''ഓ. നന്ദി പ്രജീഷ്..." സന്തോഷത്തോടെ ചന്ദ്രകല പറഞ്ഞു. ''എപ്പഴാ സൂസൻ ഇങ്ങോട്ടു വരുന്നത്?"
''രണ്ടുദിവസത്തിനുള്ളിൽ..."
''ഓക്കെ." ചന്ദ്രകല ഫോൺ കട്ടുചെയ്തു. പിന്നെ വേഷം മാറി.
തുടർന്ന് പോയി കാറിൽ വച്ചിരുന്ന ഒരു പ്ളാസ്റ്റിക് ക്യാരിബാഗ് എടുത്തു.
നിലമ്പൂരിൽ നിന്ന് അവൾ മട്ടൻ ബിരിയാണിയും സ്‌പ്രിന്റ് കോളയും വാങ്ങിയിരുന്നു.
യാതൊരു തിടുക്കവും കൂടാതെ അവൾ ഡൈനിങ് ടേബിളിൽ വച്ച് പൊതിയഴിച്ചു. സാവാധാനം കഴിക്കാനും ഇടയ്ക്കിടെ കോള കുടിക്കാനും തുടങ്ങി.
സമയം സന്ധ്യ.
ടിവി കാണാൻ ഭാവിക്കുകയായിരുന്നു ചന്ദ്രകല.
പെട്ടെന്നാണ് പാഞ്ചാലിയെ പൂട്ടിയിട്ടിരുന്ന വാതിലിൽ ശക്തമായി മുട്ടുന്നതു കേട്ടത്.
''നാശം."
കടപ്പല്ലു ഞെരിച്ചുകൊണ്ട് ചന്ദ്രകല ചെന്ന് വാതിൽ തുറന്നു.
''എന്താടീ?"
അസ്വസ്ഥയായി മുന്നിൽ നിൽക്കുന്ന പാഞ്ചാലിയെ കണ്ട് അവൾ രോഷത്തോടെ തിരക്കി.
''എനിക്ക്.. ബാത്ത്‌റൂമിൽ പോകണം."
ചന്ദ്രകല ഒരു നിമിഷം അവളെ നോക്കി നിന്നു.
താൻ മുറിയിൽ പൂട്ടിയിട്ടാൽ ഇതിനുള്ളിൽ ഇവൾ വൃത്തികേടുണ്ടാക്കും. അസഹ്യമായ നാറ്റമാകും. അത് പാടില്ല.
''ഉം. വേഗം പൊയ്‌ക്കോ."
ചന്ദ്രകല കൽപ്പിച്ചു.
വയറ്റത്ത് കൈ അമർത്തിപ്പിടിച്ചുകൊണ്ട് പാഞ്ചാലി ബാത്ത്റൂമിലേക്ക് ഓടി.
എട്ടുകെട്ട് ആയതിനാൽ ഉള്ളിൽ ബാത്ത്‌റൂം ഉണ്ടായിരുന്നില്ല. പിന്നെ ചന്ദ്രകലയുടെ മുറിക്കു മാത്രം രണ്ടാമത് അറ്റാച്ച്‌ഡ് ബാത്ത്‌റൂം ഉണ്ടാക്കിയിട്ടുണ്ട് എന്നു മാത്രം.
ചന്ദ്രകല വീണ്ടും ടിവി കാണാനിരുന്നു.
ബാത്ത് റൂമിൽ പോയിട്ട് തിരികെ വന്ന പാഞ്ചാലി, കിച്ചണിലെ ഓരോ പാത്രവും ഉയർത്തി നോക്കി.
എല്ലാം ശൂന്യം.
എന്തെങ്കിലും ഉണ്ടാക്കിക്കഴിച്ചാലോ?
അവൾ കബോഡുകൾ തുറക്കാൻ നോക്കി. കഴിയുന്നില്ല. മമ്മി എല്ലാം ലോക്കു ചെയ്തിരിക്കുകയാണെന്നു മനസ്സിലായി.
സ്റ്റോർ റൂമിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു..
വിശപ്പും ദാഹവും കൊണ്ട് അവൾ വല്ലാതെ തളർന്നു. ഫ്രിഡ്ജ് തുറന്നുനോക്കി.
അതിനുള്ളിൽ സാധാരണ ഫ്രൂട്‌സ് കാണുന്നതാണ്. ഇപ്പോൾ അതുമില്ല!
അവസാനം ഒരു കുപ്പി വെള്ളമെടുത്ത് അവൾ ഗ്ളാസിൽ പകർന്ന് ആർത്തിയോടെ കുടിച്ചു.
ശേഷം വീണ്ടും തന്റെ മുറിയിലേക്കു പോയി.
പുറത്തേക്കുള്ള ജനാല തുറന്നിട്ട് അവൾ അതിനരുകിൽ അല്പനേരം ഇരുന്നു.
പ്രകൃതിയിൽ നേരിയ തോതിൽ ഇരുട്ടു വ്യാപിക്കുന്നതു കണ്ടു.
സങ്കടം അടക്കാനായില്ല പാഞ്ചാലിക്ക്. മമ്മി തന്നെ പട്ടിണിക്കിട്ട് കൊല്ലും എന്ന് അവൾക്കു തോന്നി.
രാത്രിക്കു കട്ടിയേറി.
മുറ്റത്ത് ഒരു ഓട്ടോ വന്നുനിന്നു. അതിന്റെ ഡ്രൈവർ ഇറങ്ങി ഒരു പായ്ക്കറ്റുമായി നീളൻ വരാന്തയിലേക്കു കയറി.
അവിടെ തൂങ്ങിക്കിടന്നിരുന്ന ഒരു ചങ്ങലയിൽ പിടിച്ചുവലിച്ചു.
അകത്ത് മണി മുഴങ്ങി.
ചന്ദ്രകല പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്കു പോയി.
പാഞ്ചാലി തന്റെ മുറിയിൽ ലൈറ്റ് ഇട്ടിരുന്നില്ല.
അവൾ ഇരുട്ടിൽ വാതിൽക്കലേക്കു മാറിനിന്നു ശ്രദ്ധിച്ചു.
ഒരു പ്ളാസ്റ്റിക് കവറുമായി ചന്ദ്രകല തിരിച്ചു വരുന്നതു കണ്ടു.
അതുമായി അവൾ നേരെ ഡൈനിങ് ടേബിളിന് അരുകിലേക്കു പോയി. അതിനിടെ തിരിഞ്ഞ് പാഞ്ചാലിയുടെ മുറിയുടെ ഭാഗത്തേക്ക് ഒന്നു നോക്കി.
ഇരുളായതിനാൽ അവളെ കണ്ടില്ല.
ചന്ദ്രകല ഡൈനിങ് ടേബിളിൽ പൊതിയഴിച്ചു.
ചപ്പാത്തിയും ചൂട് ചിക്കൻ ഫ്രൈയും ഗ്രേവിയും.
അവൾ കഴിച്ചു തുടങ്ങി. പക്ഷേ ചിക്കൻ ഫ്രൈയുടെ ഗന്ധം പാഞ്ചാലിയുടെ മുറി വരെയെത്തി.
അവൾക്കു നാവിൽ വെള്ളമൂറി. അതോടെ മറന്നു കിടന്നിരുന്ന വിശപ്പ് പൂർണ്ണ ശക്തിയോടെ അവളെ ആക്രമിക്കാൻ തുടങ്ങി.
ഇനി പിടിച്ചുനിൽക്കാൻ വയ്യ. പാഞ്ചാലിക്കു മനസ്സിലായി.
രണ്ടും കൽപ്പിച്ച് അവൾ മുറിയിൽ നിന്നിറങ്ങി.
പിന്നിൽ പാദപതന ശബ്ദം കേട്ട് ചന്ദ്രകല തിരിഞ്ഞുനോക്കി. പാഞ്ചാലിയെ കണ്ടതും മുഖം ചുളിഞ്ഞു.
''എന്താടീ?"
''എനിക്ക് വിശക്കുന്നു മമ്മീ.."
''അതിന് ഞാനെന്തു വേണം? പിന്നെ... നീ എന്നെ മമ്മിയെന്ന് ഒന്നും വിളിക്കണ്ടാ. ഞാൻ നിന്റെ മമ്മി അല്ലെന്നല്ലേ ആ തെണ്ടി സുധാമണി പറഞ്ഞത്?"
പാഞ്ചാലി മിണ്ടിയില്ല. അവളുടെ നോട്ടം ചപ്പാത്തിയിലും ചിക്കൻ ഫ്രൈയിലും ആയിരുന്നു.
ചന്ദ്രകല അത് കണ്ടു.
''നാശം. കഴിക്കാനും സമ്മതിക്കത്തില്ല. കൊതി പിടിപ്പിക്കാൻ നിൽക്കുന്നു..."
ചന്ദ്രകല പെട്ടെന്ന് എഴുന്നേറ്റു. ശേഷം ചപ്പാത്തിയും ചിക്കനും അടങ്ങിയ കവർ വാരിച്ചുറ്റി.
പാഞ്ചാലി നോക്കി നിൽക്കെ അവൾ അത് വെയിസ്റ്റ് ബോക്സിൽ പോലും ഇടാതെ അടുക്കള വാതിൽക്കൽ നിന്ന് വടക്കുപുറത്തെ പറമ്പിലേക്ക് വലിച്ചൊരേറു കൊടുത്തു.
തന്റെ ഹൃദയം വിണ്ടുകീറി ചോര കിനിയുന്നതു പോലെ തോന്നി പാഞ്ചാലിക്ക്.
അല്പനേരം അവൾ ചന്ദ്രകലയെ നോക്കിനിന്നു.
''എന്താടീ നോക്കുന്നത്? കണ്ണുകുത്തിപ്പൊട്ടിക്കും ഞാൻ...." ചന്ദ്രകല കൈ ചൂണ്ടി.
വിഷമത്തോടും ദേഷ്യത്തോടും പാഞ്ചാലി വെട്ടിത്തിരിഞ്ഞു നടന്നു...
(തുടരും)