തിരുവനന്തപുരം: വിഷു ദിനത്തിൽ തിരുവനന്തപുരത്ത് ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് തലയ്ക്കും കാലിനും പരിക്കേറ്റു. തലയിൽ ഒമ്പത് തുന്നലിടേണ്ടിവന്ന തരൂർ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. എം.ആർ.ഐ സ്കാൻ അടക്കമുള്ളവയിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായില്ല.
എന്നാൽ ത്രാസ് വീഴാനിടയായത് പ്രവർത്തകരുടെ അമിതാവേശം കൊണ്ടാണെന്ന് ക്ഷേത്രം അധികൃതർ വിശദീകരിച്ചു. എന്നാൽ പൊട്ടിവീണ ത്രാസിന്റെ ദണ്ഡ് തരൂരിന്റെ ശരീരത്ത് വീണില്ലെന്നും ഹോമകുണ്ഡത്തിൽ ഇടിച്ചാണ് തലയ്ക്ക് പരിക്കേറ്റതെന്നും ക്ഷേത്രം അധികൃതർ വിശദീകരിച്ചു.
സംഭവം ഇങ്ങനെ:
15ന് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. എം.എൽ.എമാരായ വി.എസ്.ശിവകുമാർ, എം.വിൻസന്റ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർക്കൊപ്പം 10.30 ഓടെ തരൂർ തുലാഭാരത്തിനായി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തുലാഭാരത്തിനായി തരൂർ ത്രാസിലിരുന്നു. സാധാരണ ക്ഷേത്രഭാരവാഹികൾ തന്നെയാണ് തുലാഭാരം നടത്തുന്നത്. എന്നാൽ, തരൂരിനൊപ്പമുണ്ടായിരുന്നവർ തങ്ങൾ തന്നെ തുലാഭാരം നടത്തിക്കോളാമെന്നു പറഞ്ഞ് ഭാരവാഹികളെ ഒഴിവാക്കി. തുടർന്ന് 25 കിലോ വീതമുള്ള പഞ്ചസാര ചാക്കുകൾ ഒന്നൊന്നായി പ്രവർത്തകർ ത്രാസിലേക്ക് വച്ചു. സാധാരണ തുലാഭാര ദ്രവ്യം ഇത്തരത്തിൽ വയ്ക്കാറില്ല. ത്രാസിന്റെ ഭാരം ക്രമീകരിക്കാനായി രണ്ട് തട്ടുകൾക്കും അടിയിൽ തടിയിലുള്ള സ്‌റ്റൂളുകൾ വയ്ക്കാറുണ്ട്. വ്യക്തി ഇരിക്കുന്ന ത്രാസിനടിയിലെ സ്റ്റൂൾ സ്ഥിരമായി നിലനിറുത്തുമ്പോൾ ദ്രവ്യം വയ്ക്കുന്ന ത്രാസ് ചെറുതായി നീക്കിക്കൊടുക്കും. വ്യക്തി ഇരിക്കുന്ന തട്ട് ഉയരുന്നതിന് വേണ്ടിയാണിത്. എന്നാൽ, പഞ്ചസാര തട്ടിനടിയിൽ വച്ച സ്റ്റൂൾ ഒപ്പമുണ്ടായിരുന്നവർ നീക്കുന്നതിന് പകരം എടുത്തുമാറ്റി. ഇതോടെ ഭാരം ക്രമീകരിക്കാൻ കഴിയാതായി. തുലാഭാരം കഴിഞ്ഞാൽ പൂജാരി നൽകുന്ന ദീപം തൊഴുത് വ്യക്തി എഴുന്നേൽക്കും. ഇതിനായി തരൂർ കാത്തിരിക്കുന്നതിനിടെ പ്രവർത്തകർ ചങ്ങലയിൽ പിടിച്ച് ഇരുതട്ടുകളും ശക്തമായി അങ്ങോട്ടും ഇങ്ങോട്ടും കുലുക്കി. ത്രാസ് ഒന്നോടെ ശക്തമായി കുലുങ്ങിയതോടെ മേൽക്കൂരയിലെ കൊളുത്ത് അകലുകയും ത്രാസ് പൊട്ടി ദണ്ഡ് വീഴുകയുമായിരുന്നു. തലയിൽ നിന്ന് ചോര വാർന്ന തരൂരിനെ ഉടൻ തന്നെ നേതാക്കൾ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
ക്ഷേത്രഭാരവാഹികൾ പറയുന്നത്
തുലാഭാരത്തിനിടെ ത്രാസ് പൊട്ടി ശശി തരൂരിന് പരിക്കേറ്റത് കോൺഗ്രസ് പ്രവർത്തകരുടെ അശ്രദ്ധയും പരിചയക്കുറവും അമിതാവേശവും മൂലമാണെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. തുലാഭാര സമയത്ത് ഇരുപതോളം പ്രവർത്തകർ തരൂരിനൊപ്പമുണ്ടായിരുന്നു. ധൃതി കൂട്ടരുതെന്നും ശാന്തമായും സമാധാനമായും തുലാഭാരം നടത്താൻ അനുവദിക്കണമെന്നും പ്രവർത്തകരോട് പലവട്ടം പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് സെക്രട്ടറി ആർ.പി.നായർ പറഞ്ഞു. ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ എടുത്തുമാറ്റിയപ്പോഴാണ് കൊളുത്ത് അകന്ന് ത്രാസ് വീണതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് നിറുത്തിവച്ച തുലാഭാരം അടുത്തമാസം മാത്രമേ പുനരാരംഭിക്കുകയുള്ളൂ.