epl-manchester-city
epl manchester city

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടത്തിനായി ലിവർപൂളുമായുള്ള പോരാട്ടം ഒന്നുകൂടി കടുപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ ക്രിസ്റ്റൽ പാലസിനെ 3-1ന് തോൽപ്പിച്ചാണ് സിറ്റി വീണ്ടും ഒന്നാമതെത്തിയത്. എന്നാൽ ലിവർപൂളും ചെൽസിയും തമ്മിൽ നടക്കുന്ന മത്സരം ചാമ്പ്യൻമാരെ നിർണയിക്കുന്നതിൽ സുപ്രധാനമാകും.

ഇന്നലെ ക്രിസ്റ്റൽ പാലസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ റഹിം സ്റ്റെർലിംഗും ഒരു ഗോളടിച്ച ഗബ്രിയേൽ ജീസസും ചേർന്നാണ് സിറ്റിക്ക് ജയം നൽകിയത്. 15, 63 മിനിട്ടുകളിലായിരുന്നു സ്റ്റെർലിംഗിന്റെ ഗോളുകൾ. 81-ാം മിനിട്ടിൽ മിൽവോയേവിയിലൂടെ ക്രിസ്റ്റൽ പാലസ് ഒരു ഗോൾ തിരിച്ചടിച്ചു. 90-ാം മിനിട്ടിലായിരുന്നു ജീസസിന്റെ ഗോൾ.

83

33 മത്സരങ്ങളിൽനിന്ന് മാഞ്ചസ്റ്റർസിക്ക് സ്വന്തമാക്കിയ പോയിന്റുകൾ.

82

33 മത്സരങ്ങളിൽ നിന്ന് ലിവർപൂൾ സ്വന്തമാക്കിയ പോയിന്റുകൾ

കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് വെസ്റ്റ് ഹാമിനെ കീഴടക്കി. 19, 80 മിനിട്ടുകളിൽ പെനാൽറ്റികളിലൂടെ പോൾ പോഗ്ബ നേടിയ ഗോളുകളാണ് യുണൈറ്റഡിന് ജയം നൽകിയത്.

സ്പാനിഷ് ലാലിഗ

ബാഴ്സയെ ഹ്യുയേസ്ക പിടിച്ചുകെട്ടി

ബാഴ്സലോണ 0

ഹ്യുയേസ്ക -0

മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഒന്നാംസ്ഥാനക്കാരായ ബാഴ്സ ലോണയെ 20-ാം സ്ഥാനക്കാരായ ഹ്യുയേസ്ക ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി. ആകെ 20 ടീമുകൾ മാത്രമുള്ള ലീഗിൽ ഹ്യുയേസ്കയുടെ ഈ സമനില വിജയത്തിന് തുല്യമാണ്.

എതിരാളികൾ ദുർബലരായതിനാൽ ലയണൽ മെസി, സുവാരേസ്, കുടീഞ്ഞോ തുടങ്ങിയ പ്രമുഖർക്കൊക്കെ വിശ്രമം നൽകി രണ്ടാം നിര ടീമിനെയാണ് ബാഴ്സലോണ കോച്ച് ഏണസ്റ്റോ വാൽബർദെ വിന്യസിച്ചത്. എന്നാൽ കിട്ടിയ അവസരം മുതലെടുത്ത് ഹ്യുയേസ്ക ബാഴ്സയെ ഗോളടിക്കാൻ അനുവദിക്കാതെ സമനില പിടിച്ചെടുക്കുകയായിരുന്നു.

32 കളികളിൽ നിന്ന് 74 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് 65 പോയിന്റാണുള്ളത്. മൂന്നാമതുള്ള റയൽ മാഡ്രിഡിന് 60 പോയിന്റും.

കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് 2-0 ത്തിന് സെൽറ്റ ഡി വിഗോയെ കീഴടക്കി. 42-ാം മിനിട്ടിൽ അന്റോണിയോ ഗ്രീസ്മാനും 74-ാം മിനിട്ടിൽ അൽവാ രോ മൊറട്ടയും സ്കോർ ചെയ്തു.