loksabha-
വിജയകാന്തിന്റെ മകൻ വിജയപ്രഭാകർ തേനിക്ക് സമീപം പെരിയാകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പങ്കെടുക്കുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര

തേനി: തിരഞ്ഞെടുപ്പ് അടുത്തു വരുന്തോറും തമിഴ്നാട്ടിലെ പ്രചാരണത്തിനു വീറും വാശിയും ഏറുകയാണ്. പകൽമേരം പതിഞ്ഞ താളത്തിൽ തുടങ്ങുന്ന പ്രചാരണ പരിപാടികൾ വൈകിട്ടോടെ ദ്രുതവേഗം കൈവരിക്കും. ഉപമുഖ്യനും മുൻ മുഖ്യമന്ത്രിയുമായ ഒ.പനീർശെൽവത്തിന്റെ മകൻ ഒ.രവീന്ദ്രനാഥിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ തേനി മണ്ഡലത്തിൽ മുന്നണികൾ ഒറ്റയ്‌ക്കും വെവ്വേറെയുമാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.

പെരികുളം ജംഗ്ഷനിൽ ബാൻഡ്മേളവും വെടിക്കെട്ടും തീർക്കുകയാണ് വിജയകാന്തിന്റെ ഡി.എം.ഡി.കെ അണികൾ. ചുവപ്പ്,​ മഞ്ഞ,​ കറുപ്പുതുട്ട് (ചെറിയ ഷാൾ)​ ധരിച്ച് ഓടിനടക്കുകയാണ് പ്രവർത്തകർ. കാര്യം തിരക്കിയപ്പോൾ ജംഗ്ഷനിലെ ഗാന്ധിപ്രതിമയ്‌ക്കു മുന്നിൽ സംസാരിക്കാൻ വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകർ വരുന്നുണ്ട്.

രാത്രി ഏഴിന് എത്തുമെന്നാണ് അറിയിപ്പ്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയെങ്കിലും വിജയകാന്ത് പുറത്തിറങ്ങിയിട്ടില്ല. പാർട്ടിക്കു വേണ്ടി പ്രചാരണം നടത്തുന്നത് ഭാര്യ പ്രേമലതയും മകൻ വിജയ് പ്രഭാകറും. അണ്ണാ ഡി.എം.കെ- ബി.ജെ.പി മുന്നണിയിൽ ഏറ്റവും അവസാനം ചേർന്ന ഡി.എം.ഡി.കെയ്‌ക്ക് നാലു സീറ്റാണ് കിട്ടിയത്.

രാത്രി ഏഴരയായി. ''ഇതോ വന്തിട്ടിരിക്കിറേൻ...'' അനൗൺസ്‌മെന്റ്. തിരക്കുള്ള ജംഗ്ഷൻ വഴി എപ്പോഴും ടൂറിസ്റ്റ് ബസുകളും ചരക്കുലോറികളം പാഞ്ഞുകൊണ്ടിരിക്കുന്നു. ബസുകൾ തടഞ്ഞുനിർത്തി, വാഹനങ്ങൾക്കു മുന്നിലിട്ട് പടക്കം പൊട്ടിക്കുകയാണ് പ്രവർത്തകർ.

'ഇതോ വന്തിട്ടിരിക്കറേൻ...' അറിയിപ്പ് നൂറുവട്ടമെങ്കിലും പിന്നെയും കേട്ടു. ഒൻപതരയായായി. വിജയ് പ്രഭാകറിന്റെ വരവായി. ബൈക്ക് റാലിയുടെ അകമ്പടിയോടെ കാരവാനു മുകളിൽ തൊഴുകൈയുമായാണ് എൻട്രി. മുന്നിലെ വാനിൽ വീഡിയോ സംഘം. ആർത്തുവിളിച്ച ആരാധകരും പ്രവർത്തകരും വലിയൊരു ഹാരവും ചുമന്ന് വാനിനടുത്തെത്തി. മാലയിട്ട് ഒരു തൊപ്പിയും വച്ചുകൊടുത്തു.

വിജയ് പ്രഭാകർ സംസാരിച്ചു തുടങ്ങി: ''പേരൻപുകൊണ്ട പെരിയോർകളേ, തായ്‌മാർകളേ.... അപ്പാക്കിട്ട ശൊല്ലിയിട്ട് താൻ വന്തത്. ക്യാപ്റ്റൻ സൂപ്പറായിറിക്ക്. സിങ്കം സിങ്കം താൻ...'' കേൾക്കാൻ കൊതിച്ചതു കേട്ടപ്പോൾ അണികളുടെ ആവേശം അണപൊട്ടി. വിജയകാന്തിന് ജയ് വിളികൾ മുഴങ്ങി. നാൻ ക്യാപ്‌റ്റൻ മകനാ ഉൺമൈ ശൊല്ല വന്തത്... (ക്യാപ്റ്റന്റെ മകനായി സത്യം പറയാനാണ് ഞാൻ വന്നത്) പ്രാഭകർ തുടർന്നു- ഈ കൂട്ടുമുന്നണിയില്ലാതെ തമിഴ്നാട്ടിൽ വേറെ ഏതു മുന്നണി ജയിക്കാനാണ്.മോദിജി എന്തായാലും വീണ്ടും പ്രധാനമന്ത്രിയാകും. അപ്പോൾ നമുക്ക് നല്ലതു വരണമെങ്കിൽ ഇവിടെ നമ്മുടെ കൂട്ടുമുന്നണി ജയിക്കണം. ഇവിടെ രവീന്ദ്രനാഥ് ജയിക്കണം.‌ ഡി.എം.കെ ദ്രോഹികളുടെ കൂട്ടമാണ്. ലങ്കയിൽ പ്രഭാകറും മക്കളും കുടുംബവുമൊക്കെ കൊല്ലപ്പെട്ടപ്പോൾ വെറുതെയിരുന്നവരാണ് ഇവർ. എനിക്ക് അച്ഛൻ നൽകിയ പേര് പ്രഭാകർ എന്നാണ്.

കുട്ടിയായിരിക്കുമ്പോൾ ഇംഗ്ളണ്ടിൽ അച്ഛനുമൊരുമിച്ച് ഷൂട്ടിംഗിനു പോയി.അവിടെ വച്ച് ഒരു ശ്രീലങ്കൻ കുടുംബത്തെ പരിചയപ്പെട്ടു. എനിക്ക് പ്രഭാകർ എന്നു പേരിട്ടതറിഞ്ഞാണ് അവർ ഞങ്ങളെ കാണാൻ വന്നത്. എന്നെ കുറച്ചു നേരം വിട്ടു തരുമോ എന്നു ചോദിച്ചു. അച്ഛൻ സമ്മതിച്ചു. അതാണ് തമിഴർ തമ്മിലുള്ള വിശ്വാസം. തമിഴ്‌വികാരം കത്തിച്ച പ്രസംഗത്തിനു ശേഷം വിജയ് പ്രഭാകർ മുന്നോട്ട്.

തേനിയിൽ മകന്റെ വിജയം ഉറപ്പിക്കാൻ് ഒ.പി.എസ് തന്നെ രംഗത്തിറങ്ങിയാണ് അണ്ണാ ഡി.എം.കെയുടെ പ്രചരണത്തിനു നേതൃത്വം നൽകുന്നത്. തമിഴ്നാട്ടിൽ മോദി പ്രസംഗിക്കാനെത്തിയ സ്ഥലങ്ങളിലൊന്നാണ് തേനി. ജയം ഈസിയല്ലാത്ത ഇവിടെ ‌ഡി.എം.കെ - കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുന്നത് സംസ്ഥാന കോൺഗ്രസ് മുൻ പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവനാണ്. മുൻ എം.പിയായ തങ്കതമിഴ് ശെൽവമാണ് അമ്മാ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർത്ഥി.