നെയ്യാറ്റിൻകര: തകരഷീറ്റിട്ട ആറുകാൽപ്പുരയിൽ ദുരിതജീവിതം നയിച്ചിരുന്ന ശിവാനന്ദനും ഭാര്യ സത്യവതിക്കും മക്കൾക്കും ലഭിച്ച വിഷുക്കൈനീട്ടത്തിന് ഒരായുസിന്റെ പ്രാർത്ഥനാപുണ്യം. ഇവർക്ക് എല്ലാ സൗകര്യങ്ങളുമുള്ള വീട് വിഷുക്കൈനീട്ടമായി നൽകിയത് എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠനാണ്. ശാരീരിക വൈകല്യമുള്ള ശിവാനന്ദനും ഓർമ്മക്കുറവുള്ള സത്യവതിക്കും അജയകുമാർ, അനിൽകുമാർ, അജിതകുമാരി എന്നീ മൂന്ന് മക്കളാണുള്ളത്. സെയിൽസ് ഗേളായി ജോലിചെയ്യുന്ന മകളുടെ വരുമാനമാണ് ഇവരുടെ ഏക ആശ്രയം. മൂന്ന് സെന്റ് മാത്രം സ്വന്തമായുള്ള ശിവാനന്ദന് പഞ്ചായത്തിൽ നിന്നു വീടുവയ്ക്കാൻ ആനുകൂല്യം ലഭിക്കാതെ വന്നപ്പോഴാണ് ആവണി ബി. ശ്രീകണ്ഠൻ പുതിയ വീട് നിർമ്മിച്ചുനൽകാൻ തീരുമാനിച്ചത്. വീട്ടിലേക്കാവശ്യമായ വൈദ്യുതിയും മറ്റും ലഭിച്ചുകഴിഞ്ഞു. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ശിവാനന്ദന് സ്വാമി സാന്ദ്രാനന്ദ വീടിന്റെ താക്കോൽ നൽകി. ചടങ്ങിൽ തെള്ളുക്കുഴി ശാഖാ പ്രസിഡന്റ് രാജൻ, സെക്രട്ടറി ജയേന്ദ്രൻ, ഇടത്തല ശ്രീകുമാർ, ശാഖാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.