വാഷിംഗ്ടൺ: അശ്ലീല സിനിമകളുടെ വൻ ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്കെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് നാൽപ്പതുകാരൻ കോടതിയെ സമീപിച്ചു. നാൽപ്പത്തേഴുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.
വിവാഹമോചനം നേടിയ ആളാണ് പരാതിക്കാരൻ. അശ്ലീല സിനിമകളുടെ കടുത്ത ആരാധകരനായിരുന്ന ഇയാൾ 2016ൽ ഭാര്യയുമായി വേർപിരിഞ്ഞു. അതോടെ മാതാപിതാക്കളാേടൊപ്പമായി താമസം. ഒരു വർഷം കഴിഞ്ഞപ്പോൾ പുതിയവീട്ടിലേക്ക് താമസം മാറി. തന്റെ സാധനങ്ങൾ പുതിയ വിലാസത്തിലേക്ക് അയച്ചുതരാൻ ഇയാൾ അച്ഛനോടും അമ്മയോടും ആവശ്യപ്പെട്ടു. അവർ അപ്രകാരം ചെയ്തു . എന്നാൽ 12 പെട്ടികളിലായി സൂക്ഷിച്ച സിനിമാ ശേഖരം മാത്രം അയച്ചുകൊടുത്തില്ല . ദിവസങ്ങൾ കാത്തിരുന്നെങ്കിലും ഇവമാത്രം കിട്ടിയില്ല. അതോടെ 12 പെട്ടികളെപ്പറ്റി അച്ഛനോടും അമ്മയോടും തിരക്കി. മകന്റെ നന്മയ്ക്ക് വേണ്ടി അവ നശിപ്പിച്ചുവെന്ന് പിതാവ് അറിയിച്ചു. ഇതോടെ അച്ഛനുമായി മുട്ടൻ കലിപ്പായി. അമ്മയും അച്ഛനെ അനുകൂലിച്ചതോടെ ഇരുവർക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ സിനികളുടെ ശേഖരമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നും ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത അവ നശിപ്പിച്ചതിന് നഷ്ടപരിഹാരം വേണമെന്നുമാണ് നാൽപ്പതുകാരന്റെ ആവശ്യം. സി.ഡികൾ നശിപ്പിച്ചത് താനാണെന്ന് ഇയാളുടെ അച്ഛൻ കോടതിയിൽ സമ്മതിച്ചു. മൂവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.