evancho-trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് എത്യോപ്യൻ പ്രസിഡന്റിനെ സന്ദർശിക്കാൻ പോയപ്പോൾ ധരിച്ച വേഷത്തെപ്പറ്റിയാണ് സോഷ്യൽമീഡിയയിലെ സജീവ ചർച്ച. ഒന്നേകാൽലക്ഷം രൂപ വിലയുള്ള ഫ്ളാേറൻ പ്രിന്റിംഗ് ഗൗണാണ് ഇവാങ്ക ധരിച്ചിരുന്നത്. എത്യോപ്യപോലുള്ള ഒരു രാജ്യത്തെത്തുമ്പോൾ ഇത്രയും വിലകൂടിയ വേഷം ധരിച്ചതിന്റെ ഒൗചിത്യത്തെയാണ് ചിലർ ചോദ്യം ചെയ്തത്. വേഷത്തിലല്ല മാന്യത അളക്കുന്നതെന്നും രാജ്യത്തിന്റെ സ്വത്ത് ഇങ്ങനെ കളയരുതെന്നും അവർ പറഞ്ഞു. എന്നാൽ ഇവാങ്ക അനുകൂലികൾ വിവാദത്തെ തള്ളിക്കളയുകയാണ്. സ്വന്തം സമ്പാദ്യം കൊണ്ടാണ് വസ്ത്രംവാങ്ങിയതെന്നും അല്ലാതെ രാജ്യത്തിന്റെ സ്വത്തെടുത്തല്ലെന്നുമാണ് അവരുടെ വാദം. ആഗോളതലത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ആഫ്രിക്കൻ സന്ദർശനവേളയിലാണ് ഇവാങ്ക എത്യോപ്യയിലും എത്തിയത്. നിലവിൽ ട്രംപിന്റെ മുഖ്യ ഉപദേശകയാണ് ഇവാങ്ക.

ഇവാങ്കയെ അമേരിക്കയുടെ പ്രസിഡന്റ് പദത്തിൽ എത്തിക്കുമെന്ന തരത്തിൽ ട്രംപ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് വാർത്തയായിരുന്നു. ഇവാങ്ക അമേരിക്കയുടെ ആദ്യ വനിതാപ്രസിഡന്റാകുമോ എന്ന ചോദിച്ചപ്പോൾ മകൾ അങ്ങനെ വിചാരിച്ചാൽ അതിൽനിന്ന് അവളെ പിന്തിരിപ്പിക്കാനോ പരാജയപ്പെടുത്താനോ ആർക്കും കഴിയില്ലെന്നാണ് ട്രംപ് പറഞ്ഞത്.

കണക്കുകൂട്ടാൻ നല്ല കഴിവുള്ളതുകൊണ്ട് ലോകബാങ്കിന്റെ തലപ്പത്ത് ശോഭിക്കാൻ കഴിയുമെന്നും നയതന്ത്രജ്ഞയായതിനാൽ യു.എൻ ബ്രാൻഡ് അംബാസിഡറാവാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇവാങ്ക

പഴയകാല ഫാഷൻ മോഡലായ ഇവാന ട്രംപിന്റെയും ഡൊണാൾഡ് ട്രംപിന്റെയുംമകളാണ് ഇവാങ്ക. ജൂതവംശജനായ ജാറെഡ് കുഷ്നറെ വിവാഹം കഴിച്ചതോടെ മതപരിവർത്തനം നടത്തുകയും അമേരിക്കൻ പ്രഥമകുടുബത്തിലെ ആദ്യ ജൂത അംഗമായി മാറുകയും ചെയ്തു. ഇവാങ്കയ്ക്ക് 9 വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. ഡൊണാൾഡ് ജൂനിയർ, എറിക് എന്നിങ്ങനെ രണ്ടു സഹോദരന്മാരും ടിഫാനി എന്ന അർദ്ധസഹോദരിയും ബാരൊൺ എന്ന അർദ്ധസഹോദരനുമുണ്ട്. അമേരിക്കയിലെ വ്യവസായ പ്രമുഖയും അറിയപ്പെടുന്ന ഫാഷൻ മോഡലുമാണ് മുപ്പത്തേഴുകാരിയായ ഇവാങ്ക.