തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതൽ ഇടതുപക്ഷത്തിന്റെ പേരിൽ തീറെഴുതി മാറ്റിവച്ച മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ ഡോ. എ.സമ്പത്ത് നേടിയ മിന്നുന്ന ജയമാണ് ഇത്തരമൊരു ചിന്ത കരുപ്പിടിപ്പിച്ചത്. 2009-ൽ കോൺഗ്രസിലെ പ്രൊഫ. ജി.ബാലചന്ദ്രനെ 18,341 വോട്ടുകൾക്കു തോല്‌പിച്ച സമ്പത്ത് 2014-ൽ മഹിളാ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്‌ണയെ വീഴ്‌ത്തിയത് 69,378 വോട്ടുകൾക്കാണ്. ഭൂരിപക്ഷത്തിലെ ഈ വർദ്ധനയാണ് തുടർച്ചയായ മൂന്നാം മത്സരത്തിനെത്തുമ്പോൾ സമ്പത്തിന്റെ മേധാവിത്വത്തിന് അടിത്തറയായി കണ്ടിരുന്നത്. മണ്ഡലത്തിലുടനീളം ഇടതുപക്ഷത്തിനുള്ള സ്വാധീനവും ചെറുതല്ല.
പക്ഷേ, തുടക്കത്തിലെ ചിത്രമല്ല പിന്നീട് ആറ്റിങ്ങലിൽ കണ്ടത്. കോൺഗ്രസും ബി.ജെപിയും പ്രതീക്ഷിക്കാത്ത സ്ഥാനാർത്ഥികളെ കളത്തിലിറക്കിയതോടെ മത്സരം കടുത്തു. ജയം ആർക്കൊപ്പമെന്ന് കണ്ണുപൂട്ടി പറയാനാവാത്ത സ്ഥിതി.എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ സംഖ്യാശാസ്ത്ര വിശകലന ബലത്തിൽ ജയം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് പരക്കെ പ്രചാരമുണ്ടെങ്കിലും നിശ്ശബ്‌ദം പ്രചരിക്കുന്ന ചില വിഷയങ്ങൾ വോട്ടർമാരുടെ മനസിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് നിർണായകം.
2014- ലെ തിരഞ്ഞെടുപ്പിൽ ഏഴ് അസംബ്ളി മണ്ഡലങ്ങളിലും ഭൂരിപക്ഷത്തോടെയാണ് സമ്പത്ത് വിജയിച്ചത്.അന്ന് 69,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനു കിട്ടിയത്. 2016-ലെ അസംബ്ളി തിരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെയുള്ള ആറ് അസംബ്ളി മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയിച്ചു. ബി.ഡി.ജെ.എസ് എന്ന പുത്തൻ രാഷ്ട്രീയ ശക്തിയെക്കൂടി ഒപ്പം നിറുത്തി മത്സരിച്ച എൻ.ഡി.എ മികച്ച പ്രകടനവും നടത്തി. അപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ടുകളുടെ അന്തരം 49,943 ആയി കുറഞ്ഞു. ഇക്കുറിയും എൻ.ഡി.എ ശക്തമായ പോരാട്ടമാണ് നടത്തുന്നത്.
സ്ഥാനാർത്ഥി നിർണയം ആദ്യമേ നടന്നതിനാൽ മണ്ഡലത്തിൽ ശരിയായി ഗൃഹപാഠം നടത്തി അടിത്തറ ഒരുക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. മൂന്നു തവണ സമ്പത്ത് മണ്ഡലപര്യടനം പൂർത്തിയാക്കുകയും ചെയ്തു. എം.പി എന്ന നിലയിൽ തുടർച്ചയായി പത്തു വർഷം നടത്തിയ പ്രവർത്തനവും ആമുഖം ആവശ്യമില്ലാത്ത വിധം മണ്ഡലത്തിലുള്ള പരിചയവും സമ്പത്തിന് ബോണസാണ്. പാർലമെന്റിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലും നന്നായി പ്രചരിപ്പിക്കുന്നുണ്ട്.
വൈകിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതെങ്കിലും തുടക്കത്തിൽ പാർട്ടി നേതൃത്വം ചില സൂചനകൾ നൽകിയിരുന്നതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശും പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതാണ്. എന്നിട്ടും ആശയക്കുഴപ്പം നിലനിന്നു. അടൂരിനെപ്പോലെ മുതിർന്ന ഒരു നേതാവിനെ സ്ഥാനാർത്ഥിയായി നിയോഗിച്ചപ്പോൾ ആയുധം വച്ച് നിരുപാധികം കീഴടങ്ങാനല്ല യു.ഡി.എഫിന്റെ പുറപ്പാടെന്ന് അണികൾക്കും ബോദ്ധ്യമായി.കോന്നി പോലെ ഇടതുപക്ഷ വേരോട്ടമുള്ള മണ്ഡലം സി.പി.എമ്മിൽ നിന്നു തിരിച്ചുപിടിച്ച്, തുടർച്ചയായി അഞ്ചു വിജയം നേടിയ പ്രകാശ് ചില്ലറക്കാരനല്ലെന്ന് ഇടതുപക്ഷത്തിനും അറിയാം.
തുടക്കം മുതൽ സ്ഥാനാർത്ഥിപ്പട്ടികയിൽ പേരു കേട്ടിരുന്നെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എന്നുറപ്പിച്ചതോടെ മത്സരത്തിന്റെ മാനം അടിമുടി മാറി.എൻ.ഡി.എ പ്രചാരണം ശക്തമാക്കിയതോടെ മറ്റു പല വിഷയങ്ങൾക്കുമൊപ്പം ശബരിമലയും മുഖ്യ പ്രചാരണായുധമായി. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ കോട്ടങ്ങളും സമാസമം ചേർത്ത് ശബരിമലയുടെ മേമ്പൊടിയും കലർത്തിയാണ് ശോഭയുടെ പ്രചാരണം.സ്വീകരണ യോഗങ്ങളിലെ വനിതാ പ്രാതിനിദ്ധ്യവും ശ്രദ്ധേയം.
ആഴത്തിലിറങ്ങിയുള്ള ചിട്ടയായ പ്രവർത്തനമാണ് എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും മുഖമുദ്ര. അത്തരത്തിൽ ഒരു കാടിളക്കം യു.ഡി.എഫ് നടത്തുന്നില്ലെങ്കിലും അണികളിൽ നിന്ന് അണികളിലേക്ക് വിജയത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശമെത്തുന്നുണ്ട്.
ആറ്റിങ്ങൽ ഫാക്ടർ
അനുകൂലം-എൽ.ഡി.എഫ്: സിറ്റിംഗ് എം.പി.എന്ന നിലയിലെ സ്വാധീനം, നേരത്തേയുള്ള സ്ഥാനാർത്ഥി നിർണയം, പ്രചാരണത്തിലെ മേൽക്കൈ, ചിട്ടയായ പ്രവർത്തനം.
പ്രതികൂലം- പ്രഖ്യാപനങ്ങളിൽ പലതും നടക്കാതെ പോയത്, മണ്ഡലത്തിൽ എം.പി ഓഫീസ് ഇല്ലെന്ന കുറവ്, ശബരിമല വിഷയത്തിലെ സർക്കാർ നിലപാട്.
യു.ഡി.എഫ്: സംസ്ഥാന മന്ത്രി, എം.എൽ.എ എന്നീ നിലകളിൽ അടൂരിന്റെ പ്രവർത്തന പരിചയം, നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിലുണ്ടായ വ്യത്യാസം.
പ്രതികൂലം: സ്ഥാനാർത്ഥി എത്തുന്നതിലുണ്ടായ കാലതാമസം, ചില മേഖലകളിൽ സംഘടനാ സംവിധാനത്തിലെ പാളിച്ച
എൻ.ഡി.എ: അനുകൂലം- ശബരിമല വിഷയത്തിൽ നടത്തിയ ശക്തമായ ഇടപെടൽ, ശക്തമായ പ്രചാരണം, കേന്ദ്രത്തിൽ ഭരണം വന്നാൽ ലഭിച്ചേക്കാവുന്ന പരിഗണന.
പ്രതികൂലം: മുന്നണി സംവിധാനത്തിലെ നേരിയ പാളിച്ച. ചില മേഖലകളിൽ മതന്യൂനങ്ങളുടെ നിലപാട്.