ധ്യതകളിലേക്ക് ഒരു തിരനോട്ടം.

കൊഹ്‌ലിക്കൊാപ്പം രോഹിത് ശർമ്മ, ശിഖർധവാൻ, ധോണി, കേദാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മൊഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ എന്നിവരുടെ സ്ഥാനമാണ് ഉറപ്പുള്ളത്.

ഋഷഭ് പന്ത്

ധോണിയെകൂടാതെ ഒരു വിക്കറ്റ് കീപ്പർകൂടി ഇന്ത്യയ്ക്ക് ഇംഗ്ളണ്ടിൽ ആവശ്യമുണ്ട്. ആ പൊസിഷനിലേക്ക് കുറച്ചുനാളായി സെലക്ടർമാർ കരുതിവച്ചിരിക്കുന്നത് ഋഷഭ് പന്ത് എന്ന ചെറുപ്പക്കാരനെയാണ്. വെടിക്കെട്ട് ബാറ്റിംഗ് ശൈലിക്ക് ഉടമയായ ഋഷഭ് ഐ.പി.എല്ലിലും തകർപ്പൻ ഫോമിലാണ്. ഇംഗ്ളണ്ടിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ റെക്കാഡുമുണ്ട്. എന്നൽ സ്ഥിരത പുലർത്താൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. വിക്കറ്റ് കീപ്പർ എന്ന നിലയിലും കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്. യുവതാരങ്ങൾക്ക് അവസരം നൽകുക എന്നതാണ് സെലക്ടർമാരുടെ ചിന്താഗതിയെങ്കിൽ ഋഷഭിന് ഇംഗ്ളണ്ടിലേക്ക് ടിക്കറ്റെടുക്കാം. ഇടംകയ്യൻ ബാറ്റ്സ്മാൻ എന്നതും അനുകൂലഘടകം..

ദിനേഷ് കാർത്തിക്

ഋഷഭ് പന്തിന് ശക്തമായ വെല്ലുവിളിയാണ് ദിനേഷ് കാർത്തിക്. പരിചയ സമ്പത്ത് വിക്കറ്റ് കീപ്പിംഗിലെ കൃത്യത, ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവ്, സങ്കീർണമായ സാഹചര്യങ്ങളെ നേരിടുന്നതിലെ മികവ്, കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന്റെ നായകനെന്ന നിലയിലെ പ്രവർത്തന മികവ് തുടങ്ങി നിരവധി പ്ളസ് പോയിന്റുകൾ ദിനേഷ് കാർത്തികിനുണ്ട്. എന്നാൽ അസ്ഥിരതയിൽ ഋഷഭിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കും കാർത്തിക്. ഇതുവരെയും ഇന്ത്യൻ ടീമിൽ തന്റെ സാന്നിധ്യം സ്ഥിരമാക്കാൻ കാർത്തികിന് കഴിഞ്ഞിട്ടില്ല. പകരക്കാരന്റെ കുപ്പായമാണ് ഇപ്പോഴും ഇണങ്ങുന്നത്.

കെ.എൽ. രാഹുൽ

വേണമെങ്കിൽ വിക്കറ്റ് കീപ്പറാക്കാവുന്ന നാലാം നമ്പർ ബാറ്റ്സ്‌മാനാണ് കെ.എൽ. രാഹുൽ. ആസ്ട്രേലിയൻ പര്യടനത്തിനിടെയുണ്ടായ ടോക്‌ഷോയിലെ സംഭാഷണങ്ങൾ കരിയറിൽത്തന്നെ തിരിച്ചടിയായി. അല്ലെങ്കിൽ ഏകദിന ടീമിൽ തുടരാനാകുമായിരുന്നു. ആസ്ട്രേലിയ ഇന്ത്യയിലെത്തിയപ്പോൾ ട്വന്റി 20യിൽ മികവ് കാട്ടിയെങ്കിലും ഒരു ഏകദിനത്തിൽ മാത്രമാണ് അവസരം നൽകിയത്. എന്നാൽ ഐ.പി.എല്ലിൽ തുടർച്ചയായി അർദ്ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടി സെലക്ടർമാരുടെ പട്ടികയിൽ പെടാൻ വെമ്പുന്നു. നാലാം നമ്പർ പൊസിഷനിൽ പരീക്ഷിക്കുന്നതിൽ ക്യാപ്ടൻ കൊഹ്‌ലിക്കും കോച്ച് രവിശാസ്ത്രിക്കും എത്രത്തോളം ആത്മവിശ്വാസമുണ്ടാകുമെന്ന് കണ്ടറിയണം.

അമ്പാട്ടി റായ്ഡു

ഇംഗ്ളണ്ടിലെ സാഹചര്യങ്ങളിൽ മദ്ധ്യനിര ബാറ്റ്സ്മാൻമാർക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഓപ്പണർമാർ പെട്ടെന്ന് കൂടാരം കയറിയാൽ നങ്കൂരമിട്ട് നിന്നുകളിക്കാൻ ആളുവേണം. നാലാമതും അഞ്ചാമതുമൊക്കെ ഇറങ്ങുന്നവർ കൂടുതൽ ഉത്തരവാദിത്വം കാട്ടിയേ തീരൂ. അമ്പാട്ടി റായ്ഡു ഈ സ്ഥാനത്തേക്ക് തീർത്തും അനുയോജ്യനായിരുന്നു. പക്ഷേ കഴിഞ്ഞ സീസണിലെ മോശം ഫോമും അസ്ഥിരമായ പ്രകടനവും ആ കസേര കയ്യാല പുറത്താക്കി. ഈ ഐ.പി.എല്ലിലും അതിഗംഭീര പ്രകടനമൊന്നുമില്ല. ടീമിലെത്തണമെങ്കിൽ ക്യാപ്ടന്റെയും കോച്ചിന്റെയും ശക്തമായ പിന്തുണ വേണം.

രവീന്ദ്ര ജഡേജ

11 അംഗ ടീമിൽ ഹാർദിക് പാണ്ഡ്യയാകും സ്ഥിരം ആൾ റൗണ്ടർ. ഹാർദിക്കിനെ കൂടാതെ ഒരു ആൾ റൗണ്ടറെ കൂടി വേണമെങ്കിൽ ഉള്ള ഓപ്‌ഷനാണ് രവീന്ദ്രജഡേജ. 2015 ലോകകപ്പ് കളിച്ച ടീമിൽ അംഗമായിരുന്നു. വാലറ്റത്ത് പൊരുതാൻ കഴിയുന്ന ബാറ്റ്സ്മാനാണ്. ജഡേജയെ ടീമിലെടുക്കുകയാണെങ്കിൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ ഒഴിവാക്കി പേസറെ അധികമെടുക്കാനാകും. ഇതാണ് സെലക്ടർമാരെ ആകർഷിക്കുന്ന ഘടകം. എന്നാൽ കുറേനാളായി പഴയ ഫോമിന്റെനിലയിൽ മാത്രമാണ് ജഡേജ. ഈ ഐ.പി.എല്ലിലും അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. മികച്ച ഫീൽഡറാണെന്നത് മറ്റെരു പ്ളസ് പോയിന്റ്.

വിജയ് ശങ്കർ

വലിയ പ്രതീക്ഷകളൊന്നും വിജയ് ശങ്കറിനില്ല. കഴിഞ്ഞ കൊല്ലം നിദാഹാസ് ട്രോഫിയിൽ അരങ്ങേറുമ്പോഴുള്ള വിജയ് ശങ്കറല്ല ഇപ്പോൾ അന്താരാഷ്ട്ര രംഗത്ത് പരിചയ സമ്പത്ത് ആർജിച്ചുകഴിഞ്ഞു. ബാറ്റ്സ്മാനെന്ന നിലയിൽ മികച്ച ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാനാകും എന്ന് ഉറപ്പുണ്ട്. ബൗളിംഗിൽ മോശമല്ല. ഇംഗ്ളണ്ടിലെ സാഹചര്യങ്ങളിൽ വിജയ് ശങ്കറെപ്പോലെ മീഡിയം പേസ് ചെയ്യാൻ കഴിയുന്ന ആൾ റൗണ്ടർക്ക് പ്രാധാന്യമുണ്ട്. പരിക്ക് വിടതെ പിന്തുടരുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനെന്ന നിലയിൽ വിജയ്‌യെ സെലക്ടർമാർ ഇംഗ്ളണ്ടിലേക്ക് അയച്ചാൽ അത്‌ഭുതപ്പെടേണ്ടതില്ല.

ലോകകപ്പിന് 30 അംഗ സാദ്ധ്യതാടീമിനെ തിരഞ്ഞെടുത്ത് ക്യാമ്പ് നടത്തി 15 അംഗ സ്ക്വാഡ് നിശ്ചയിക്കുന്നതായിരുന്നു മുൻ തവണകളിലെ രീതി എന്നാൽ ഇത്തവണ ഐ.സി.സി നിർദ്ദേശപ്രകാരം 15 അംഗ ടീമിനെ മാത്രമാണ് പ്രഖ്യാപിക്കുന്നത്.

ഈമാസം 23 വരെയാണ് 15 അംഗ ടീം പ്രഖ്യാപിക്കാനുള്ള സമയം.

മേയ് 30

നാണ് ഇംഗ്ളണ്ടിലും വെയിൽസിലുമായി ലോകകപ്പ് തുടങ്ങുന്നത്.

ജൂൺ 5

ഇന്ത്യയുടെ ആദ്യമത്സരം ദക്ഷിണാഫ്രിക്കയുമായി

ഗ്രൂപ്പ് റൗണ്ടിൽ 10 ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഒരു ടീമിന് ഒൻപത് മത്സരം.

നാല് ടീമുകൾ സെമിയിലെത്തും.

ജൂലായ് 14ന് ഫൈനൽ.