sun

തിരുവനന്തപുരം : അനുദിനം കൂടിവരുന്ന തിരഞ്ഞെടുപ്പ് ചൂടിനൊപ്പം അന്തരീക്ഷ മാപിനിയിലും ചൂടിന്റെ അളവ് ഉയരുകയാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുമായാണ് സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് സജീവമായിട്ടുള്ളത് . ദാഹമകറ്റാനും ക്ഷീണത്തെ മറികടക്കാനുമായി കരിക്കിൻ വെള്ളമാണ് സ്ഥാനാർത്ഥികളുടെ ഇപ്പോഴത്തെ 'ജീവൻടോൺ ". ഇതിനായി വാഹനത്തിൽ സൂക്ഷിച്ച കരിക്കുകളുമായി സ്ഥാനാർത്ഥിക്കൊപ്പം സഹായികൾ സദാസമയവും കൂടെയുണ്ട്.

പൂവും റിബണും ഹാരവുമൊക്കെയായിരുന്നു തുടക്കത്തിൽ സ്ഥാനാർത്ഥികൾക്ക് സ്വീകരണത്തിന് നൽകിയിരുന്നത്. എന്നാലിപ്പോൾ മുന്തിരിയും മാതളവും ഓറഞ്ചുമൊക്കെ അടങ്ങുന്ന പഴക്കൂടയാണ് സമ്മാനമായി പ്രവർത്തകർ നൽകുന്നത്. സ്ഥാനാർത്ഥികൾ മാത്രമല്ല, പ്രവർത്തകർക്കും ഉള്ളിൽ കുളിര് സമ്മാനിക്കുകയാണ് ഇത്തരം സമ്മാനങ്ങൾ . വലിയ വാഴക്കുലകളും ചിലയിടങ്ങളിൽ സമ്മാനമായി നൽകുന്നുണ്ട്. പ്രചാരണ വാഹനങ്ങൾക്കൊപ്പം എത്തുന്നവർക്ക് സംഭാരവും തണുത്ത വെള്ളവുമെല്ലാം കരുതിയാണ് സ്വീകരണ പോയിന്റുകളിൽ പ്രവർത്തകർ കാത്തിരിക്കുന്നത്.

കൊടുംചൂടിൽ പ്രചാരണം നടത്തുന്ന സ്ഥാനാർത്ഥികൾ പ്രചാരണ വാഹനത്തിൽ കൂളറും ഫാനും ഒക്കെ തയ്യാറാക്കിയാണ് സഞ്ചരിക്കുന്നത്. വെയിലേൽക്കാതിരിക്കാൻ മേൽക്കൂര പണിത വാഹനങ്ങൾ മാത്രമേ ഇപ്പോൾ സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്നുള്ളൂ. 'വെറ്റ് ടിഷ്യൂ' ഉപയോഗിച്ച് ഇടയ്ക്കിടെ മുഖം വൃത്തിയാക്കിയാണ് സ്ഥാനാർത്ഥികൾ ചൂടിനെ പ്രതിരോധിക്കുന്നത്. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന പര്യടനം 11 മണിയോടെ അവസാനിപ്പിക്കാനാണ് നീക്കമെങ്കിലും ചിലപ്പോൾ ഒരു മണിവരെ നീളാറുണ്ടെന്നും നിശ്ചിത സമയത്തിനിടയിൽ പ്രചാരണം അവസാനിപ്പിക്കേണ്ടതിനാൽ വെയിലിനെ പ്രതിരോധിക്കാനുള്ള മാർഗം തേടാതെ തരമില്ലെന്നുമാണ് ഇലക്ഷൻ മാനേജർമാരുടെ പക്ഷം.