hari

ലണ്ടൻ: ഹാരിരാജകുമാരന്റെ ഭാര്യ മേഗൻ മെർക്കിളിന്റെ പ്രസവം കഴിഞ്ഞോ?.ഇതിന് ഉത്തരംതേടി പാപ്പരാസികൾ നെട്ടോട്ടത്തിലാണ്. മേഗന്റെ പ്രസവം കഴിഞ്ഞെന്നതരത്തിൽ പ്രചരിക്കുന്ന ചില വാർത്തകളാണ് പാപ്പരാസികളുടെ നെഞ്ചിടിപ്പുകൂട്ടിയത്. ഒൗദ്യോഗിക ഇൻസ്റ്റാഗ്രാമായ സസക്സ് റോയലിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് പ്രശ്നമെല്ലാം ഉണ്ടാക്കിയത്. കുഞ്ഞ് ജനിക്കുന്നതിനുമുമ്പ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് സഹായവും സമ്മാനങ്ങളുമൊക്കെ നൽകാൻ ഹാരിയും മേഗനും ആവശ്യപ്പെട്ടിരുന്നു. പൊതുജനങ്ങളുടെ പൂർണ സഹകരണത്തോടെയായിരുന്നു ഇത് നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. പൊതുജനങ്ങളിൽ നിന്ന് നല്ല സഹകരണവും ലഭിച്ചിരുന്നു. ഇങ്ങനെയിരിക്കെയാണ് രാജകുടുംബം പറഞ്ഞത് നടപ്പാക്കിയെന്നും എന്തൊക്കെയാണ് ചെയ്തതെന്നും വ്യക്തമാക്കുന്ന കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് പ്രസവം കഴിഞ്ഞുവെന്ന് ചിലർ ഉറപ്പിച്ചത്. ഒരുകാര്യവുമില്ലാതെ ഒൗദ്യോഗിക ഇൻസ്റ്റാഗ്രാമിൽ ഇത്തരമൊരു സന്ദേശം പോസ്റ്റുചെയ്യില്ലെന്നും അവർ കരുതുന്നു.

പ്രസവംമുതൽ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും പരമരഹസ്യമായി സൂക്ഷിക്കാനാണ് ഹാരിയുടെയും മേഗന്റെയും തീരുമാനം. പ്രശസ്തിയെക്കാൾ കുഞ്ഞിന്റെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനാലാണ് ഇതെന്നാണ് അവർ പറയുന്നത്. അതിനാൽ ഒൗദ്യോഗികമായി പുറത്തുവിടുമ്പോഴേ എല്ലാ കാര്യങ്ങളും അറിയാനാവൂ.

വില്യം-കേറ്റ് ദമ്പതികൾക്ക് കഞ്ഞുങ്ങൾ ജനിച്ചപ്പോൾ പ്രസവംകഴിഞ്ഞ് ദിവസങ്ങൾക്കകം ഇരുവരും കുഞ്ഞുമായി ചിത്രങ്ങൾക്ക് പോസുചെയ്യുകയായിരുന്നു. ആ രീതിയേ വേണ്ടെന്നാണ് ഹാരിയുടെയും മേഗന്റെയും തീരുമാനം. എന്തായാലും രണ്ടുദിവസത്തിനുള്ളിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതിനുമുമ്പ് പ്രസവവിവരവും ചിത്രവും പുറത്തുവിടാനുള്ള തത്രപ്പാടിലാണ് പാപ്പരാസികൾ.