twins

അപൂർവമായി നാം കാണുന്നവരാണ് ഇരട്ടകൾ. കണ്ടാലോ പിന്നെ പറയാനില്ല, സാമ്യങ്ങൾ വിവരിക്കാൻ തുടങ്ങും. തിരച്ചറിയാൻ പ്രയാസമുള്ള ഇരട്ടകളുമുണ്ട്. എന്നാൽ ഇരട്ടകൾ കൂടുതലുള്ള സ്ഥലത്തെത്തിയാൽ എന്തായിരിക്കും അവസ്ഥ. പറയാനില്ല, ആകെ കൺഫ്യൂഷനാവും. അങ്ങനെയൊരു ഇടമുണ്ട്, ഇവിടെയല്ല അങ്ങ് ദൂരെ നൈജീരിയയിൽ.

ഇവിടത്തെ ഒരു ഗോത്ര വർഗമാണ് യൊരൂബോ. ഇഗ്ബോ ഓറ എന്ന സ്ഥലത്താണ് ഇവർ കൂടുതലായി താമസിക്കുന്നത്. ഈ ഗ്രാമത്തിലേക്കുള്ള പ്രവേശന വാതിലിൽ ഇങ്ങനെ എഴുതിയിരിക്കുന്നു - ലോകത്തിലെ ഇരട്ടകളുടെ തലസ്ഥാനം. എഴുതിയത് വാസ്തവമാണ്. ഇവിടെ ജനിക്കുന്ന 1000 കുട്ടികളിൽ 100 പേരെങ്കിലും ഇരട്ടകളാണ്. കാര്യം ഇങ്ങനെയൊക്കെ ആയപ്പോൾ കുട്ടികൾക്ക് പേരിടുന്നതും പ്രത്യേക രീതിയിലാക്കി. ഇരട്ടകളിൽ ആദ്യം ജനിക്കുന്നയാൾക്ക് തയ്വോ എന്നും രണ്ടാമത്തെയാൾക്ക് കെഹിൻഡോ എന്നും ഗോത്രാചരം പ്രകാരം പേരിടും.

പല കാരണങ്ങളാണ് ഇരട്ടകളുടെ ജനനത്തിന് കാരണമായി ഇവർ പറയുന്നത്. അതിലൊന്ന് അമല (നമ്മുടെ അമലയല്ല) എന്ന വിഭവമാണ്. ചേനയും കപ്പപ്പൊടിയും കൊണ്ടുണ്ടാക്കുന്ന തദ്ദേശിയ വിഭവം. ഇതിൽ ചേന ഗോണാഡോട്രോപ്പിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തിന് സഹായിക്കുകയും അതുവഴി ഒന്നിൽ കൂടുതൽ അണ്ഡങ്ങൾ ഗർഭപാത്രത്തിലുണ്ടാകുകയും ചെയ്യുന്നു. ഇനി ആർക്കെങ്കിലും ഇരട്ടകൾ വേണമെന്ന് തോന്നിയാൽ അൽപം അമലയുണ്ടാക്കി കഴിച്ചാൽ മതി. യൂട്യൂബിൽ ഇതിന്റെ വീഡിയോ ലഭ്യമാണ്.